മാന്നാർ : തകർന്നുകിടക്കുന്ന മാന്നാർ ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരണത്തിനായി മുറവിളി കൂടുമ്പോഴും അധികൃതരുടെ അനാസ്ഥ വികസനത്തിന് വിലങ്ങുതടിയാകുന്നു. മാവേലിക്കര-തിരുവല്ല സംസ്ഥാനപാതയിൽ സ്റ്റോർജങ്‌ഷനിൽനിന്ന് 100 മീറ്റർ അകത്തേക്കു മാറി മാന്നാർ -പുലിയൂർ റോഡരികിലാണ് ബസ് സ്റ്റാൻഡിന്റെ സ്ഥാനം. എം. ദേവരാജൻനായർ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ 2000-ൽ പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് എസ്. രാമചന്ദ്രൻ പിള്ള എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ബസ് സ്റ്റാൻഡ് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ഭൂമി തരംമാറ്റാത്തത് നവീകരണത്തിന് കാലതാമസമുണ്ടാക്കുകയാണ്.
കുരട്ടിശ്ശേരി വില്ലേജിൽ 649/1-1 സർവേ നമ്പരിൽപ്പെട്ട ബസ് സ്റ്റാൻഡ് സ്ഥലം റവന്യൂരേഖകളിൽ നിലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമി തരംമാറ്റിയെങ്കിൽ മാത്രമേ നിർമാണപ്രവർത്തനങ്ങൾ നടത്താൻ കഴിയുകയുള്ളൂ എന്നതിനാൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ചെങ്ങന്നൂർ ആർ.ഡി.ഒ.യ്ക്ക് ഭൂമി തരംമാറ്റുന്നതിന് ഒരു വർഷം മുൻപാണ് ഓഫ് ലൈനായി അപേക്ഷിച്ചത്. എന്നാൽ, സ്ഥലത്തിന്റെ സർവേ സ്കെച്ച് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് വില്ലേജ് ഒാഫീസർ മുഖേന നിർദേശം നൽകിയിരുന്നതുമാണ്. മാസങ്ങൾ പിന്നിട്ടിട്ടും മാന്നാർ ഗ്രാമപ്പഞ്ചായത്ത് സർവേ സ്കെച്ച് സമർപ്പിച്ചിട്ടില്ലെന്നാണ് വിവരാവകാശ പ്രകാരം കുട്ടമ്പേരൂർ സുരഭി പീടിയേക്കൽ പി. സുരേഷ് കുമാറിന് ലഭിച്ച മറുപടി. രൂപരേഖലഭിച്ചെങ്കിൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ.
ഭൂമി തരംമാറ്റം വൈകുന്നതിനെതിരേ പി. സുരേഷ് കുമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്.
വികസനത്തിനായി നിയമപോരാട്ടം
: മാന്നാർ ബസ് സ്റ്റാൻഡിന്റെ വികസനത്തിനായും ബസുകൾ കയറാത്തതിനെതിരായും കുട്ടമ്പേരൂർ സുരഭിയിൽ പീടിയേക്കൽ പി. സുരേഷ് കുമാർ കയറിയിറങ്ങാത്ത ഓഫീസുകളില്ല. കോടതി, ലോക് അദാലത്ത്, മനുഷ്യാവകാശ കമ്മിഷൻ, കളക്ടറേറ്റ്, പഞ്ചായത്ത് ഡയറക്ടർ, ആർ.ടി.ഒ, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം ബസ് സ്റ്റാൻഡിന്റെ വികസനത്തിനായി സുരേഷ് കുമാർ വർഷങ്ങളായി കയറിയിറങ്ങുകയാണ്.
അംഗീകാരം ഇല്ലാത്തതിനാലും തകർന്നു കിടക്കുന്ന റോഡും കാരണം ബസുകൾ കൈവിട്ട മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യം കണക്കിലെടുത്ത് സജി ചെറിയാൻ എം.എൽ.എ.യുടെ ശ്രമഫലമായി ബസ് സ്റ്റാൻഡ് നവീകരണത്തിന് മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഭൂമി തരംമാറ്റൽ നടത്തിയെങ്കിൽ മാത്രമേ വികസനമുന്നേറ്റം സാധ്യമാവുകയുള്ളൂ.
Published: 20 Sept 2026, 02:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented