അപകടം ഒഴിയാതെ എം.സി.റോഡ്
വടക്കടത്തുകാവ് : വീട്ടിൽ തിരിച്ചെത്തുന്നവരുടെ പുഞ്ചിരി കാത്തിരിക്കുന്നവരുണ്ട് ഓരോ പടിവാതിൽക്കലും. ഒരുനിമിഷത്തെ അശ്രദ്ധയും അതിവേഗവും കാത്തിരിപ്പിനെ കണ്ണീരിലാഴ്ത്തരുത്. എം.സി. റോഡിൽ ഏനാത്ത് മുതൽ അടൂർ മിത്രപുരംവരെ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും നിയന്ത്രണമില്ലാത്ത വേഗപ്പാച്ചിലിന് കടിഞ്ഞാണിടാൻ നടപടികളില്ല.
വടക്കടത്തുകാവ് ജങ്ഷനുസമീപം ദിശതെറ്റിയെത്തിയ വാൻ ബൈക്കിലിടിച്ച് പത്തനംതിട്ട എ.ആർ. ക്യാമ്പിലെ എ.എസ്.ഐ. കൊട്ടാരക്കര കരീപ്ര അനിതാഭവനിൽ ബി. സുരേഷ് കുമാറിന് (51) ഗുരുതര പരിക്കേറ്റതാണ് അപകടപരമ്പരകളിൽ അവസാനത്തേത്. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. ഞായറാഴ്ച രാത്രി നെല്ലിമൂട്ടിൽപ്പടി ജങ്ഷനിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർക്കും പരിക്കേറ്റു. രണ്ടാഴ്ച മുൻപാണ് വടക്കടത്തുകാവ് ജങ്ഷനിൽ പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മുരുകൻകുന്ന് സ്വദേശി രാജു (57) മരിച്ചത്. സെപ്റ്റംബറിൽ ഇതേ ഭാഗത്ത് കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ചു. കാർ ബൈക്കിലിടിച്ച് വടക്കടത്തുകാവ് മൂന്നാം ബറ്റാലിയൻ ക്യാമ്പിലെ ഹവിൽദാർ എസ്. സച്ചു (44) മരിച്ചതും ഇവിടെത്തന്നെ. ജൂലായ് 29-ന് പുലർച്ചെ രണ്ട് ലോറി കൂട്ടിയിടിച്ചു. മിത്രപുരം ഭാഗത്തും സമാനമായ ഒട്ടേറെ അപകടങ്ങളാണ് അടുത്തിടെ ഉണ്ടായത്.
വേഗപരിധി മറന്നുള്ള പാച്ചിൽ
റോഡിലെ ഓരോ ഭാഗത്തും പാലിക്കേണ്ട വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകളുണ്ടെങ്കിലും ഡ്രൈവർമാർ പലപ്പോഴും ഇത് അവഗണിക്കുകയാണ്. വേഗപരിധി ലംഘനമാണ് എം.സി. റോഡിലെ അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാറ്റ്പാക്കിന്റെ പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപകടങ്ങൾ കുറയ്ക്കാൻ 2024-ൽ നാറ്റ്പാക്ക് പുതിയ സംവിധാനവും പരീക്ഷിച്ചു. വളവുകളിൽ ജർമൻ നിർമിത റിയൽ ടൈം സ്പീഡ് ഫീഡ്ബാക്ക് സൈൻ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. വാഹനത്തിന്റെ വേഗം യന്ത്രം തിരിച്ചറിഞ്ഞ് റോഡരികിലെ ഡിസ്‌പ്ലേയിൽ പ്രദർശിപ്പിക്കും. അനുവദനീയമായ വേഗപരിധി ഡ്രൈവർക്ക് ബോധ്യപ്പെടുത്തി വേഗം നിയന്ത്രിക്കാൻ സഹായിക്കുന്നതായിരുന്നു പദ്ധതി. പരീക്ഷണത്തിനപ്പുറം പദ്ധതി മുന്നോട്ടുപോയില്ല. റോഡ് വീതികൂട്ടലും വിവിധ സുരക്ഷാ സംവിധാനങ്ങളും നടപ്പാക്കിയിട്ടും അപകടങ്ങൾ കുറയുന്നില്ല. അപകടസാധ്യതകൾ പഠിച്ചറിഞ്ഞ് പരിഹാരങ്ങൾ നിർദേശിക്കുന്ന സംവിധാനങ്ങൾപോലും നടപ്പാക്കാതെ പോയാൽ റോഡിൽ ഇനിയും ജീവൻ പൊലിയും.
Published: 18 Nov 2026, 01:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented