കൊട്ടിഗ്ഘോഷിച്ചെത്തിയയ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി നിരാശരായവരുടെ പല തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയില്‍ ഒലയുടെ എസ്1 ഇലക്ട്രിക് സ്‌കൂട്ടര്‍ കഴുതയെ ഉപയോഗിച്ച് കെട്ടിവലിച്ചാണ് പ്രതിഷേധിച്ചതെങ്കില്‍, തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം അല്‍പ്പം കൂടി കടുത്തതാണ്. തന്റെ സ്‌കൂട്ടര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചാണ് തമിഴ്‌നാട്ടിലെ ഉപയോക്താവ് പ്രതിഷേധം രേഖപ്പെടുത്തിയത്.

To advertise here,

വാഹനത്തിന്റെ ഉടമയായ തമിഴ്‌നാട്ട് സ്വദേശി ഡോ.പൃഥ്വിരാജാണ് വാഹനം അഗ്നിക്കിരയാക്കിയത്. കമ്പനി ഉറപ്പുനല്‍കിയ റേഞ്ച് ലഭിക്കാതിരിക്കുകയും പ്രകടനത്തില്‍ വലിയ കുറവുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് ഉടമ അസ്വസ്ഥനായിരുന്നെന്നാണ് റിപ്പോള്‍ട്ട്. മൂന്ന് മാസം മുമ്പാണ് അദ്ദേഹം ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറായ എസ്1 സ്വന്തമാക്കുന്നത്. എന്നാല്‍, ഉപയോഗിച്ച് തുടങ്ങിയതോടെ സ്‌കൂട്ടറില്‍ പലപ്പോഴായി പല തകരാറുകള്‍ കണ്ടെത്തുകയായിരുന്നു.

തകരാറിന്റെ വിവരം നിര്‍മാതാക്കളെ അറിയിച്ചപ്പോള്‍ അത് പരിശോധിക്കുകയും യാതൊരു പ്രശ്‌നവുമില്ലെന്ന് അറിയിക്കുകയുമായിരുന്നു. മൂന്ന് തവണ വാഹനത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയപ്പോഴും ഒല സപ്പോര്‍ട്ടിന്റെ പ്രതികരണം ഇതായിരുന്നെന്നാണ് സൂചന. ഒടുവില്‍ പ്രകോപിതനായ പൃഥ്വിരാജ് വാഹനത്തില്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഈ ദൃശ്യം കണ്ട് നിന്ന ആളുകളാണ് സ്‌കൂട്ടര്‍ കത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

കമ്പനി നിര്‍ദേശിച്ചിട്ടുള്ള സമയമെടുത്ത് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്തിട്ടും വെറും 44 കിലോമീറ്റര്‍ മാത്രമാണ് യാത്ര ചെയ്യാന്‍ സാധിച്ചതെന്നായിരുന്നു ഉടമയുടെ ഏറ്റവുമൊടുവിലെ പരാതി. ഈ ആഴ്ചയില്‍ തന്നെ അദ്ദേഹത്തിന്റെ സ്‌കൂട്ടറിനുണ്ടാകുന്ന രണ്ടാമത്തെ പ്രശ്‌നമായിരുന്നു ഇത്. തുടര്‍ച്ചയായി ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നും വാഹനത്തിന് തീയിടുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധത്തിലേക്ക് എത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ഇതാണ് വാഹനം കത്തിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍. 

ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സീറ്റ് ഉള്‍പ്പെടെയുള്ളത് തുറന്ന ശേഷം പെട്രോള്‍ ഒഴിച്ച് സ്‌കൂട്ടറിന് തീ വയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന ഒലയ്‌ക്കെതിരായ രണ്ടാമത്തെ പ്രതിഷേധമാണിത്. പൂനെയില്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചത് ഉള്‍പ്പെടെ നിരവധി പരാതികളാണ് ഈ സ്‌കൂട്ടറിനെ കുറിച്ച് ഉയരുന്നത്. റിവേഴ്‌സ് മോഡിലേക്ക് മാറ്റാതെ തന്നെ ആക്‌സിലലേറ്റര്‍ തിരിച്ചതോടെ സ്‌കൂട്ടര്‍ പിന്നിലേക്ക് പോയി അപകടമുണ്ടായതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

Source: Car and Bike, Image: Youtube/Sun News