എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ അപകടം ഒഴിവാക്കാനുള്ള സംവിധാനമാണ് ഇതിലെ സുരക്ഷ ഫീച്ചര്.

ഉപയോഗ ശൂന്യമായ വസ്തുകൾ ഉപയോഗിച്ച് ലംബോർഗിനി വരെ നിർമിക്കാൻ കഴിവുള്ള ആളുകൾ നമുക്ക് ചുറ്റിലും ജീവിക്കുന്നുണ്ട്. വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധ നേടുന്ന ഇത്തരം നിർമിതികൾ കുറച്ച് ദിവസത്തേക്ക് എങ്കിലും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്. ഇതുപോലെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങൾ ഭരിക്കുന്നത് ഒരു യഥാർഥ ഫ്യൂച്ചറിസ്റ്റ് മോട്ടോർ സൈക്കിളാണ്. മൂന്ന് വിദ്യാർഥികൾ ചേർന്ന് നിർമിച്ച ഈ ബൈക്കിന് ഗരുഡ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഉപയോഗ ശൂന്യമായ വാഹനഭാഗങ്ങളും പുനരുപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കളും ചേർത്തുവെച്ച് നിർമിച്ച ഈ സൂപ്പർ ബൈക്കിൽ എഐ സാങ്കേതികവിദ്യയുടെ പിന്തുണയുമുണ്ട്. എഐ ഇന്റഗ്രേറ്റഡ് ഇലക്ട്രിക് സൂപ്പർ ബൈക്ക് എന്നാണ് ഈ ബൈക്കിന്റെ നിർമാതാക്കൾ ഗരുഡയ്ക്ക് നൽകിയിട്ടുള്ള വിശേഷണം. ഫ്യൂച്ചറിസ്റ്റിക് രൂപവും അത്യാധുനിക സാങ്കേതിക വിദ്യയുമാണ് ബൈക്കിന്റെ മുഖമുദ്രയെന്നാണ് ഈ വിദ്യാർഥികൾ അവകാശപ്പെടുന്നത്.
ഗുജറാത്ത് സൂറത്തിലെ ഭഗ്‌വാൻ മഹാവിർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളായ ശിവം മൗര്യ, ഗുർപ്രീത് അറോറ, ഗണേഷ് പാട്ടീൽ എന്നിവർ ചേർന്നാണ് ഈ സൂപ്പർബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, സുസ്ഥിരത, പ്രാക്ടിക്കൽ എൻജിനീയറിങ് എന്നിവയാണ് ഈ ഇലക്ട്രിക് സൂപ്പർബൈക്കിന്റെ നിർമാണ സവിശേഷതകൾ. 1.8 ലക്ഷം രൂപ ചിലവിൽ നിർമിച്ചെടുത്ത ഗരുഡയിൽ ഉപയോഗിച്ചുള്ള 50 ശതമാനം പാർട്‌സുകളും ആക്രി സാധനങ്ങളാണ്.
ഗരുഡയിലെ സെൻട്രൽ പ്രോസസിങ് യൂണിറ്റായി നൽകിയിട്ടുള്ള റാസ്‌ബെറി പിഐ മോഡ്യൂളാണ് ഈ ബൈക്കിന്റെ സാങ്കേതിക മികവിന്റെ പ്രധാന ഉദാഹരണം. ബൈക്കിലെ സ്മാർട്ട് ഫീച്ചറുകൾ, വോയിസ് കമാന്റ്, വേഗ നിയന്ത്രണം, മാനുവൽ ബ്രേക്ക് ഇല്ലാതെ പൂർണമായും നിർത്താനും സഹായിക്കുന്നത് എന്നിവയെല്ലാം ഇതിന്റെ സഹായത്തോടെയാണ്. വൈഫൈയുടെ സഹായത്തോടെയാണ് വേഗമെടുക്കാനും ബ്രേക്കിങ് ചെയ്യാനുമുള്ള കമാന്റുകളെല്ലാം ഈ ബൈക്ക് സ്വീകരിക്കുന്നത്.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ അപകടം ഒഴിവാക്കാനുള്ള സംവിധാനമാണ് ഇതിലെ സുരക്ഷ ഫീച്ചർ. ബൈക്കിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകൾ നിരന്തരം റോഡ് സ്‌കാൻ ചെയ്തുകൊണ്ടിരിക്കും. ഈ ബൈക്കിന്റെ 12 അടി അകലത്തിൽ വേറൊരു വാഹനം എത്തിയാൽ ഗരുഡ സ്വയം സ്പീഡ് കുറച്ച് തുടങ്ങും. ഈ അകലം കുറഞ്ഞ് മൂന്ന് അടിയിലേക്ക് എത്തുന്നതോടെ ഗരുഡ സൂപ്പർ ബൈക്ക് പൂർണമായും നിൽക്കുകയും ചെയ്യും.
ഇന്ന് വിപണിയിലുള്ള മറ്റേത് ബൈക്കിൽ നിന്നും ഗരുഡയെ വ്യത്യസ്തമാക്കുന്നത് ഇതിൽ നൽകിയിട്ടുള്ള വീലുകളാണ്. ഹബ്ബ് ഇല്ലാതെയാണ് വീലുകൾ ബൈക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ചതുരത്തിലുള്ള പൈപ്പുകൾ വെൽഡ് ചെയ്താണ് വീലുകളെ മോട്ടോർസൈക്കിളുമായി ചേർത്തിരിക്കുന്നത്. ടച്ച് സ്‌ക്രീൻ ഡാഷ്‌ബോർഡ്, ജിപിഎസ് നാവിഗേഷൻ, ഫോൺ കണക്ടിവിറ്റി, മുന്നിലും പിന്നിലും ക്യാമറകൾ, വയർലെസ് മൊബൈൽ ചാർജിങ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഈ ബൈക്കിൽ ഒരുക്കിയിട്ടുണ്ട്.
ലിഥിയം അയേൺ ബാറ്ററിയാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ ഇക്കോ മോഡൽ 220 കിലോമീറ്റർ യാത്ര ചെയ്യാം. അതേസമയം, സ്‌പോർട്ട് മോഡിൽ ഇത് 160 കിലോമീറ്ററായി കുറയും. പൂർണമായും ബാറ്ററി നിറയുന്നതിന് രണ്ട് മണിക്കൂർ ചാർജ് ചെയ്യണം. ബൈക്ക് നിർമാണത്തിലെ പങ്കാളിയായ ശിവം മൗര്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ഈ ഫ്യൂച്ചറിസ്റ്റിക് ബൈക്കിന്റെ നിർമാണം സംബന്ധിച്ച വിവരങ്ങൾ പുറംലോകമറിയുന്നത്.
Content Highlights: Students build `Garuda`, a futuristic AI electric superbike from scrap. Learn about its smart features, safety systems, and sustainable design. Get inspired!
Published: 26 Dec 2025, 09:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented