മാവേലിക്കര : വിമുക്തഭടന്മാർക്കും ആശ്രിതർക്കും മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കുന്ന ഇ.സി.എച്ച്.എസ്. പോളി ക്ലിനിക്കിനു സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനായി ഭൂമി കൈമാറാൻ ധാരണയായി. ഇതിന്റെ ഭാഗമായി വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എം.പി., വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മാവേലിക്കരയിലെ 32 സെന്റ് ഭൂമി ക്ലിനിക്കിനായി വിട്ടുനൽകണമെന്ന് അഭ്യർഥിച്ചു. ഭൂമി കൈമാറുന്നതിൽ വകുപ്പിന് എതിർപ്പില്ലെന്ന് അറിയിച്ച മന്ത്രി തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

To advertise here,

കണ്ടിയൂർ ആറാട്ടുകടവിലേക്കു പോകുന്ന വഴിയിൽ വർഷങ്ങൾക്കു മുൻപ്‌ നെയ്‌ത്തുശാല പ്രവർത്തിച്ചിരുന്ന സ്ഥലമാണ് ക്ലിനിക്കിനായി പരിഗണിക്കുന്നത്. നിലവിൽ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ വാടകക്കെട്ടിടത്തിലാണ്‌ ക്ലിനിക്്‌ പ്രവർത്തിക്കുന്നത്. ക്ലിനിക്കിനു സ്വന്തമായി സ്ഥലവും സ്ഥിരംകെട്ടിടവും ലഭ്യമാക്കണമെന്നത് വിമുക്തഭടന്മാരുടെ ദീർഘകാലമായ ആവശ്യമാണ്.

മാവേലിക്കര ഇ.സി.എച്ച്.എസ്. പോളി ക്ലിനിക്കിനു കെട്ടിടം നിർമിക്കാൻ 2021-ൽ വെട്ടിയാർ വില്ലേജിൽ 23 സെന്റ് ഭൂമി സർക്കാർ അനുവദിച്ചിരുന്നു. 30 വർഷത്തെ പാട്ടവ്യവസ്ഥയിലാണ് അന്ന് ഭൂമി അനുവദിച്ചത്. എന്നാൽ, താഴ്‌ന്ന പ്രദേശത്തായതിനാൽ മഴക്കാലത്ത്‌ വെള്ളംകയറാൻ സാധ്യതയുള്ള സ്ഥലമാണെന്നതു പോരായ്മയായി. ഇതേത്തുടർന്നാണ് പുതിയ സ്ഥലം കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്.

വ്യവസായവകുപ്പിന്റെ ഭൂമി ഇ.സി.എച്ച്.എസ്. പോളി ക്ലിനിക്കിനായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യമായ വകുപ്പുതല പരിശോധനകളും ഭൂമികൈമാറ്റ നടപടികളും സമയബദ്ധമായി പൂർത്തീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു. ഭൂമി ലഭ്യമാകുന്നതോടെ സ്ഥിരംകെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ തുടങ്ങാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും എം.പി. അറിയിച്ചു.

​മാവേലിക്കര ഇ.സി.എച്ച്.എസ്. പോളി ക്ലിനിക്

​വിമുക്തഭടന്മാർക്കും ആശ്രിതർക്കും സൗജന്യചികിത്സ ലഭ്യമാക്കുന്നതിനായി എക്സ്‌ സർവീസ്‌മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം (ഇ.സി.എച്ച്.എസ്.) പോളി ക്ലിനിക് 2012-ലാണ് മാവേലിക്കരയിൽ പ്രവർത്തനം തുടങ്ങിയത്. മുപ്പത്തയ്യായിരത്തിലധികം വിമുക്തഭടന്മാരും അവരുടെ ആശ്രിതരും ചികിത്സയ്ക്കും വിദഗ്ധ ചികിത്സയ്ക്കുള്ള റഫറൽ സൗകര്യത്തിനുമായി മാവേലിക്കര പോളി ക്ലിനിക്കിനെ ആശ്രയിക്കുന്നുണ്ട്.