തോട്ടമൺകാവ് അംബായാഗം
റാന്നി : സനാതനസംസ്കാരത്തിന്റെ അടിസ്ഥാനഗ്രന്ഥം വേദമാണെന്ന്, ഏറ്റുമാനൂരപ്പൻ കോളേജ് അസി. പ്രൊഫ. ഡോ. സരിതാ അയ്യർ പറഞ്ഞു. തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിലെ അംബായാഗത്തിന്റെ അഞ്ചാംദിവസം പ്രഭാഷണം നടത്തുകയായിരുന്നു അവർ.
സനാതനസംസ്കാരം വൈദികസംസ്കാരമാണ്. ഹൈന്ദവസമൂഹത്തിന്റെ ജീവിതചര്യയും ചിന്താഗതികളും പ്രവൃത്തികളും വേദത്തെ അടിസ്ഥാനമാക്കിയാകണം. ഇതിൽനിന്ന് വ്യതിചലിക്കുമ്പോഴാണ് നാം ബുദ്ധിമുട്ടുകളെ നേരിടേണ്ടിവരുന്നത്. എന്നാൽ, ധർമത്തിന് കോട്ടം സംഭവിക്കുമ്പോഴൊക്കെ ഭഗവാൻ വിവിധ രൂപങ്ങളിൽ അവതരിക്കുന്നു. വേദം സയൻസല്ല. പഞ്ചഭൂതങ്ങളുടെ സൃഷ്ടിക്കുശേഷമാണ് സയൻസുള്ളത്. എന്നാൽ, സയൻസ് എവിടെ അവസാനിക്കുന്നുവോ, അവിടെയാണ് ബ്രഹ്മം. എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന ഊർജമാണ് ബ്രഹ്മം. ഗൃഹസ്ഥാശ്രമികൾക്ക് സാധന നാമജപമാണെന്നും, നിരന്തരനാമജപം നമുക്ക് ഊർജം പകരുന്നതായും സരിതാ അയ്യർ പറഞ്ഞു.
ഹിന്ദുവിന്റെ അടിത്തറ കാവുകളും ക്ഷേത്രങ്ങളും
ഹിന്ദുവിന്റെ അടിത്തറ കാവുകളും ക്ഷേത്രങ്ങളും ആൽവൃക്ഷങ്ങളുമാണെന്ന്, അംബായാഗത്തിൽ പ്രഭാഷണം നടത്തിയ ജയരാജ് മിത്ര പറഞ്ഞു.ബ്രഹ്മാവിഷ്ണുമഹേശ്വരർ കുടികൊള്ളുന്ന ആൽവൃക്ഷത്തിൽ സമസ്ത ദേവകുലങ്ങളും ഉണ്ട്. ആൽവൃക്ഷത്തിന് ഏഴുതവണ പ്രദക്ഷിണം വെയ്ക്കുന്നതോടെ ശരീരത്തിലെ ഏഴ് ഊർജചക്രം ശുദ്ധമാകുകയും ഏഴ് ജന്മത്തിലെ പാപങ്ങൾ ഇല്ലാതാകുകയും ചെയ്യുമെന്നാണ് വശ്വാസം. ആൽവൃക്ഷങ്ങൾ മുറിച്ചുനീക്കുന്നത് ഹിന്ദുവിന്റെ ബലം കുറയുന്നതിന് കാരണമാകുന്നു. പണ്ട് ആൽമരക്കൊമ്പ് ഒടിഞ്ഞുവീണാൽപ്പോലും ദഹിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ദേശീയവൃക്ഷമായ ആൽമരം മുറിക്കുന്നത് ക്രിമിനൽക്കുറ്റമാക്കുകയാണ് വേണ്ടത്. മുൻപ് പ്രകൃതിയോടുചേർന്ന് ജീവിച്ചിരുന്നതായിരുന്നു നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം. എന്നാൽ, എങ്ങനെ പ്രകൃതിയുമായി അകന്നുകഴിയാമെന്ന ചിന്തയാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേവീ ഉപാസന ജീവിതചര്യയാകണം
ദേവീ ഉപാസന ജീവിതവ്രതംപോലെ നിത്യവും ചെയ്യേണ്ടതാണെന്ന്, പ്രഭാഷണം നടത്തിയ വി.ആർ. രാജേഷ്‌ശർമ പറഞ്ഞു. നിത്യവും ദേവീ ഉപാസനകൾ നടന്നുവന്നിരുന്ന കുടുംബങ്ങളിൽ അവ മുടങ്ങിപ്പോയതാണ് പല ദുരിതങ്ങൾക്കും ദോഷങ്ങൾക്കും കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രംതന്ത്രി പറവൂർ രാകേഷിന്റെ കാർമികത്വത്തിൽ നടന്ന ഗണപതിഹോമത്തോടെയാണ് അഞ്ചാംദിവസ ചടങ്ങുകൾക്ക് തുടക്കമായത്.
ഭരതനാട്യാചാര്യൻ മനു മാസ്റ്ററും സംഘവും നയിച്ച ഭരതനാട്യക്കച്ചേരിയും നടന്നു.
Published: 14 Oct 2026, 12:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented