ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ഒല ഇലക്ട്രിക്  താരതമ്യേന കുറഞ്ഞ വിലയും ഉയര്‍ന്ന റേഞ്ചും ഉറപ്പാക്കിയെത്തിയ രണ്ട് മോഡലുകള്‍ക്ക് തുടക്കകാലത്ത് സാങ്കേതികമായും മറ്റും പല പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, ഇതിനെയെല്ലാം അതിജീവിച്ച് വീണ്ടും വലിയ നേട്ടത്തിലാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

To advertise here,

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായ വില്‍പ്പന നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഒല ഇലക്ട്രിക് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നവരാത്രി കാലത്ത് ഓരോ മിനിറ്റിലും ഒരു ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ വീതം വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒല ഇലക്ട്രിക് വിവിധ പ്രദേശങ്ങളില്‍ പുതുതായി ആരംഭിച്ച എക്‌സ്പീരിയന്‍സ് സെന്ററുകള്‍ നവരാത്രി സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സാഹായിച്ചിട്ടുണ്ടെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തലുകള്‍.

മുന്‍കാലങ്ങളെ അപേക്ഷിച്ച് വില്‍പ്പനയില്‍ നാലിരട്ടി വര്‍ധനവാണ് ഒല ഇലക്ട്രിക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഒലയുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായെന്ന് അവകാശപ്പെടുമ്പോഴും നവാരാത്രിയുടെ ഭാഗമായി എത്ര വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന കണക്ക് വെളിപ്പെടുത്തിയിട്ടില്ല. ഈ സ്‌കൂട്ടറുകള്‍ക്കുള്ള ബുക്കിങ്ങ് ഇപ്പോഴും തുടരുന്നുണ്ട്.

എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി 2021 ഓഗസ്റ്റ് 15-ാം തിയതിയാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. ഇന്ത്യന്‍ നിരത്തുകളില്‍ ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐ-ക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മത്സരിക്കുന്നത്.

8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകത്. 

സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ 6.30 മണിക്കൂറാണ് എടുക്കുന്നത്. ഒക്ടാ-കോര്‍ പ്രോസസര്‍, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാര്‍ട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. റിവേഴ്സ് പാര്‍ക്ക് അസിസ്റ്റന്‍സ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഇതില്‍ നല്‍കിയിട്ടുണ്ട്.