കായംകുളം : നഗരത്തെ വർണാഭമാക്കി കായംകുളം ജലോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്ര നടന്നു. വിദ്യാർഥികളും കുടുംബശ്രീ അംഗങ്ങളും വിവിധ സംഘടനകളും പങ്കാളികളായി. നിശ്ചലദ്യശ്യങ്ങളും കുട്ടികളുടെ പരിപാടികളും കളരിപ്പയറ്റും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെ മികാസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽനിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ഒന്നാംകുറ്റി പാർക്ക് ജങ്ഷൻ വഴി എൽമെക്‌സ് ഗ്രൗണ്ടിൽ സമാപിച്ചു. സാംസ്‌കാരിക സമ്മേളനം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നഗരസഭാ ചെയർമാൻ ശരത്ത്‌ലാൽ ബെല്ലാരി അധ്യക്ഷത വഹിച്ചു.

To advertise here,

ജലോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ കായലോരത്തെ ഓപ്പൺ സ്റ്റേഡിയത്തിൽ കലാപരിപാടികൾ ആരംഭിക്കും. രണ്ടിന് എരുവ ആദിമൂലം ക്ലബ്ബിന്റെ കൈകൊട്ടിക്കളി, മൂന്നിന് ന്യൂ പുരധ്വനി സ്‌കൂൾ ഓഫ് ഡാൻസിന്റെ കൈകൊട്ടിക്കളി, നാലിന് എരുവ വിശ്വരൂപിണി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, അഞ്ചിന് അർജുൻ സാരഥി അവതരിപ്പിക്കുന്ന വഞ്ചിപ്പാട്ട്, ആറുമുതൽ കോട്ടയ്ക്കകത്ത് കളരിപ്പയറ്റ് അക്കാദമിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, ഏഴുമുതൽ ചാലക്കുടി ഉണർത്ത് ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ട് എന്നിവ നടക്കും. ശനിയാഴ്ച വൈകുന്നേരം മൂന്നിന് മത്സരവള്ളംകളി നടക്കും

ദൃശ്യാവിഷ്‌കാരംശ്രദ്ധേയമായി

കായംകുളം : ജലോത്സവത്തിനു മുന്നോടിയായി സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്രയിൽ മോട്ടോർ വാഹനവകുപ്പ് ജില്ല എൻഫോഴ്സ് വിഭാഗം അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാകുകയും ആളുകൾ മരണപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യാവിഷ്‌കാരമൊരുക്കിയത്. റോഡുസുരക്ഷ ബോധവത്കരണം ലക്ഷ്യമിട്ടാണ് ആനുകാലിക പ്രസക്തമായ വിഷയത്തെ മുൻനിർത്തി എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം ദൃശ്യാവിഷ്‌കാരമൊരുക്കിയത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ബൈക്ക് ഓടിക്കുന്നതാണ് നിശ്ചലദ്യശ്യത്തിലുള്ളത്. നിയമപാലകർ ഇതു പിടികൂടിയതിനെത്തുടർന്ന് വാഹന ഉടമയായ പിതാവിനെ അറസ്റ്റുചെയ്ത് ജയിലിൽ അടയ്ക്കുന്നതും ഇതു സഹിക്കാനാകാതെ മാതാവ് തേങ്ങിക്കരയുന്നതുമായ ദൃശ്യാവിഷ്‌കാരമാണ് ഒരുക്കിയത്.