ജീവജാലങ്ങളുടെ വളർച്ചയ്ക്കും ശാരീരികപ്രവർത്തനത്തിനും ആരോഗ്യത്തിനും ഏറെ ഉപകാരപ്രദമായ ഒരുകൂട്ടം അമിനോ അമ്ലങ്ങളുടെ കലവറയാണ് കോഴിമുട്ട. ഹിസ്റ്റിഡിൻ, ഐസൊലൂസിൻ, മെഥിയോണിൻ, ലൈസിൻ, ലൂസിൻ, ഫെനിൽ അലനിൻ, ത്രിയോണിൻ, ട്രിപ്റ്റോഫാൻ, വാലിൻ എന്നിങ്ങനെ. ഇവ ഇതേപടി മനുഷ്യന് ഗുണകരമാകുമെങ്കിലും വിളകൾക്കും ചെടികൾക്കും ഇത് ഉപകാരപ്രദമാകണമെങ്കിൽ ഇതിലേക്ക് ചെറുനാരങ്ങാനീരും കറുത്ത നാടൻ ശർക്കരയും ചേർക്കണം. എങ്കിലേ മുട്ടയിലെ പ്രകൃതിദത്തമായ മാംസ്യം വിഘടിച്ച് ചെടികൾക്ക് ഉപകാരപ്രദമായ പോഷകങ്ങളായി മാറൂ. ഈ രീതിയിലാണെങ്കിൽ ചെടികൾക്ക് വേഗം ആഗിരണംചെയ്യാനും കരുത്തോടെ വളരാനും കഴിയും.
കർഷകരുടെ പ്രായോഗികബുദ്ധി
കർഷകരുടെ പ്രായോഗികബുദ്ധിയാണ് ഈ കണ്ടെത്തലിനു പിന്നിൽ. ഒട്ടേറെ കർഷകർ പച്ചക്കറിക്കൃഷിക്കും മറ്റും അപായരഹിതമായ വളക്കൂട്ട് എന്നനിലയ്ക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. കൃഷിശാസ്ത്രം ഇതിനെ ‘ബയോ സ്റ്റിമുലന്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. വളർച്ച ഉത്തേജിപ്പിക്കുന്നത് എന്നാണ് ഇനിനർഥം.
വേരുകളുടെ വളർച്ചയും സസ്യശരീരത്തിൽ പോഷകങ്ങളുടെ സഞ്ചാരവും വേഗത്തിലാക്കുകയും മണ്ണിൽത്തന്നെയുള്ള ചില മൂലകങ്ങളുടെ ലഭ്യത മണ്ണിലെ സൂക്ഷ്മാണുക്കളുമായി ചേർന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിലെ അമിനോ അമ്ലങ്ങൾ മണ്ണിൽനിന്ന് നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യമൂലകങ്ങളുടെ ആഗിരണവും ഉപയോഗവും ഉറപ്പിക്കുന്നു. പരിസ്ഥിതിസമ്മർദങ്ങളായ വരൾച്ച, ലവണാധിക്യം, ഊഷ്മാവിലെ വ്യതിയാനങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ട്രിപ്റ്റോഫാൻ പോലുള്ള ചില അമിനോ അമ്ലങ്ങൾ പൂപിടിത്തവും കായ്‌കളായി മാറുന്നതും പ്രോത്സാഹിപ്പിക്കുന്നു. ഇതെല്ലാം മുട്ടമിശ്രിതം എന്ന വളർച്ചാ ഹോർമോൺ വിളകൾക്ക് നൽകുന്ന അധികമേന്മകളാണ്.
എങ്ങനെ തയ്യാറാക്കാം?
കുറഞ്ഞ ചേരുവകൊണ്ട് വീട്ടിൽ തയ്യാറാക്കാവുന്ന ജൈവക്കൂട്ടാണിത്. നാടൻ കോഴിമുട്ട 15 എണ്ണം, നല്ല നീരുള്ള ചെറുനാരങ്ങ ആവശ്യത്തിന്, ഒരു കിലോ ശുദ്ധമായ കറുത്ത നാടൻ ശർക്കര എന്നിവയാണ് ചേരുവകൾ. ഒരു കോഴിമുട്ടയ്ക്ക് ആറ് ചെറുനാരങ്ങയും 40 ഗ്രാം ശർക്കരയും എന്നതാണ് തോത്. വാവട്ടം കുറഞ്ഞ, നന്നായി അടച്ചുവെക്കാൻപറ്റുന്ന പ്ലാസ്റ്റിക് പാത്രത്തിലാണിത് തയ്യാറാക്കുന്നത്.
കഴുകി വൃത്തിയാക്കി വെയിലത്ത് ഉണക്കിയതാകണം പാത്രം. കട്ടിയുള്ള ഭരണിയും കൊള്ളാം. വായ് മൂടാൻ കറുത്ത തുണി വേണം. മുട്ടയും ചെറുനാരങ്ങയും നനഞ്ഞ തുണികൊണ്ടു തുടച്ചു വൃത്തിയാക്കി പൊട്ടാതെ പാത്രത്തിൽ അടുക്കിവെക്കുക. നാരങ്ങ പിഴിഞ്ഞെടുത്ത നീര് മുട്ടകൾ മുങ്ങിക്കിടക്കുംവിധം പാത്രത്തിലൊഴിക്കുക.
വെളിച്ചം കടക്കാത്ത ഒരു മുറിയിൽ പാത്രം നന്നായി അടച്ച് കറുത്ത തുണികൊണ്ട് മൂടി 10-15 ദിവസം വെക്കുക. ഇത്രയും ദിവസം കഴിയുമ്പോൾ മുട്ടകൾ നന്നായി ഉടച്ചു പരുവപ്പെടുത്തി അതിലേക്ക് ശർക്കര പൊടിച്ചത് കുഴമ്പുരൂപത്തിലാക്കി ചേർത്ത് വീണ്ടും പത്തുദിവസംകൂടി വെക്കണം. ഇത് കഴിയുമ്പോൾ മിശ്രിതം ചെടികളിൽ തളിക്കാൻ തയ്യാറായിക്കഴിയും. കൂട്ടുകളും തയ്യാറാക്കലും ശരിയെങ്കിൽ മിശ്രിതം തുറക്കുമ്പോൾത്തന്നെ നല്ല നാരങ്ങാഗന്ധം വരും. ഇത് അരിച്ചെടുത്ത് ഇതിൽനിന്ന് രണ്ടുമില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വിളകളിൽ ഇലകളിലും മറ്റും തളിക്കാം.
ആഴ്ചയിലൊരിക്കൽ തളിക്കുന്നതാണ് നല്ലത്. ഇതുതന്നെ അഞ്ചുമില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വിളകളുടെ തടത്തിൽ ചുവട്ടിൽനിന്ന് ഒരടിമാറി ഒഴിച്ചുകൊടുക്കുന്നത് ഉപകാരപ്രദമാണ്. ഇത് വിളകളുടെ വളർച്ച ത്വരിതപ്പെടുത്തും. ഒപ്പം മണ്ണിൽ സൂക്ഷ്മജീവികൾക്ക് വളരാൻ അനുകൂലസാഹചര്യം ഉണ്ടാക്കുകയും ചെയ്യും.
Content Highlights: Boost your vegetable garden with a simple, homemade egg fertilizer
Published: 26 Jul 2025, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented