ആലപ്പുഴ: ‘കഹോ നാ പ്യാർ ഹേ’ എന്ന സിനിമയിൽ കണ്ട ആ മുഖം ഒരിക്കലെങ്കിലും നേരിൽക്കാണണം - സെറിബ്രൽ പാൾസി ബാധിച്ച ബീജാ കൃഷ്ണൻ വർഷങ്ങൾക്കുമുൻപ് സഹോദരനോടുപറഞ്ഞ ആഗ്രഹം ഒടുവിൽ സഫലമായി. സെപ്റ്റംബർ എട്ടിനു മുംബൈയിൽ ഹൃത്വിക് റോഷനെ നേരിൽക്കണ്ടു. ശാരീരികപരിമിതികൾക്കിടയിലും ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടത് അനുജൻ ശ്യാംകുറുപ്പിന്റെ വർഷങ്ങൾനീണ്ട പരിശ്രമത്തിനൊടുവിൽ.
മാരാരിക്കുളം ഇടയ്ക്കണ്ണാട്ട് വീട്ടിൽ ബീജാ കൃഷ്ണന് (52) മൂന്നാംവയസ്സിലാണ് സെറിബ്രൽ പാൾസി ബാധിച്ചത്. ഒന്നാംക്ലാസിനുശേഷം സ്കൂളിൽ പോകാനായില്ല. എങ്കിലും ഇഷ്ടങ്ങളും ആഗ്രഹങ്ങളും കൈവിട്ടില്ല. അച്ഛൻ കൃഷ്ണക്കുറുപ്പിന് പുണെയിലായിരുന്നു ജോലി. 19 വയസ്സുവരെ ബീജയും അവിടെയായിരുന്നു. അതിനാൽ ഹിന്ദി നന്നായറിയാം.
ഹിന്ദിസിനിമകളും ഗാനങ്ങളും ഇഷ്ടമായിരുന്നു. ഹൃത്വികിന്റെ ആദ്യചിത്രമായ ‘കഹോ നാ പ്യാർ ഹേ’ കണ്ടതോടെ നടനെ നേരിൽക്കാണണമെന്ന മോഹം വളർന്നു. ആ സമയത്ത് ആരോഗ്യസ്ഥിതി കുറച്ചുകൂടി മെച്ചമായിരുന്നു. ഇപ്പോൾ വാക്കുകൾ മുറിഞ്ഞുതുടങ്ങി. തലയുയർത്തിപ്പിടിക്കാനും ബുദ്ധിമുട്ടുണ്ട്. പരസഹായമില്ലാതെ ഇരിക്കാനും പ്രയാസം.
ചേച്ചിയുടെ ആഗ്രഹം സാധിപ്പിക്കാൻ വിസ്മയ മാക്സ് സ്റ്റുഡിയോസ് ഡയറക്ടറായ ശ്യാംകുറുപ്പ് പലവട്ടം ശ്രമിച്ചിരുന്നു. പക്ഷേ, നടന്നില്ല. അടുത്തിടെ ഇസ്രയേൽ യാത്രയ്ക്കിടെ ഹൃത്വിക്കിന്റെ മാനേജരെ ശ്യാം യാദൃച്ഛികമായി പരിചയപ്പെട്ടു. സഹോദരിയുടെ ആഗ്രഹവും ജീവിതസാഹചര്യവും പങ്കുവെച്ചു.
വിവരം ഹൃത്വിക്ക് അറിഞ്ഞതോടെ മുംബൈയിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങി. ആരോഗ്യസ്ഥിതി വെല്ലുവിളിയായിട്ടും ബീജയെ വിമാനത്തിൽ മുംബൈയിലെത്തിച്ചു. 20 മിനിറ്റോളം സംസാരിച്ചു. ഒപ്പമിരുന്ന് ചിത്രങ്ങളെടുത്തു. സമ്മാനങ്ങളും കൈമാറി.
ഇഷ്ടചിത്രത്തെക്കുറിച്ചു ഹൃത്വിക് ചോദിച്ചപ്പോൾ ‘ഫിസ’ എന്നായിരുന്നു ബീജയുടെ മറുപടി. തനിക്കിഷ്ടപ്പെട്ട ചിത്രവും അതുതന്നെയെന്നു നടൻ പറഞ്ഞതോടെ സന്തോഷം ഇരട്ടിയായി. ആ ചിത്രം പുറത്തിറങ്ങി 26 വർഷം തികഞ്ഞെന്ന സവിശേഷതയും കണ്ടുമുട്ടൽ ദിനത്തിനുണ്ടായിരുന്നു. എൺപതുകാരിയായ അമ്മ ബാലാമണിയമ്മയും മക്കളോടൊത്തു മുംബൈയിൽ പോയിരുന്നു.
പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ബാലാമണിയമ്മയാണു ബീജയെ പരിപാലിക്കുന്നത്. അധ്യാപികയായിരുന്ന അവരാണു മകളെ എഴുത്തുംവായനയും പഠിപ്പിച്ചത്. ബീജ പലപ്പോഴായി കുറിച്ചിട്ട അനുഭവങ്ങളും ആഗ്രഹങ്ങളും അവർ പകർത്തിയെഴുതി ‘ഹൃദയത്തിന്റെ തേങ്ങലുകൾ’ എന്ന പുസ്തകമാക്കി. ബീജയുടെ മൂത്ത സഹോദരൻ ബിജുവിനും ഇതേ രോഗാമായിരുന്നു. 36-ാം വയസ്സിൽ മരിച്ചു.
ബീജയുടെ ജീവിതത്തിലെ മൂന്ന് ആഗ്രഹങ്ങളിലൊന്നാണു യാഥാർഥ്യമായത്. എന്നാൽ, മഴ നനയാനും നൃത്തം ചെയ്യാനുമുള്ള ആഗ്രഹങ്ങൾ ഇനിയും ബാക്കി.
Published: 14 Oct 2026, 01:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented