മാന്നാർ : ചെറുപ്രായത്തിൽത്തന്നെ പ്രമേഹം ബാധിച്ച മകൾക്കായി ദിവസേന നാലുനേരം ഇൻസുലിൻ കുത്തിവെപ്പിനായുള്ള നെട്ടോട്ടത്തിലാണ് ജാദവ് ലവ് തനാജിയെന്ന മഹാരാഷ്ട്രക്കാരൻ.
മാന്നാർ നായർ സമാജം ടീച്ചേഴ്‌സ് െട്രയിനിങ് സ്കൂളിനു മുന്നിലുള്ള പെട്ടിക്കടയിൽ പുകയുന്ന അടുപ്പിനരികിൽ വട പാവും മസാലച്ചായയുമുണ്ടാക്കി വിൽക്കുമ്പോഴും ഈ മുപ്പത്തൊൻപതുകാരന്റെ മനസ്സിനുള്ളിൽ രണ്ടാംക്ലാസ് വിദ്യാർഥിനിയായ മകൾ പ്രണാലിക്ക് ദിവസവുംനൽകേണ്ട ഇൻസുലിനെക്കുറിച്ചുള്ള ചിന്തകളായിരിക്കും.
പ്രണാലിക്ക് മൂന്നുവയസ്സുള്ളപ്പോൾ കനത്ത പനിയെത്തുടർന്ന് ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണ് കുട്ടിയുടെ പ്രമേഹത്തിന്റെ അളവ് നാനൂറിനു മുകളിലാണെന്നു കണ്ടെത്തിയത്. അന്നുമുതൽ ഈ കുരുന്നുജീവൻ മുന്നോട്ടുപോകുന്നത് ഇൻസുലിന്റെ പിൻബലത്തിലാണ്.
ഇൻസുലിൻ ഡോസുകൾ ഒന്നുപോലും മുടങ്ങരുതെന്ന ഡോക്ടർമാരുടെ കർശന നിർദേശത്തെത്തുടർന്ന് ജാദവിന്റെ ജീവിതം അവൾക്കു ചുറ്റുമായിമാറി. പുലർച്ചെയും ഉച്ചയ്ക്കും വൈകീട്ടും രാത്രിയും നാലുനേരങ്ങളിലായി ദിവസവും മകൾക്ക് അച്ഛൻ തന്നെയാണ് ഇൻസുലിൻ കുത്തിവെക്കുന്നത്.
അധ്യയനദിവസങ്ങളിൽ ഉച്ചയ്ക്കുനൽകുന്ന ഇൻസുലിൻ കുത്തിവെപ്പ് മുടങ്ങാതിരിക്കാൻ കൃത്യം ഒരുമണിക്ക് മാന്നാർ ഗവ.എൽ.പി. സ്കൂളിലേക്ക് സിറിഞ്ചുമായി ഓടിയെത്തും ഈ പിതാവ്. പ്രഥമാധ്യാപിക മറിയാമ്മയും മറ്റധ്യാപകരും സഹപാഠികളും നൽകുന്ന സ്നേഹവും പിന്തുണയുമാണ് ജാദവിനും മകൾക്കും കരുത്തുപകരുന്നത്.
മകൾക്കായി അച്ഛന്റെ ഒറ്റയാൾ പോരാട്ടം
മുപ്പത്തിയഞ്ചു വർഷത്തോളമായി കേരളത്തിൽ താമസിക്കുന്ന ജാദവിന് ആദ്യം ഇലക്ട്രിക്കൽ ജോലികളായിരുന്നു. 17 വർഷം മുൻപ് ജോലിക്കിടയിലുണ്ടായ അപകടത്തെത്തുടർന്ന് കൈയിൽ സ്റ്റീൽക്കന്പി ഇടേണ്ടിവന്നു. ഇതോടെ ഭാരമുയർത്തുന്ന ജോലികൾ പറ്റാതായി. തുടർന്ന് ഉത്തരേന്ത്യൻ വിഭവങ്ങളുടെ വിൽപ്പക്കാരനായി മാറുകയായിരുന്നു. സ്കൂൾസമയത്ത് നിരോധനമുള്ളതിനാൽ വൈകീട്ട് അഞ്ചുമുതൽ എട്ടുവരെയാണ് കച്ചവടം. കടയുടെ എതിർവശത്തുള്ള ഭാസ്കർ സ്റ്റുഡിയോയ്ക്കു മുകളിൽ വാടകയ്ക്കു താമസിക്കുകയാണ് ഭാര്യ സുജാതയും മക്കളായ പ്രണാലിയും രണ്ടരവയസ്സുകാരി സ്വാമിനിയുമടങ്ങിയ ജാദവിന്റെ കുടുംബം.
കച്ചവടത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് നിത്യച്ചെലവുകൾക്കൊപ്പം പ്രണാലിയുടെ ചികിത്സാച്ചെലവുകൾകൂടി താങ്ങാൻ ഈ നിർധനപിതാവിനു കഴിയുന്നില്ല. ഇൻസുലിൻ മരുന്നുകൾക്കുതന്നെ മാസന്തോറും ഇരുപത്തിഅയ്യായിരം രൂപയിലധികം വേണ്ടിവരും.
സിറിഞ്ചുകൾ, കൃത്യമായ ഇടവേളകളിലുള്ള പരിശോധനകൾ, വീട്ടുവാടക എന്നിവയ്ക്കായി വലിയൊരു തുക വേറെയും വേണ്ടിവരുന്നുണ്ട്. ഈ വലിയ സാമ്പത്തിക ബാധ്യതയ്ക്കുമുന്നിൽ ഇനി എത്രനാൾ പിടിച്ചുനിൽക്കാനാകും എന്ന ആശങ്കയിലാണ് ഈ കുടുംബം.
Published: 13 Oct 2026, 02:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented