
സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്ഷികം ആഘോഷിക്കുന്ന ഇന്ത്യക്കാർക്ക് സമ്മാനമായി ഒലയുടെ ഇലക്ട്രിക് സ്കൂട്ടര് വിപണിയില് അവതരിപ്പിച്ചു. ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളില് എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. കാഴ്ചയില് ഒരുപോലെ ഇരിക്കുന്ന ഈ സ്കൂട്ടറുകള്ക്ക് ഫീച്ചറുകള്, റേഞ്ച്, റൈഡിങ്ങ് മോഡുകള് എന്നിവയില് വ്യത്യാസമുണ്ട്.
എസ്-1 പ്രോയാണ് ഒല സ്കൂട്ടര് നിരയിലെ ഉയര്ന്ന വകഭേദം. അടിസ്ഥാന വേരിയന്റില് നിന്ന് വ്യത്യസ്തമായി വോയിസ് കണ്ട്രോള്, ഹില് ഹോര്ഡ്, ക്രൂയിസ് കണ്ട്രോള് തുടങ്ങിയ ഫീച്ചറുകളാണ് എസ്-1 പ്രോയില് നല്കിയിട്ടുള്ളത്. 90 കിലോമീറ്റര് പരമാവധി വേഗത എടുക്കാന് കഴിയുന്ന എസ്-1 വേരിന്റിന് 121 കിലോമീറ്റര് റേഞ്ചും 115 കിലോമീറ്റര് പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര് റേഞ്ചുമാണുള്ളത്.
8.5 കിലോവാട്ട് പവറും 58 എന്.എം. ടോര്ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്, എസ്1-ല് 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില് 3.97 kWh ബാറ്ററി പാക്കുമാണ് നല്കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില് 40 കിലോമീറ്റര് വേഗത കൈവരിക്കുമ്പോള് എസ്-1, 3.6 സെക്കന്റില് പൂജ്യത്തില് നിന്ന് 40 കിലോമീറ്റര് വേഗത കൈവരിക്കുമെന്നാണ് നിര്മാതാക്കള് അവകാശപ്പെടുന്നത്.
ഫാസ്റ്റ് ചാര്ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില് 75 കിലോമീറ്റര് സഞ്ചരിക്കാനുള്ള ചാര്ജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാര്ജര് ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില് 100 ശതമാനം ചാര്ജ് ചെയ്യാന് സാധിക്കും. അതേസമയം, എസ്-1 പ്രോ പൂര്ണമായും ചാര്ജ് നിറയാന് 6.30 മണിക്കൂറാണ് എടുക്കുന്നത്.
ഒല ഇലക്ട്രിക് സ്കൂട്ടറിലെ അടിസ്ഥാന വകഭേദമായ എസ്-1 അഞ്ച് നിറങ്ങളില് വിപണിയില് എത്തുമ്പോള് ഉയര്ന്ന വകഭേദമായ എസ്-1 പ്രോ പത്ത് നിറങ്ങളില് എത്തുന്നുണ്ട്. ഒക്ടാ-കോര് പ്രോസസര്, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാര്ട്ട് വെഹിക്കിള് കണ്ട്രോള് യൂണിറ്റ് ഈ സ്കൂട്ടറില് നല്കിയിട്ടുണ്ട്. റിവേഴ്സ് പാര്ക്ക് അസിസ്റ്റന്സ്, ക്രൂയിസ് കണ്ട്രോള് എന്നിവയും ഇതില് നല്കിയിട്ടുണ്ട്.
സ്കൂട്ടര് ശ്രേണിയിലെ ഏറ്റവും ഉയര്ന്ന സ്റ്റോറേജ് സ്പേസാണ് ഇതിലുള്ളത്. 36 ലിറ്ററാണ് ഈ സ്കൂട്ടറിലെ ബൂട്ട് സ്പേസ്. ടൂബുലാര് സ്റ്റീല് ഫ്രെയിമില് ഒരുങ്ങിയിട്ടുള്ള ഒല ഇലക്ട്രിക് സ്കൂട്ടറിന് 12 ഇഞ്ച് അലുമിനിയം അലോയി വീലുകളാണ് നല്കിയിട്ടുള്ളത്. കോംബി ബ്രേക്ക് സംവിധാനത്തിനൊപ്പം മുന്നില് 220 എം.എം. ഡിസ്കും പിന്നില് 180 എം.എം. ഡിസ്കും ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ സുരക്ഷ കാര്യക്ഷമമാക്കും.
Content Highlights: Ola Electric Scooter S1, S1 Pro Launched In India
Published: 15 Aug 2021, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented