ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയം പോര്‍ട്ട്‌ഫോളിയോയിലെ ശ്രദ്ധേയമായ മോഡലായ എക്‌സ്ട്രീം 200 എസിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. ഹീറോയുടെ എക്‌സ്-സെന്‍സ് സാങ്കേതികവിദ്യയ്‌ക്കൊപ്പം ബിഎസ്-6 എന്‍ജിനിലുമെത്തുന്ന ഈ ബൈക്കിന് 1.15 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

To advertise here,

ഹീറോയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായ എക്സ്ട്രീം 200 ആറിന്റെ ഫുള്ളി ഫെയേര്‍ഡ് പതിപ്പാണ് എക്‌സ്ട്രീ 200 എസ്. യുവത്വം തുളുമ്പുന്ന രൂപകല്‍പ്പനയാണ് ഈ ബൈക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ഫുള്‍ ഫെയറിങ്ങിനൊപ്പം എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ട്വിന്‍ ഹെഡ്‌ലാമ്പും ടെയില്‍ലാമ്പുമാണ് ഇതിലെ ഡിസൈന്‍ ഹൈലൈറ്റ്. 

കണക്ടഡ് ബൈക്ക് സംവിധാനത്തോടെയാണ് എക്‌സ്ട്രീം 200 എസ് എത്തുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഓട്ടോ സെയില്‍ ടെക്‌നോളജി, ഗിയര്‍ ഇന്റിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ ഈ ബൈക്കിന്റെ സാങ്കേതിക തികവ് തെളിയിക്കുന്നു. 

സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഏഴ് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. സുരക്ഷയ്ക്കായി മുന്നില്‍ 276 എം.എമും പിന്നില്‍ 220 എം.എമും ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസ് എസ്ട്രീം 200 എസില്‍ നല്‍കുന്നുണ്ട്.

ഹീറോയുടെ എക്‌സ്-സെന്‍സ് ടെക്‌നോളജിയുടെ അകമ്പടിയിലെത്തുന്ന ബിഎസ്-6 200 സിസി പ്രോഗ്രാമ്ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനാണ് എക്‌സ്ട്രീം 200 എസിന് കരുത്തേകുന്നത്. ഇത് 17.8 ബി.എച്ച്.പി പവറും 16.4 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഇതില്‍ ട്രാന്‍സ്മിഷന്‍.

Content Highlights: Hero Xtreme 200S Launched With BS-6 Engine