കളക്ടറും ദേശീയപാത പ്രൊജക്‌റ്റ് ഡയറക്ടറും സ്ഥലം സന്ദർശിച്ചു
ചേർത്തല : കളക്ടറോടും ദേശീയപാത പ്രൊജക്‌റ്റ് ഡയറക്ടറോടും റെയിൽവേ സ്റ്റേഷനു മുന്നിൽ ഉയരപ്പാത ആവശ്യമുയർത്തി ജനപ്രതിനിധികളും സമരസമിതിയും. ചേർത്തല റെയിൽവേ സ്‌റ്റേഷൻ ഭാഗത്തെ ഗതാഗതപ്രതിസന്ധി നേരിട്ടു മനസ്സിലാക്കുന്നതിനായാണ് കളക്ടർ ഷാജി വി. നായരുടെയും ദേശീയപാത പ്രൊജക്‌റ്റ് ഡയറക്ടർ പി. പ്രദീപ്കുമാറിന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചത്.
ഉയരപ്പാത ആവശ്യമുയർത്തി 75 ദിവസമായി ചേർത്തല ഒറ്റക്കെട്ടായി സമരത്തിലാണ്. സ്ഥലം സന്ദർശിച്ചശേഷം ചേർത്തലയുടെ ആവശ്യം ന്യായവും ശക്തവുമാണെന്നാണ് കളക്ടർ ജനപ്രതിനിധികളോടു പ്രതികരിച്ചത്. ഉയരപ്പാതയ്ക്കായി ദേശീയപാതാ അതോറിറ്റിയോടു ശക്തമായി ശുപാർശചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് പ്രൊജക്‌റ്റ് ഡയറക്ടർ പി. പ്രദീപും സമരസമിതി ഭാരവാഹികളോടു പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥസംഘത്തിന്റെ സന്ദർശനം ചേർത്തലയ്ക്കു പ്രതീക്ഷയായി.
ദേശീയപാത നിർമാണത്തിൽ രൂപരേഖയിലുണ്ടായ പാളിച്ചമൂലം അടിപ്പാതയ്ക്കു സ്ഥലമില്ലാതെവന്ന റെയിൽവേ സ്റ്റേഷനുമുന്നിൽ ഗതാഗതം കുരുക്കുന്ന നിർമാണമാണ് നടത്തിത്തുടങ്ങിയത്. സംസ്ഥാനത്തഘ് ദേശീയപാതയോരത്ത് അപൂർവമായുള്ള റെയിൽവേ സ്റ്റേഷന്റെ പ്രസക്തിതന്നെ ഇല്ലാതാക്കുന്ന നിർമാണമാണ് അതോറിറ്റി നടത്തിയത്. റെയിൽവേ സ്റ്റേഷനിലേക്കു യാത്രാക്കാർക്ക് എത്താനാകാത്ത തരത്തിലായിരുന്നു നിർമാണം. ഇതിനെതിരേയാണ് നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി സമരം തുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. സമരസമിതി ഭാരവാഹികളും ജനപ്രതിനിധികളും നഗരസഭ ഉദ്യോഗസ്ഥരോടും വിവരങ്ങൾ തേടി. റെയിൽവേ ഭൂമി പാട്ടത്തിനെടുത്തു തട്ടിക്കൂട്ടു പൂർത്തിയാക്കലുകൾക്കായി നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും അതു ചേർത്തലക്കു പൊതുവായും റെയിൽവേയുടെയും ഭാവി വികസനത്തിനു പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കഉയർന്നിട്ടുണ്ട്. ഡപ്യൂട്ടി കളക്ടർ ഡി.സി. ദിലീപ്കുമാർ, എ.ഡി.എം. സി. പ്രേംജി, മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ സ്റ്റാൻലി എന്നിവരും കെ.സി.സി. ബിൽഡ് കോൺ പ്രൊജക്‌റ്റ് മാനേജർ സചിത്തും ഉദ്യോഗസ്ഥ സംഘത്തിനൊപ്പമുണ്ടായിരുന്നു.
നഗരസഭാ ചെയർമാൻ എസ്. സോബിൻ, വൈസ് ചെയർപേഴ്‌സൺ എൻ.എൽ. വത്സലകുമാരി, ജനപ്രതിനിധികളായ സി.ഡി. ശങ്കർ, കെ.സി. ആന്റണി, ഡി. ജ്യോതിഷ്, കെ. സുരേഷ് കുമാർ, റഷീദ, എസ്.സി. ബോണി, ഷൈനത ബൈജു, പോലീസ്- മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥർ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത്, സമരസമിതി കൺവീനർ എസ്. ശിവൻപിള്ള വിവിധ സംഘടനാ പ്രതിനിധികളായ ഷിംജി ജോസഫ്, ബ്രിജിലാൽ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു.
Published: 14 Oct 2026, 01:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented