ഫെബ്രുവരിയിലെ വിൽപന കണക്കുകൾ പുറത്തുവിട്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. 4,22,449 യൂണിറ്റുകളാണ് 2025 ഫെബ്രുവരി മാസം കമ്പനിയുടെ മൊത്ത വിൽപന. എന്നാൽ 2024 ഫെബ്രുവരിയിൽ ഇത് 4,58,711 ആയിരുന്നു. 7.91ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. 

To advertise here,

ആഭ്യന്തര വിപണിയിലെ വിൽപന മാത്രമെടുത്താൽ 7.26 ശതമാനത്തിന്റെ കുറവും കയറ്റുമതി കണക്കെടുത്താൽ 13.89 ശതമാനത്തിന്റെ കുറവുമാണിത്. വിൽപനയിൽ ഇടിവ് സംഭവിച്ചെങ്കിലും പ്രധാന എതിരാളികളായ ഹീറോ മോട്ടോ കോർപ്പിനെ ഹോണ്ട ഫെബ്രുവരിയിൽ മറികടന്നു എന്നതാണ് ശ്രദ്ധേയം. ആഭ്യന്തര വിപണിയിൽ 3,83,918 യൂണിറ്റുകളും കയറ്റുമതിയായി 38,531 യൂണിറ്റുകളുമാണ് ഹോണ്ട വിറ്റഴിച്ചത്. ഫെബ്രുവരിയിലെ വിൽപനയിൽ ഹീറോയ്ക്കുണ്ടായതാകട്ടെ 20 ശതമാനത്തിന്റെ ഇടിവും.

അതേസമയം, 2025 ജനുവരിയിലെ 4,02,977 യൂണിറ്റുകളുടെ വിൽപനയിൽനിന്ന് ഫെബ്രുവരിയിലെ 3,83,918 എന്നതിലേക്കെത്തുമ്പോൾ 4.73 ശതമാനത്തിന്റെ ഇടിവ് ഹോണ്ടയ്ക്ക് സംഭവിച്ചിട്ടുണ്ട്. ജനുവരിയിൽ 41,870 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിരുന്നതെങ്കിൽ ഫെബ്രുവരിയിൽ ഇത് 38,531 ആയി കുറഞ്ഞു. 7.97 ശതമാനത്തിന്റെ ഇടിവ്. 
 
അതേസമയം, ഈ വർഷം ആരംഭിച്ചതു മുതൽ ഹീറോയ്ക്ക് വലിയ വെല്ലുവിളിയാണ് ഹോണ്ട ഉയർത്തുന്നത്. ആഭ്യന്തര വിൽപനയിൽ മികച്ച പ്രകടനം ഹീറോ കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും കയറ്റുമതി കണക്കിൽ ഹോണ്ടയെ മറികടക്കാൻ കഴിഞ്ഞില്ല.