അമ്പലപ്പുഴ : ദേശീയപാതയിൽ കളർകോട് ബൈപ്പാസ് ജങ്ഷനിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിനും ഇരുവശങ്ങളിലേക്കുമുള്ള സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനുമായി 30 മീറ്റർ നീളമുള്ള ഒരു സ്പാൻ കൂടി വയഡക്റ്റിൽ (തൂൺപാതയിൽ) കൂട്ടിച്ചേർക്കാമെന്ന് ദേശീയപാതാ അതോറിറ്റി. അതോറിറ്റി ചെയർമാൻ സന്തോഷ്‌കുമാർ യാദവ്, കെ.സി. വേണുഗോപാൽ എം.പി.ക്ക് ഇതുസംബന്ധിച്ച് ഉറപ്പുനൽകി. കളർകോട് ജങ്ഷൻ കെട്ടിയടച്ച് ദേശീയപാത നിർമിക്കുന്നതിനെതിരേ ജനങ്ങൾ പ്രതിഷേധമുയർത്തിയപ്പോഴാണ് എം.പി. പ്രശ്‌നത്തിലിടപെട്ടത്.
നേരത്തേ നിശ്ചയിച്ചിരുന്ന രൂപരേഖയ്ക്കുവിരുദ്ധമായി ഗതാഗതതടസ്സം സൃഷ്ടിക്കുന്നവിധത്തിൽ നിർമാണമാരംഭിച്ചതാണ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയത്. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഉടൻതന്നെ എം.പി. ഇടപെട്ടു. കളർകോട് ജങ്ഷന് കിഴക്കും പടിഞ്ഞാറുമായി വേർതിരിച്ച് മതിൽകെട്ടുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ആലപ്പുഴ നഗരത്തിലേക്കും പഴയ ഹൈവേയിലേക്കുമുള്ള പ്രവേശനകവാടം കൂടിയാണ് ജങ്ഷൻ. സാഗര ആശുപത്രി, നഴ്സിങ് സ്‌കൂൾ, കേപ് എൻജിനിയറിങ് കോളേജ്, അംബേദ്കർ മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ, പള്ളികൾ, ക്ഷേത്രങ്ങൾ എന്നിയുൾപ്പെടെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളും ആരോഗ്യസ്ഥാപനങ്ങളും ആരാധനാലയങ്ങളും ജങ്ഷന്റെ ഇരുവശങ്ങളിലുമുണ്ട്. കളർകോട് ജങ്ഷനിൽ ആർ.ഇ. ബ്ലോക്ക് മതിൽ നിർമിക്കുന്നത് പ്രദേശവാസികളുടെ ദുരിതം കൂടുതൽ രൂക്ഷമാക്കുമെന്ന് എം.പി. ദേശീയപാതാ അതോറിറ്റി ചെയർമാനെ ധരിപ്പിച്ചു.
വശത്തെഭിത്തികളുടെ ഉയരംകുറച്ചുള്ള 30 മീറ്റർ നീളമുള്ള വയഡക്റ്റ് (തൂൺപാത) നിർമിക്കുന്നതോടെ കൂടുതൽ സൗകര്യപ്രദമായ സ്ഥലലഭ്യത ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും കഴിയും. ഇതിലൂടെ കളർകോട് ബൈപ്പാസ് ജങ്ഷനിലെ ഗതാഗതപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രൂക്ഷമായ യാത്രാക്ലേശം നേരിടുന്ന പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം.
ഗതാഗതം താറുമാറായി
ജങ്ഷൻ കെട്ടിയടച്ചുള്ള മതിൽനിർമാണം തുടങ്ങിയതോടെ ഇവിടെ ഗതാഗതം താറുമാറായി. ബൈപ്പാസ്, ആലപ്പുഴ പട്ടണം, അമ്പലപ്പുഴ ഭാഗങ്ങളിലുള്ള വാഹനങ്ങൾ ജങ്ഷനിലെത്തുമ്പോൾ എങ്ങോട്ടുതിരിയണമെന്നറിയാതെ തലങ്ങും വിലങ്ങും തിരിയുന്നത് വലിയ ഗതാഗതക്കുരുക്കാണുണ്ടാക്കുന്നത്. ബൈപ്പാസിൽനിന്നുള്ള വാഹനങ്ങൾ പ്രധാനജങ്ഷനിലെത്തും മുൻപ് എസ്.ഡി. കോളേജിനു സമീപത്തായി ദേശീയപാതയിൽ പ്രവേശിക്കുന്നതും അപകടഭീഷണിയാണ്. ഒരു ഗതാഗതനിയന്ത്രണസംവിധാനവും ഇവിടെയില്ല. ഓരോദിവസവും മാറിമാറി വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് വലിയ ആശയക്കുഴപ്പത്തിനാണിടയാക്കുന്നത്. കൃത്യമായ ആലോചനയോ, മുന്നൊരുക്കങ്ങളോ ഇല്ലാതെ പ്രധാനജങ്ഷനിൽ ദേശീയപാതയുടെ നിർമാണജോലികൾ തുടങ്ങിയതാണ് ബുദ്ധിമുട്ടിനിടയാക്കുന്നത്.
Published: 13 Sept 2026, 02:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented