ആറുമാസത്തിനിടയിൽ അപകടമരണം എട്ട്
മാങ്കാംകുഴി : റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് കെ.എസ്.ടി.പി. പുനർനിർമിച്ച തട്ടാരമ്പലം-പന്തളം റോഡിൽ അപകടങ്ങളൊഴിയുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടയിൽ ഈ റോഡിൽ അപകടത്തിൽപ്പെട്ടു മരിച്ചത് എട്ടുപേർ. മരിച്ചവരെല്ലാം ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്തവരും. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ബി.എം.ബി.സി. നിലവാരത്തിൽ കെ.എസ്.ടി.പി. നിർമിച്ച പാത കുരുതിക്കളമായിമാറി.
ആവശ്യത്തിലേറെ വീതിയുണ്ടായിരുന്ന റോഡിനിരുവശങ്ങളിലും ഓടകൾ നിർമിച്ച് അവയ്ക്ക് റോഡുനിരപ്പിനെക്കാൾ ഒരടിപ്പൊക്കത്തിൽ മേൽമൂടിയിട്ട്, ആവശ്യമില്ലാത്തയിടങ്ങളിൽ വേലിക്കെട്ടുകൾ സ്ഥാപിച്ച്, വാഹനങ്ങൾ നിർത്താനോ പാർക്കുചെയ്യാനോ സ്ഥലമില്ലാതെ അപകടംനിറഞ്ഞ ദുരന്തവഴിയായി മാറി. അഞ്ചുവർഷത്തെ അറ്റകുറ്റപ്പണികൾകൂടി ചെയ്യുമെന്ന് പറഞ്ഞിരുന്ന റോഡ് പലയിടങ്ങളിലും പൈപ്പുകൾ പൊട്ടിയതിനെത്തുടർന്ന് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നു.
വാഹനങ്ങൾ റോഡിൽ കൂടിയതും അതിവേഗവും അശ്രദ്ധയോടുകൂടിയ ഡ്രൈവിങ്ങും ലഹരിയുപയോഗവും അപകടങ്ങളുടെ നിരക്കുയർത്തി. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് സ്പീഡ് ഗവർണറുകൾ ഉണ്ടെങ്കിലും ഒരു വാഹനങ്ങളിലും അവ ശരിയായി പ്രവർത്തിക്കുന്നില്ല. സ്‌കൂൾസമയങ്ങളിൽ ഭാരം കയറ്റിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെന്നു പറയുന്നതല്ലാതെ അവ നടപ്പാകുന്നില്ല.
ടിപ്പർ, ടോറസ് ലോറികൾ ഈ വഴിയിലൂടെ അതിവേഗത്തിലാണ് പായുന്നത്. അതുകൂടാതെ, സാധാരണക്കാരായ ആളുകളെ ഭയപ്പെടുത്തുന്നവിധത്തിൽ ബൈക്ക് അഭ്യാസപ്രകടനങ്ങളും മിക്ക ദിവസങ്ങളിലും കാണാം. ഈ മേഖലയിൽ പോലീസ് നിർജീവമായി തുടരുന്നത് അപകടങ്ങൾ കൂടുന്നതിനു കാരണമാകുന്നു.
Published: 20 Sept 2026, 02:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented