
കൊടുംചൂട് മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും ഏറെ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അമിതമായ ചൂട് പ്രതിരോധിക്കാനുള്ള ശാരീരികാവസ്ഥ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. കോഴികളില്‍ ഉയര്‍ന്ന താപനിലമൂലം മരണനിരക്ക് കൂടുന്നുണ്ട്. കോഴികള്‍ മുട്ടയിടുന്ന സ്ഥലത്തെ താപനില 23.8 ഡിഗ്രി സെന്റിഗ്രേഡ് ആകുന്നതാണ് ഉത്തമം.
29.4 ഡിഗ്രിവരെ സുഖപ്രദവുമാണ്. മുട്ടയിടുന്ന സ്ഥലത്തെ ഊഷ്മാവ് 32.3 ഡിഗ്രിക്ക് മുകളിലായിരിക്കുമ്പോള്‍ പക്ഷികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാകുകയും തീറ്റകഴിക്കുന്നത് കുറയുന്നതിലൂടെ മുട്ട ഉത്പാദനവും ഇറച്ചി ഉത്പാദനവും കുറയുകയുംചെയ്യുന്നു. ചൂട് 37.8 ഡിഗ്രിയില്‍ കൂടുതലായാല്‍ മരണനിരക്കും വളരെ കൂടുന്നു.
ചൂടുകൂടിയാല്‍
കാലുകളും ചിറകുകളും നീട്ടി കിടക്കുക, ഉയര്‍ന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛ്വാസം, വായ തുറന്നുപിടിച്ചുള്ള ശ്വാസമെടുപ്പ്, നന്നായി തീറ്റയെടുത്തിരുന്ന കോഴികള്‍ പെട്ടെന്ന് തീറ്റയോട് മടുപ്പ് കാണിക്കല്‍, വര്‍ധിച്ച ദാഹം, തണലിടങ്ങളില്‍ കൂട്ടമായി തൂങ്ങി നില്‍ക്കുക, ഭാരം കുറയുക, മുട്ടയുടെ വലുപ്പം കുറയല്‍, മുട്ടയുടെ പുറംതോടിന്റെ കനം കുറയുക, പൊട്ടിയ മുട്ടയുടെ വര്‍ധന എന്നിവയും മുട്ടയുത്പാദനം 30 മുതല്‍ 40 ശതമാനംവരെ പെട്ടെന്ന് കുറയുന്നതായും കാണാം.
തീറ്റയെടുപ്പും തീറ്റപരിവര്‍ത്തനശേഷിയും കുറയുന്നത് ഇറച്ചിക്കോഴികളില്‍ വളര്‍ച്ചയും ഭാരവും കുറയാന്‍ കാരണമാവും. താപനില 32 ഡിഗ്രിക്ക് മുകളില്‍ ഓരോ ഡിഗ്രി വര്‍ധിക്കുംതോറും തീറ്റപരിവര്‍ത്തന ശേഷിയും വളര്‍ച്ചയും അഞ്ചുശതമാനംവരെ കുറയും. മാത്രമല്ല, പ്രതിരോധശേഷി കുറയുന്നതുകാരണം കോഴിവസന്ത, കോഴിവസൂരി, കണ്ണുരോഗങ്ങള്‍, കോക്‌സിഡിയോസിസ്, അടക്കമുള്ള രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. അത്യുഷ്ണത്തില്‍നിന്ന് കോഴികളെ സംരക്ഷിക്കാന്‍ ശ്രദ്ധാപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ വേണം.
ജലം
പരിപാലനഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജലമാണ്. വേനല്‍ക്കാലത്ത് ജലോപഭോഗം 3-4 മടങ്ങ് കൂടുതലാണ്. സാധാരണയായി തീറ്റ-ജലം ഉപഭോഗാനുപാതം 1:2 ആണ്. കൂടുകളിലെ പക്ഷികള്‍ക്ക് ശുദ്ധവും തണുത്തതുമായ വെള്ളം തുടര്‍ച്ചയായി നല്‍കണം. ചെറിയ ഐസ് കഷണങ്ങള്‍ കുടിവെള്ള സംഭരണികളിലോ വെള്ളപ്പാത്രങ്ങളിലോ ഇട്ടുകൊടുക്കാം.
തീറ്റനല്‍കല്‍
വേനല്‍ക്കാലത്ത് തീറ്റ ഉപഭോഗം ഗണ്യമായി കുറയുന്നു. ഇത് ശരീരഭാരം, മുട്ടയുത്പാദനം, ഷെല്ലിന്റെ ഗുണനിലവാരം എന്നിവയെ ബാധിക്കും. പകല്‍ രാവിലെയും വൈകുന്നേരവും തീറ്റനല്‍കുന്നതാണ് നല്ലത്. 20-30 ശതമാനം അധിക വിറ്റാമിനുകളും ധാതുക്കളും തീറ്റയില്‍ ചേര്‍ക്കണം. സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍പറ്റുന്ന വൈറ്റമിന്‍ സി നല്‍കണം.
ഒരു കിലോഗ്രാം തീറ്റയില്‍ 200 മില്ലിഗ്രാം വിറ്റാമിന്‍ സി, എന്ന അനുപാതത്തില്‍ നല്‍കാം. ഇലക്ട്രോലൈറ്റുകള്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, പ്രോബയോട്ടിക്കുകള്‍ എന്നിവ നല്‍കുന്നതിലൂടെയും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനും സമ്മര്‍ദം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
മുട്ടയിടല്‍ ആരംഭിച്ചാല്‍ ഒരു കോഴിക്ക് ഒരു ദിവസം വേണ്ടുന്ന തീറ്റ 100 മുതല്‍ 120 ഗ്രാം വരെയാണ്. കൂടുകളില്‍ വളര്‍ത്തുന്ന കോഴികള്‍ക്കാണ് ഇത്രയും തീറ്റ ആവശ്യമായി വരുന്നത്. വീട്ടുമുറ്റത്ത് വളരുന്ന കോഴികള്‍ അവയ്ക്കുവേണ്ടുന്ന തീറ്റ സ്വയം കണ്ടെത്തും. എന്നിരുന്നാലും 40-50 ഗ്രാം ലെയര്‍ തീറ്റ ദിവസവും കൊടുക്കണം.
ഇത് രാവിലെ കൂട്ടില്‍നിന്ന് മേയാനായി പോകുന്നതിനുമുന്‍പും അതേപോലെ വൈകുന്നേരം കൂട്ടിലേക്ക് തിരിച്ചെത്തുമ്പോഴും നല്‍കാം. പാത്രങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണം. മുട്ട ഉത്പാദനത്തിന് കാല്‍സ്യം വളരെ ആവശ്യമാണ്. ദിവസം അഞ്ചുഗ്രാം കാല്‍സ്യം ആവശ്യമാണ്. കക്കത്തോട് പൊടിച്ച് ആഹാരത്തോടൊപ്പം നല്‍കാം.
കൂട്
സൂര്യപ്രകാശം നേരിട്ട് കോഴിക്കൂട്ടില്‍ പതിയാതിരിക്കാന്‍ കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വേണം കൂടുപണിയാന്‍. ഓല, വൈക്കോല്‍ തുടങ്ങിയ അനുയോജ്യമായ മേല്‍ക്കൂര ഉപയോഗിക്കുന്നതിലൂടെ കോഴിക്കൂടിനകത്ത്, പുറത്തുള്ള താപനിലയെക്കാള്‍ അഞ്ചുമുതല്‍ 10 ഡിഗ്രിവരെ ചൂട് കുറയ്ക്കാന്‍ സാധിക്കും. ഉഷ്ണകാലത്ത് ആറിഞ്ച് കനത്തില്‍ ഓലമേഞ്ഞ മേല്‍ക്കൂരയില്‍ നിര്‍മിച്ച കൂട് കൂടുതല്‍ ആശ്വാസം നല്‍കും.
വലിയ ഫാമുകളില്‍ കൂടുതല്‍ക്കാലം നിലനില്‍ക്കുന്നതും ചൂട് പ്രതിരോധിക്കാന്‍ കഴിവുള്ളതുമായ അലുമിനിയംകൊണ്ട് മേല്‍ക്കൂര നിര്‍മിക്കാം. തറയും മേല്‍ക്കൂരയും തമ്മിലുള്ള ഉയരം ഷെഡിന്റെ നടുവില്‍ നാലുമീറ്ററും വശങ്ങളില്‍ 3.5 മീറ്ററും ആയിരിക്കണം. മേല്‍ക്കൂരയുടെ ചായ്വ് മൂന്നുമുതല്‍ അഞ്ചടിവരെ നീട്ടിക്കൊടുക്കുന്നത് കൂടിനുള്ളില്‍ ഏല്‍ക്കുന്ന വെയിലിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
മേല്‍ക്കൂരയിലെ ചൂടിന്റെ ആഗിരണം കുറയ്ക്കാന്‍ മേല്‍ക്കൂര വെള്ളപൂശുകയോ ചാക്ക്, വൈക്കോല്‍, ഓല എന്നിവ വിരിക്കുകയോ ചെയ്യാം. കോഴികള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനായി തറ വിസ്തീര്‍ണം 10 ശതമാനം വര്‍ധിപ്പിക്കണം. കൂടുകളില്‍ വായുസഞ്ചാരം ലഭ്യമാകണം.
വിവരങ്ങള്‍ക്ക്: 9947452708.
Content Highlights: Beat the Heat: Protecting Chickens from Summer Heat
Published: 15 Mar 2025, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented