തെങ്ങിന്റെ ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ബോറോണിന്റെ കുറവ്. ഓലക്കാലുകൾ വിരിയാതെ 'ചൂണ്ട' പോലെ വളരുന്നതും, മച്ചിങ്ങകൾ അകാലത്തിൽ പൊഴിഞ്ഞു വീഴുന്നതും ഇതിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. മിക്കപ്പോഴും മണ്ടയടപ്പോ കൂമ്പടപ്പോ ആയി തെറ്റിദ്ധരിക്കപ്പെടുന്ന ഈ അവസ്ഥ, തേങ്ങയുടെ വിള്ളലിനും കാമ്പ് ശരിയായി ഉണ്ടാകാത്തതിനും കൊപ്രയുടെ ഗുണമേന്മ കുറയുന്നതിനും കാരണമാകുന്നു.
ബോറോണിന്റെ അഭാവം തെങ്ങുകളിൽ വരുത്തുന്ന പ്രധാന ബാഹ്യലക്ഷണം ഓലകളുടെ രൂപവൈകൃതമാണ്. ഓലക്കാലുകളുടെ അഗ്രങ്ങൾ ഒട്ടിച്ചേർന്നു വിരിയാത്തതുപോലെ കാണുന്നു. ചുരുൾ വിടരാത്ത ഇളം ഓലകൾ നാമ്പിനുചുറ്റും തിങ്ങിക്കൂടി വളർന്ന്, നാമ്പോലകളുടെ വിരിച്ചിലിന് തടസ്സം തീർക്കും. കണ്ടാൽ മണ്ടയടപ്പോ കൂമ്പടപ്പോ പോലെ തോന്നും.
ഓലക്കാലുകളുടെ അറ്റം വളഞ്ഞു ചാട്ട/ചൂണ്ട പോലെയാകും. ചില ഓലമടലുകളുടെ പുറം വരണ്ട് വിള്ളലുകളും കരിച്ചിലുമായും കാണാം. കായ്ക്കുന്ന തെങ്ങുകളിൽ പൂങ്കുലകൾ ഉണ്ടാകാൻ കാലതാമസം നേരിടും. മച്ചിങ്ങാപൊഴിച്ചിലും ഉണ്ടാകും. തേങ്ങയുടെ പുറംഭാഗത്തു വിള്ളലുകൾ വീഴുക, ശരിയാംവണ്ണം കാമ്പുണ്ടാകാതിരിക്കുക തുടങ്ങിയവ പതിവാകും. കൊപ്രയുടെ ഗുണമേന്മയിലും കുറവ് സംഭവിക്കും. ഓലക്കാലുകൾ യഥാസമയം വിരിയാതെ കുഴൽപോലെ വളർന്നു ഒരു വടി പോലെ മധ്യത്തിൽ നിൽക്കുന്നതും ലക്ഷണമാണ്. തൈത്തെങ്ങുകളിൽ മടൽ ചീയുന്നതായും കണ്ടിട്ടുണ്ട്.
തെങ്ങിന്റെ ഉത്‌പാദനവ്യവസ്ഥയെ പലതരത്തിലാണ് ബോറോണിന്റെ കുറവ് ബാധിക്കുന്നത്. തെങ്ങുകളിൽ പൂങ്കുലകൾ ഉണ്ടാകുവാൻ നേരിടുന്ന താമസം. ചിലതിൽ ഉണ്ടാകുന്ന പൂങ്കുലകളാകട്ടെ മച്ചിങ്ങ പാകമാകുന്നതിനു മുൻപു പൂങ്കുല പൊട്ടി മച്ചിങ്ങകൾ കൊഴിഞ്ഞുപോകും. തേങ്ങയുടെ വളർച്ച മുരടിച്ചു കാമ്പ് രൂപപ്പെടാതിരിക്കുകയും പുറംഭാഗത്തു വിള്ളലുകൾ ഉണ്ടാകുകയും ചെയ്യും.
പുറംഭാഗത്തു വിള്ളലുകൾ ഇല്ലാത്ത തേങ്ങകൾ പൊതിച്ചുകഴിയുമ്പോൾ ചിലപ്പോൾ ചിരട്ട വിണ്ടുകീറിയിരിക്കുന്നതായി കാണാം. അവയുടെ കൊപ്രയും മേന്മ കുറഞ്ഞതായിരിക്കും. കുലകളിൽ മച്ചിങ്ങ പിടിക്കാതിരിക്കുക, പിടിച്ചവ കൊഴിഞ്ഞു പോകുക എന്നിവയും സംഭവിക്കും. പാകമാകാത്ത തേങ്ങകൾ ഉണങ്ങി കുലകളിൽത്തന്നെ തൂങ്ങിക്കിടക്കുന്നു. കുലകളിൽ മൂപ്പെത്തിയ പൂർണവളർച്ചയുള്ള തേങ്ങകളോടൊപ്പം വളരെ ചെറിയ തേങ്ങകളും കാണാം.
പരിഹാരമാർഗങ്ങൾ
മണ്ണിന്റെ അമ്ലത കുറയ്ക്കാനായി കുമ്മായമോ ഡോളോമൈറ്റോ ഒരു കിലോഗ്രാം വീതം തെങ്ങൊന്നിന് നൽകണം. മണ്ണിന്റെ ജൈവാംശം വർധിപ്പിക്കുക, കൃത്യമായി ഈർപ്പം നിലനിർത്തുക ഒക്കെ ഇവിടെ പ്രധാനമാണ്. ബോറാക്സ് എന്ന രാസപദാർഥം 150 ഗ്രാം വീതം മൂന്നുമാസം ഇടവിട്ട് അഞ്ചുവർഷംവരെ പ്രായമായ തൈത്തെങ്ങിനു ചേർക്കണം. അതിനുമുകളിൽ പ്രായമുള്ളവയ്ക്കു 250 ഗ്രാം വീതം രണ്ടു തവണയായി തെങ്ങിൻചുവട്ടിൽ മറ്റു വളങ്ങളോടൊപ്പം ചേർക്കാം. നനയ്ക്കാൻ സൗകര്യമുള്ള ഇടങ്ങളിൽ ഇത് മൂന്നോ നാലോ തവണകളായി ഇടാം. ജൈവവളത്തിൽ ചേർത്ത് ബോറാക്സ് മൂന്നോ നാലോ തവണകളായി നൽകുന്നത് ബോറോണിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും. ബോറാക്സ് ചേർക്കുമ്പോൾ മണ്ണിൽ നനവുണ്ടായിരിക്കണം. അഭാവലക്ഷങ്ങൾ മാറുന്നതുവരെയേ ഇത് നൽകേണ്ടതുള്ളൂ.
Content Highlights: Struggling with coconut fruit drop and cracked husks? Learn how to identify and treat boron deficiency in coconut palms with our expert guide.
Published: 08 Jul 2026, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented