പി. പ്രസാദും സംഘവും സ്ഥലം സന്ദർശിച്ചു

To advertise here,

ആലപ്പുഴ/മുഹമ്മ : വേമ്പനാട്ടുകായൽ നികത്തുന്നതിനെതിരേ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ കളക്ടർ ഇടപെട്ട് പിൻവലിപ്പിച്ചതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടായെന്നു സംശയം. മുഹമ്മയിലെ കായൽനികത്തിയ സ്ഥലം സന്ദർശിച്ച പി. പ്രസാദ് എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് സംശയമുന്നയിച്ചത്.

ഒരു നിയമവും തങ്ങൾക്കു ബാധകമല്ലെന്ന നിലയിലാണ് നികത്തൽ നടത്തിയതെന്ന് ഇവിടെയെത്തുന്ന ആർക്കും മനസ്സിലാകുമെന്ന് എം.എൽ.എ. പറഞ്ഞു. സംഭവത്തിൽ ഉന്നതതല ഇടപെടലുണ്ടായെന്നു സംശയമുണ്ട്. അതിനാൽ, സമഗ്രമായ അന്വേഷണം വേണമെന്ന്‌ അദ്ദേഹം പറഞ്ഞു.

കായൽനികത്തി നടത്തുന്ന നിർമാണപ്രവർത്തനത്തിന് പഞ്ചായത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് എം.എൽ.എ.യ്കൊപ്പം സ്ഥലം സന്ദർശിച്ച മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹനും വ്യക്തമാക്കി. നിലംനികത്തുന്നതിനെതിരേ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചത് ന്യായീകരിച്ച് കഴിഞ്ഞദിവസം കളക്ടർ രംഗത്തുവന്നിരുന്നു.

നികത്തൽ നടത്തിയത് പുരയിടത്തിലാണെന്നും അതിർത്തിയിൽ കെട്ടിയ കല്ലുകൾ പൊട്ടിപ്പൊളിഞ്ഞ് കായലിൽനിന്നുള്ള വെള്ളം പുരയിടത്തിലേക്കു കയറിയതാണെന്നുമുള്ള വിചിത്ര വിശദീകരണമാണ് കളക്ടർ കഴിഞ്ഞദിവസം നൽകിയത്. ഇതിനുപിന്നാലെയാണ് എം.എൽ.എ.യും സംഘവും സ്ഥലം സന്ദർശിച്ചത്. ജില്ല പഞ്ചായത്തംഗം എസ്. രാധാകൃഷ്ണനും ഇവർക്കൊപ്പമുണ്ടായിരന്നു.

കളക്ടർക്കെതിരേ റവന്യൂമന്ത്രിക്കു പരാതി

വേമ്പനാട്ടുകായൽ നികത്തലിനെതിരേ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിപ്പിച്ച കളക്ടർ ഷാജി വി. നായർക്കെതിരേ റവന്യൂമന്ത്രിക്കു പരാതി. കോൺഗ്രസ് ആലപ്പുഴ നോർത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ് സജിൽ ഷെരീഫാണ് പരാതി നൽകിയത്. കളക്ടറുടെ നിയമവിരുദ്ധമായ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. മുഹമ്മ പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ നിലനിൽക്കേയുള്ള കളക്ടറുടെ നടപടി ദുരൂഹമാണെന്നു പരാതിയിൽപ്പറയുന്നു.