ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് വ്യക്തമായ പങ്കുവഹിച്ചിട്ടുള്ള മോഡലാണ് ആക്ടീവ.

ഹോണ്ട ആക്ടീവ | Photo: Honda 2Wheelers
ഇന്ത്യക്കാരെ സംബന്ധിച്ച് സ്‌കൂട്ടര്‍ എന്നാല്‍ അത് ഇപ്പോഴും ഹോണ്ട ആക്ടീവയാണ്. സ്‌കൂട്ടറിന്റെ പര്യായമായി പോലും വിശേഷിപ്പിക്കപ്പെടുന്ന ഈ ഇരുചക്ര വാഹനം ഇന്ത്യയില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 35 മില്ല്യണ്‍ ആക്ടീവയാണ് ഹോണ്ട വിറ്റഴിച്ചിരിക്കുന്നത്. അതായത് 3.5 കോടി ആക്ടീവകള്‍ ഇതിനോടകം ഇന്ത്യയില്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ആക്ടീവ 110, ആക്ടീവ 125, ആക്ടീവ-ഐ എന്നീ മൂന്ന് സ്‌കൂട്ടറുകളും ചേര്‍ന്നാണ് ഹോണ്ടയ്ക്ക് ഈ അപൂര്‍വ്വ നേട്ടം സമ്മാനിച്ചിരിക്കുന്നത്. 2001-ല്‍ ഇന്ത്യയില്‍ എത്തിയ ആക്ടീവ 24 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മെട്രോ നഗരങ്ങള്‍ മുതല്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുള്ള സ്‌കൂട്ടര്‍ എന്ന ഖ്യാതിയും ഹോണ്ട ആക്ടീവയ്ക്ക് നന്നായി ഇണങ്ങും. എല്ലാ പ്രായത്തിലുമുള്ള ഉപയോക്താക്കളെ ആകര്‍ഷിക്കാനായതാണ് ആക്ടീവയുടെ നേട്ടമായി ഹോണ്ട അവകാശപ്പെടുന്നത്.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് വ്യക്തമായ പങ്കുവഹിച്ചിട്ടുള്ള മോഡലാണ് ആക്ടീവ. 2001-ല്‍ ഇന്ത്യയില്‍ എത്തിയ ആക്ടീവ 2015-ലാണ് ഒരുകോടി യൂണിറ്റിന്റെ വില്‍പ്പന നേട്ടം കൈവരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടിയിലേക്ക് ആക്ടീവയുടെ വില്‍പ്പന വളര്‍ത്താന്‍ ഹോണ്ടയ്ക്ക് സാധിച്ചു. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് 3.5 കോടിയിലേക്കും എത്തുകയായിരുന്നു. ഹോണ്ടയുടെ സ്‌കൂട്ടര്‍ നിരയില്‍ വേറെ മോഡലുകളും ഉണ്ടെങ്കിലും ആക്ടീവയ്ക്ക് സമാനമായ നേട്ടം മറ്റുള്ളവയ്ക്ക് അവകാശപ്പെടാനില്ല.
കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തിയതും അനിവാര്യമായ സാങ്കേതികവിദ്യകള്‍ നല്‍കിയതുമാണ് ആക്ടീവയെ ഇന്നും പ്രസക്തമാക്കുന്നതെന്നാണ് ഹോണ്ടയുടെ നിരീക്ഷണം. ആക്ടീവയുടെ ഇലക്ട്രിക് പതിപ്പായ ആക്ടീവ.ഇ ആണ് ഏറ്റവും ഒടുവില്‍ വരുത്തിയ അപ്‌ഡേറ്റ്. ഇന്ത്യന്‍ ഉപയോക്താക്കള്‍ ഉയര്‍ന്ന പ്രാധാന്യം നല്‍കുന്ന ഘടകങ്ങളായ ഉയര്‍ന്ന മൈലേജ്, മികച്ച സ്റ്റോറേജ് സ്‌പേസ്, കൂടിയ റീസെയില്‍ വാല്യൂ എന്നിവയെല്ലാം ആക്ടീവയുടെ ജനപ്രീതി വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.
ഹോണ്ട ആക്ടീവ 110 ആണ് ഈ നിരയിലെ കുഞ്ഞന്‍. 109.51 സിസി എന്‍ജിനാണ് ഈ സ്‌കൂട്ടറിന്റെ ഹൃദയം. ഇത് 7.73 ബിഎച്ച്പി പവറും 8.9 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. 59.5 കിലോമീറ്ററാണ് ഈ മോഡല്‍ നല്‍കുന്ന മൈലേജ്. 123.92 സിസിയിലുള്ള എന്‍ജിനാണ് ആക്ടീവ 125 മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 8.3 ബിഎച്ച്പി പവറും 10.15 എന്‍എം ടോര്‍ക്കുമേകും. 51.23 കിലോമീറ്ററാണ് ഈ മോഡല്‍ ഉറപ്പാക്കുന്ന ഇന്ധനക്ഷമത. മൂന്ന് കിലോവാട്ട് ബാറ്ററി പാക്കുമായി എത്തിയിട്ടുള്ള ആക്ടീവ ഇലക്ട്രിക് 102 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്.
Content Highlights: Discover why Honda Activa remains India`s favorite scooter, selling over 3.5 crore units. Explore its features, mileage, and enduring popularity.
Published: 29 Oct 2025, 09:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented