ഉപ്പുതറ : പണിതീർന്നിട്ട് വർഷം മൂന്നായി. കുടിവെള്ളം കിട്ടുമെന്ന് എല്ലാവരും കരുതി. ഒന്നും സംഭവിച്ചില്ല. വൈദ്യുതി കണക്ഷൻ കിട്ടാത്തതിനാൽ ചൊരയ്ക്കാമൊട്ടപ്പുതുവലിലെ കുടിവെള്ളപദ്ധതിയിൽനിന്ന് കുടിനീർ ഇതുവരെ കിട്ടിത്തുടങ്ങിയില്ല.
പദ്ധതി കമ്മിഷൻ ചെയ്യാത്തതിനാൽ കരിന്തരുവി, ആറാംമൈൽ, 27 പുതുവൽ, പൊരികണ്ണി ലക്ഷംവീട് കോളനി എന്നീ പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
2022-ലാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതിക്ക് തുടക്കമിട്ടത്. ചീന്തലാർ പുഴയുടെ തീരത്ത് കരിന്തരുവി എസ്റ്റേറ്റ് വിട്ടുനൽകിയ സ്ഥലത്ത് കിണറും, ചൊരയ്ക്കാമൊട്ട മലമുകളിൽ ഐ. ജോൺ നൽകിയ മൂന്നുസെന്റ് സ്ഥലത്ത് 42,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും നിർമിച്ചു.
പിന്നീട് ഫണ്ട് തികയാതെവന്നതോടെ അഞ്ചുലക്ഷം രൂപകൂടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു.
പൈപ്പുലൈനുകളും സ്ഥാപിച്ചു. ഉപ്പുതറ പഞ്ചായത്ത് മോട്ടോർപുരയുടെ നിർമാണവും പൂർത്തിയാക്കി. മോട്ടോർപുരയ്ക്ക് സമീപത്തുകൂടി ത്രീഫെയ്‌സ് ലൈൻ കടന്നുപോകുന്നത്. എന്നിട്ടും വൈദ്യുതി കണക്ഷൻ എടുക്കുന്നതിൽ കരാറുകാരനും അധികൃതരും വീഴ്ചവരുത്തിയെന്നാണ് ആരോപണം.
ഇപ്പോൾ മലയിറങ്ങിച്ചെന്ന് കുളത്തിൽനിന്ന് തലച്ചുമടായാണ് പ്രദേശവാസികൾ വീട്ടിലേക്ക് വെള്ളമെത്തിക്കുന്നത്.
അതേസമയം, പമ്പ് ഹൗസിലേക്ക് വൈദ്യുതി എത്തിക്കാൻ 50,000 രൂപ ഫണ്ട് ലഭ്യമായിട്ടും നിലവിലെ ഭരണസമിതി അനാസ്ഥ കാട്ടുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.പി. ജോൺ ആരോപിച്ചു. പമ്പ് ഹൗസിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ഓമനാ സോദരൻ അറിയിച്ചു. എത്രയും പെട്ടെന്ന് പദ്ധതി യാഥാർഥ്യമാക്കണമെന്നാണ് ദുരിതമനുഭവിക്കുന്ന ജനങ്ങൾ ആവശ്യപ്പെടുന്നത്.
Published: 31 Oct 2026, 02:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented