പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിച്ച് ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ട. സിബി 750 ഹോർനെറ്റ്, ഫ്ലാഗ്ഷിപ്പ് മോഡലായ സിബി 1000 ഹോർനെറ്റ് എസ്പി എന്നീ പടക്കുതിരകളെയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ എത്തിച്ചിരിക്കുന്നത്. ഇരു മോഡലുകൾക്കുമുള്ള ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. 2025 ജൂണിൽ ഡെലിവറി തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.
മസ്കുലർ സ്ട്രീറ്റ്ഫൈറ്റർ ഡിസൈൻ രീതിയിലാണ് രണ്ട് മോട്ടോർസൈക്കിളുകളും നിർമിച്ചിരിക്കുന്നത്. ഷാർപ്പായ ബോഡി ഡിസൈൻ, പൂർണ എൽഇഡി ലൈറ്റിങ്ങ് എന്നിവ ഇതിന്റെ സവിശേഷതയാണ്. മാറ്റ് പേൾ ഗ്ലെയർ വൈറ്റ്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് എന്നീ നിറങ്ങളിൽ സിബി750 ഹോർനെറ്റ് ലഭ്യമാണ്. അതേസമയം, ഗോൾഡ് ആക്‌സന്റുകളുള്ള മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്ക് നിറത്തിലാണ് സിബി 1000 ഹോർനെറ്റ് എസ്പി സ്വന്തമാക്കാനാവുക.
755 സിസി ഇൻലൈൻ 2-സിലിണ്ടർ എൻജിനാണ് സിബി 750 ഹോർനെറ്റിന്റെ ഹൃദയം. ഇത് 91.7 ബിഎച്ച്പി കരുത്തും 75 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 999 സിസി ഇൻലൈൻ ഫോർ-സിലിണ്ടർ എൻജിനാണ് സിബി1000 ഹോർനെറ്റ് എസ്പിക്കുള്ളത്. ഇത് 157 ബിഎച്ച്പി കരുത്തും 107 എൻഎം ടോർക്കും പുറപ്പെടുവിക്കും. രണ്ട് മോഡലുകളിലും അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. സ്പോർട്ട്, സ്റ്റാൻഡേർഡ്, റെയിൻ, യൂസർ എന്നിങ്ങനെ നാല് റൈഡിങ്ങ് മോഡുകൾ സിബി 750 ഹോർനെറ്റിലുണ്ട്. അതേസമയം സിബി1000 ഹോർനെറ്റ് എസ്പിക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന അഞ്ചാമാതായൊരു മോഡും ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും കൂട്ടിച്ചേർത്തിരിക്കുന്നു.

രണ്ടിലും അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ ലഭിക്കുന്നു. ഇതിൽ ബ്ലൂടൂത്ത് വഴി നാവിഗേഷൻ, കോളുകൾ, മ്യൂസിക് നിയന്ത്രണം എന്നിവ സാധ്യാമാകും. ഇവ ഉപയോഗിക്കാൻ ഹോണ്ട റോഡ്‌സിങ്ക് ആപ്പ് കണക്റ്റിവിറ്റിയോടൊപ്പം മൾട്ടി-ഫങ്ഷണൽ സ്വിച്ചും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹോണ്ട സെലക്റ്റബിൾ ടോർക്ക് കൺട്രോൾ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയും ഉണ്ട്.
സിബി750 ഹോർനെറ്റിന് 8,59,500 രൂപയാണ് (എക്സ്-ഷോറൂം) വില. സിബി750 ഹോർനെറ്റ് എല്ലാ ബിഗ്‌വിങ്ങ് ടോപ്‌ലൈൻ, ബിഗ്‌വിങ്ങ് ഡീലർഷിപ്പുകളിലും ലഭ്യമാകും. എന്നാൽ സിബി1000 ഹോർനെറ്റ് എസ്പി ബിഗ്‌വിങ്ങ് ടോപ്‌ലൈൻ ഔട്ട്‌ലെറ്റുകളിൽ മാത്രമായിരിക്കും ലഭിക്കുക. 12,35,900 രൂപയാണ് (എക്സ്-ഷോറൂം) വില.
Content Highlights: Honda CB750 Hornet, CB1000 Hornet SP launched India
Published: 23 May 2025, 07:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented