മാന്നാർ : ചെന്നിത്തല മഹാത്മാ ഹൈസ്കൂളിലെ സഹപാഠിയും പ്രിയ സുഹൃത്തുമായ മാന്നാർ വിഷവർശ്ശേരിക്കര വി.എസ്. നിവാസിൽ വേണുക്കുട്ടനെ കാണാൻ ആഭ്യന്തരമന്ത്രിയെത്തി. കടപ്ര പഞ്ചായത്തിന്റെയും പരുമല ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ആരോഗ്യസ്പർശം പരിപാടിയുടെ ഉദ്ഘാടനത്തിയതായിരുന്നു മന്ത്രി രമേശ് ചെന്നിത്തല.

To advertise here,

പരിപാടിക്കുശേഷം ഉച്ചയ്ക്ക് 12 മണിയോടെ വേണുക്കുട്ടന്റെ വീട്ടിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, വാഹനാപകടത്തെത്തുടർന്ന് വിശ്രമിക്കുന്ന എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരെ ചങ്ങനാശ്ശേരിയിൽ പോയി കണ്ടശേഷം 1.45-ഓടെയാണ് രമേശ് ചെന്നിത്തലയെത്തിയത്.

ജില്ല കോ-ഓപ്പറേറ്റീവ് ബാങ്കിൽ കളക്‌ഷൻ ഏജന്റായിരുന്ന വേണുക്കുട്ടൻ രണ്ടുവർഷം മുൻപാണ് വിരമിച്ചത്. സഹപാഠി അസുഖബാധിതനായി വീട്ടിൽ കഴിയുകയാണെന്ന് അറിഞ്ഞതിനെത്തുടർന്നാണ് തിരക്കുകൾ മാറ്റിവെച്ചും ആഭ്യന്തരമന്ത്രി വിഷവർശ്ശേരിക്കരയിലെത്തിയത്. പഠനകാലത്ത് വീട്ടിൽ വന്നിട്ടുണ്ടെങ്കിലും എം.എൽ.എ.യും മന്ത്രിയുമൊക്കെ ആയശേഷം ആദ്യമായാണ് രമേശ് ചെന്നിത്തല വേണുക്കുട്ടന്റെ വീട്ടിലെത്തുന്നത്. മാവേലിക്കര എം.പി.യായി വിജയിച്ചപ്പോഴും ആദ്യം ആഭ്യന്തരമന്ത്രിയായപ്പോഴും കോൺഗ്രസ് പ്രവർത്തകനായിരുന്ന വേണുക്കുട്ടൻ തന്റെ വീടിനടുത്തുള്ള ഊരുമഠം ദേവീക്ഷേത്രത്തിൽ രമേശ് ചെന്നിത്തലയ്ക്കായി തുലാഭാരം വഴിപാട് നടത്തിയിട്ടുണ്ട്.

ഏറെ നാളുകൾക്കുശേഷം നേരിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ഇരുവരും. വേണുക്കുട്ടനോടും ഭാര്യ സാവിത്രിയോടും അസുഖവിവരങ്ങൾ ചോദിച്ചറിഞ്ഞാണ് മന്ത്രി മടങ്ങിയത്.

മാന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, ബ്ളോക്ക് ജനറൽ സെക്രട്ടറി പ്രദീപ് ശാന്തിസദൻ, മണ്ഡലം പ്രസിഡന്റ് അനിൽ മാന്തറ, ബ്ലോക്ക് പഞ്ചായത്തംഗം ഹസീന സലാം, മുൻ ഗ്രാമപ്പഞ്ചായത്തംഗം എം.പി. കല്യാണകൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷംഷാദ് ചക്കുളത്ത് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.