ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിൽ ഒന്നായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്‌ഐ), ഉത്പാദനം വർധിപ്പിക്കുന്നതിനായി പുതിയ നിർമാണ പ്ലാന്റ് തുറന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ തപുകര പ്ലാന്റിലാണ് മൂന്നാമതായി പുതിയ പ്രൊഡക്ഷൻ ലൈൻ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വർധിച്ച് വരുന്ന ഇരുചക്ര വാഹനങ്ങളുടെ ഡിമാന്റ് കണക്കിലെടുത്താണ് പുതിയ പ്രൊഡക്ഷൻ ലൈൻ തുറന്നിരിക്കുന്നതെന്ന് ഹോണ്ട അറിയിച്ചു.

To advertise here,

പ്രതിവർഷം 6,70,000 യൂണിറ്റിന്റെ ഉത്പാദന ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. ഇത് കൂടി ചേരുന്നതോടെ ഈ പ്ലാന്റിന്റെ വാർഷിക ഉത്പാദന ശേഷം 2.01 മില്ല്യൺ ആയി ഉയരും. 2000 പുതിയ തൊഴിൽ അവസരങ്ങളാണ് ഈ പ്രൊഡക്ഷൻ ലൈനുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രദേശത്തിന്റെ ആകെ വികസനത്തിന് വഴിയൊരുക്കുന്നതാണ് ഹോണ്ടയുടെ പ്ലാന്റിൽ ഇപ്പോൾ നിർമിച്ചിരിക്കുന്ന പുതിയ പ്രൊഡക്ഷൻ ലൈൻ അധികൃതർ അറിയിച്ചു.

ഹോണ്ട മോട്ടോർസൈക്കിളിന് ഇന്ത്യയിൽ ഉടനീളം നാല് പ്ലാന്റുകളാണ് പ്രവർത്തിക്കുന്നത്. ഈ പ്ലാന്റുകളിൽ നിന്നെല്ലാമായി പ്രതിവർഷം 6.25 മില്ല്യൺ ഇരുചക്ര വാഹനങ്ങളുടെ നിർമാണ ശേഷിയാണ് ഉള്ളത്. 2001-ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഹോണ്ട ഇതുവരെ 70 മില്ല്യൺ യൂണിറ്റ് വാഹനങ്ങളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2028-ൽ പ്രവർത്തനം ആരംഭിക്കാനിരുന്ന പ്രൊഡക്ഷൻ ലൈനാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ വിഠൽപുരിലുള്ള ഹോണ്ടയുടെ പ്ലാന്റിൽ നാലാമത്തെ പ്രൊഡക്ഷൻ ലൈൻ നിർമിക്കുമെന്ന് 2025-ൽ എച്ച്എംഎസ്‌ഐ പ്രഖ്യാപിച്ചിരുന്നു. 2027 പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുതിയ പ്രൊഡക്ഷൻ ലൈനിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇത് കൂടി പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഹോണ്ട ഇരുചക്ര വാഹനങ്ങളുടെ ഉത്പാദനം വലിയ തോതിൽ വർധിക്കുമെന്നാണ് വിലയിരുത്തലുകൾ.

ലോകത്തര കമ്പനികളുടെ ഇഷ്ടകേന്ദ്രമായി രാജസ്ഥാൻ മാറുകയാണെന്നും അതിൽ വളരെയേറെ സന്തോഷമുണ്ടെന്നുമാണ് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അറിയിച്ചിരിക്കുന്നത്. തപുകരയിലെ ഹോണ്ടയുടെ പ്ലാന്റിൽ നടത്തിയിട്ടുള്ള വിപുലീകരണം അതിന്റെ തെളിവാണ്. ഈ മേഖലയിൽ ഹോണ്ട നടത്തുന്ന നിക്ഷേപങ്ങളിലൂടെ നിർമാണ ശേഷി വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ഈ മേഖലയിലെ ഓട്ടോമൊബൈൽ മേഖലയ്ക്ക് വളർച്ചയും നൽകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.