ഡ്രൈവർക്കും സുഹൃത്തിനും പരിക്ക്

To advertise here,

മാവേലിക്കര : മണ്ണുമായെത്തിയ ടിപ്പർ ലോറിയിൽ എതിരേവന്ന കാറിടിച്ചതിനെത്തുടർന്ന് ലോറി നിയന്ത്രണംവിട്ട് നടുറോഡിൽ മറിഞ്ഞു. ഈ സമയം റോഡിലൂടെ വന്ന മറ്റൊരു കാറിലെ യാത്രക്കാർ മറിഞ്ഞ ലോറിക്കടിയിൽപ്പെടാതെ തലനാരിഴയിടയ്ക്ക് രക്ഷപ്പെട്ടു. ലോറി ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.

മാവേലിക്കര-പന്തളം റോഡിൽ പുതിയകാവ് പാലത്തിനുസമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. പന്തളത്തുനിന്ന് മണ്ണുമായി ഹരിപ്പാട് ഭാഗത്തേക്കു പോകുകയായിരുന്ന ടിപ്പർ ലോറിയുടെ വശത്ത് എതിരേവന്ന കാർ ഇടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണംവിട്ട ലോറി റോഡിൽ വട്ടംമറിഞ്ഞു. ലോറി ഡ്രൈവർ ഹരിപ്പാട് ചെറുതന പനംതിട്ടയിൽ രാജേഷ് (46), സുഹൃത്ത് ഹരിപ്പാട് പിലാപ്പുഴ അനിൽകുമാർ (48) എന്നിവർക്ക് പരിക്കേറ്റു. മുൻവശത്തെ ചില്ലുതകർന്ന ഭാഗത്തുകൂടി അനിൽകുമാർ ലോറിയിൽനിന്നു പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അനിൽകുമാറിനു കാലിനും രാജേഷിന് തലയ്ക്കുമാണ് പരിക്ക്. ഇരുവരെയും മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറിഞ്ഞ ലോറിയിൽത്തട്ടി അതുവഴിയെത്തിയ മറ്റൊരു കാറിനു ഭാഗിക നാശമുണ്ടായി. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാർ ലോറിക്കടിയിൽപ്പെടാതിരുന്നത്. റോഡിനു കുറുകേ മറിഞ്ഞ ലോറിയിലെ ഗ്രാവൽ റോഡിൽ നിരന്നതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മറിഞ്ഞ ലോറിയും ഗ്രാവലും നീക്കിയശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. മാവേലിക്കര പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.