കണിച്ചുകുളങ്ങര : ദേശീയപാത നിർമാണക്കമ്പനിയുടെ വാഹനങ്ങൾ പാർക്കുചെയ്യാനുള്ള ഇടമായി മേൽപ്പാലം മാറിയതോടെ യാത്രാദുരിതമേറി. വാഹനങ്ങളെല്ലാം സർവീസ് റോഡിലൂടെ തിരിച്ചുവിടുന്നതിനാൽ തിരുവിഴയിലും കണിച്ചുകുളങ്ങരയിലും കടുത്ത യാത്രാദുരിതമാണ്.
തിരുവിഴയിലും കണിച്ചുകുളങ്ങരയിലും മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയായിട്ട് രണ്ടുമാസത്തോളം കഴിഞ്ഞു. സുരക്ഷാ പരിശോധനകൾക്കുശേഷം രണ്ടു പാലത്തിലൂടെയും വാഹനങ്ങൾ പോയിരുന്നു. എന്നാൽ, ഒരാഴ്ചയായി രണ്ടു പാലത്തിലൂടെയും വാഹനങ്ങൾ വിടുന്നില്ല. പകരം സർവീസ് റോഡിലൂടെയാണ് യാത്ര.
തിരുവിഴയിൽ പാലത്തിനു കിഴക്കുഭാഗത്ത് നിർമാണം നടക്കുന്നുണ്ട്. ഇവിടെ റോഡ് പൊളിച്ച് കോൺക്രീറ്റ് ചെയ്തു. എന്നാൽ, കണിച്ചുകുളങ്ങരയിൽ നിർമാണപ്രവർത്തനം ഒന്നുമില്ല. ഈ പാലം വഴി വാഹനങ്ങൾ കടത്തിവിടാൻ പറ്റുന്ന സാഹചര്യമാണുള്ളത്. എന്നാൽ, ഈ ഭാഗത്ത് ദേശീയപാതയുടെ കിഴക്കുവശം തിരുവിഴ മുതൽ എസ്.എൻ. കോളേജ് വരെ ദേശീയപാത നിർമാണക്കമ്പനിയുടെ ലോറികളും മറ്റു വാഹനങ്ങളും പാർക്ക് ചെയ്യുകയാണ്.
കണിച്ചുകുളങ്ങരയിലെ സിൽക്കിന്റെ വക സ്ഥലത്താണ് ദേശീയപാത നിർമാണക്കമ്പനിയുടെ ക്യാമ്പ് ഹൗസ് പ്രവർത്തിക്കുന്നത്. ഇവിടെ വാഹനങ്ങൾ പാർക്കുചെയ്യാനിടമില്ല. തുടർന്നാണ് ക്യാമ്പ് ഹൗസിനു മുന്നിലുള്ള പാലത്തിന്റെ കിഴക്കുഭാഗം പാർക്കിങ് ഏരിയ ആക്കിയത്. ദേശീയപാതയിൽ മായിത്തറ മുതൽ കഞ്ഞിക്കുഴി വരെ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്.
തിരുവിഴ ഭാഗത്ത് സർവീസ് റോഡ് തകർന്നു തരിപ്പണമായി കിടക്കുകയാണ്. റോഡരികിൽ ജപ്പാൻ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനുണ്ടാക്കിയ കുഴിയിൽ ഒട്ടേറെ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. പൊടിശല്യം നിമിത്തം പല കടകളും പൂട്ടി. മൂന്നു കിലോമീറ്ററോളം ദൂരം മറികടക്കാൻ മൂന്നും നാലും മണിക്കൂർ വേണം.
സർവീസ് റോഡിലൂടെ പോകുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ തിരുവിഴ, കണിച്ചുകുളങ്ങര, എസ്.എൻ. കോളേജ്, തുടങ്ങിയ സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾക്ക് പോകാൻ പറ്റില്ല. ബസിനെ മറികടന്നു പോകാനുള്ള സ്ഥലം സർവീസ് റോഡിലില്ല. വാഹനങ്ങളുടെ വരി ചിലപ്പോൾ ചേർത്തല വരെ നീളും. ദേശീയപാതയോരത്തെ കടകളിലേക്ക് ഇരുചക്രവാഹനങ്ങളിൽപ്പോലും എത്താനാകില്ല.
ഉപഭോക്താക്കളുടെ കുറവും പൊടിശല്യവുംമൂലം ഹോട്ടലുകൾ ഉൾപ്പെടെയുള്ളവ പൂട്ടി. ദേശീയപാത നിർമാണ കമ്പനിയുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തിയാൽ കണിച്ചുകുളങ്ങര പാലത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാനാവും. സർവീസ് റോഡിലെ ഗതാഗതക്കുരുക്കും ഇല്ലാതാകും.
പോലീസ്, മോട്ടോർവാഹന വകുപ്പ്, ദേശീയപാത അധികൃതർ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. മാരാരിക്കുളം പോലീസ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തേ കണിച്ചുകുളങ്ങരയിലും എസ്.എൻ. കോളേജിലും വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ പോലീസ് സഹായം ലഭിച്ചിരുന്നു. എന്നാൽ, ഇതിപ്പോഴില്ല. ചേർത്തല എസ്.എൻ. കോളേജിലെയും ഹയർ സെക്കൻഡറി സ്കൂളിലെയും കണിച്ചുകുളങ്ങര എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിലെയും വിദ്യാർഥികളും യാത്രാദുരിതത്തിലാണ്.
Published: 31 Oct 2026, 02:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented