തെങ്ങിനെ ആക്രമിക്കുന്ന ഒരുഡസനിലേറെ കീടങ്ങളുള്ളതിൽ ഏറ്റവുംമാരകമായതാണ് ചെമ്പൻചെല്ലി അഥവാ ചുവന്ന ചെള്ള്. ജനുവരി, ഫെബ്രുവരി കാലയളവിലാണ് ഇതിന്റെ ആക്രമണം രൂക്ഷമാകുന്നത്. കുർക്കുലിയോണിഡേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രനാമം ‘റിങ്കോ ഫോറസ് ഫെറുജിനിയസ്’ എന്നാണ്. മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ രണ്ടുമാസംകൊണ്ട് പൂർണവളർച്ച പ്രാപിക്കും. ശരീരത്തിന് മഞ്ഞകലർന്ന വെളുപ്പുനിറവും തലയ്ക്ക് തവിട്ടുനിറവുമാണ്. രൂക്ഷമായ ആക്രമണത്തിനു വിധേയമായ തടിക്കുള്ളിൽ അൻപതിലേറെ പുഴുക്കളുണ്ടാവും. തെങ്ങുകൾ രക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലെത്തുമ്പോൾ മാത്രമാണ് അപകടം ശ്രദ്ധയിൽപ്പെടുന്നത്.
ആക്രമണരീതി
പെൺവണ്ടുകൾ ഇളംപ്രായത്തിലുള്ള തെങ്ങിന്റെ മൃദുലഭാഗങ്ങൾ തുളച്ച് ചെറുദ്വാരങ്ങളുണ്ടാക്കി അതിൽ മുട്ടയിടും. മണ്ടയോടടുത്തുള്ള ഭാഗങ്ങളിൽ വണ്ട് സ്വയമുണ്ടാക്കുന്ന ദ്വാരങ്ങളിലല്ലാതെ മറ്റുപല കാരണങ്ങളാൽ തടിയിലുണ്ടാകുന്ന മുറിവുകൾ, തൈത്തെങ്ങിന്റെ ചുവട്ടിലുണ്ടാകുന്ന വിള്ളലുകൾ എന്നിവയിലും മറ്റൊരുകീടമായ കൊമ്പൻചെല്ലി ഉണ്ടാക്കുന്ന ദ്വാരങ്ങളിലും വണ്ടുകൾ മുട്ടയിടാറുണ്ട്.
മുട്ടവിരിഞ്ഞിറങ്ങുന്ന പുഴുക്കൾ മൃദുകോശങ്ങൾ ചവച്ചുതുപ്പി തടിക്കുള്ളിൽ പ്രവേശിക്കുകയും ഉൾഭാഗം പൂർണമായും നശിപ്പിക്കുകയുംചെയ്യും. എന്നാൽ, പ്രായമായ തെങ്ങുകളിൽ ഇവയുടെ ആക്രമണം മണ്ടയുടെ ഇളംഭാഗങ്ങളിൽ ഒതുങ്ങിനിൽക്കും. എന്നാൽ, തടി വിരിഞ്ഞുവരുന്ന തൈത്തെങ്ങുകളിലാവട്ടെ ചുവടുതുളച്ച് ഉൾഭാഗത്ത് കയറിക്കൂടുകയാണ് ചെയ്യുന്നത്.
നിയന്ത്രണം
• തടിയിൽ ദ്വാരങ്ങളുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം
• തെങ്ങിൽക്കയറാൻ സൗകര്യത്തിനായി കൊതവെട്ടുന്നത് ഒഴിവാക്കണം
• ഓലവെട്ടുമ്പോൾ നാലടിനീളത്തിൽ മടൽനിർത്തിമാത്രം വെട്ടണം. മടലിന്റെ മുറിപ്പാടിൽ വണ്ട് മുട്ടയിട്ട് തടിക്കുള്ളിൽ പ്രവേശിക്കുന്നത് തടയാനാണിത്
• തടിയിലുണ്ടാകുന്ന മുറിവുകളിൽ വേപ്പെണ്ണ പുരട്ടുന്നത് ഇവ മുറിവുകളിൽ മുട്ടയിടുന്നത് ഒഴിവാക്കാൻ സഹായിക്കും
• ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിൾ പൊടിരൂപത്തിലോ ലായനിരൂപത്തിലോ തെങ്ങോലകളിലും തടിയിലും തളിക്കുന്നതുവഴി ചെല്ലികളെ നശിപ്പിക്കാം
• രാസകീടനാശിനികൾ പരമാവധി കുറച്ച് ജൈവപരമായരീതിയിൽ ഇവയെ നശിപ്പിക്കാൻ കെണികൾ സഹായകമാകും
സ്റ്റം ഇൻജക്‌ഷൻ
ചെമ്പൻചെല്ലിയുടെ ആക്രമണം കഠിനമായ തെങ്ങുകളെ രക്ഷിക്കാൻ തടിയിൽ മരുന്ന് കുത്തിവെക്കൽ അഥവാ സ്റ്റം ഇൻജക്‌ഷനാണ് ഫലപ്രദമായ മാർഗം. തെങ്ങ് പൂർണമായും നശിക്കുംമുൻപേ ഇതുചെയ്യണം. ഇതിനായി ഇമിഡാക്ലോപ്രിഡ് പോലുള്ള കീടനാശിനികളാണ് ഉപയോഗിക്കുന്നത്.
ഒരു ഡ്രില്ലിങ് മെഷീൻ, പ്ലാസ്റ്റിക് ഫണൽ അല്ലെങ്കിൽ ഒരു ചെറിയ ട്യൂബ് എന്നിവ ആവശ്യമാണ്. തെങ്ങിന്റെ ചുവട്ടിൽനിന്ന് ഏകദേശം ഒന്ന്, ഒന്നരമീറ്റർവരെ ഉയരത്തിൽ ചെല്ലിബാധിച്ച ഭാഗത്തിനുനേരേ വിപരീതവശത്തായി പത്തുസെന്റീമീറ്റർ ആഴത്തിൽ സുഷിരമുണ്ടാക്കണം.
സുഷിരം ഏകദേശം 45 ഡിഗ്രി ചെരിവിൽ താഴേക്കുവേണം നിർമിക്കാൻ. മരുന്ന് പുറത്തേക്ക് ഒഴുകിപ്പോകാതിരിക്കാനാണിത്. ഒരു മില്ലി ഇമിഡാക്ലോപ്രിഡ് ഏകദേശം 10-20 മില്ലി വെള്ളത്തിൽ എന്ന തോതിൽ കലർത്തണം. ഈ ലായനി ഒരു ഫണൽവഴിയോ സിറിഞ്ചുവഴിയോ തുളച്ചസുഷിരത്തിലേക്ക് സാവധാനം ഒഴിക്കുക. മരുന്ന് തടിയിലേക്ക് പൂർണമായും ആഗിരണം ചെയ്തശേഷം, ആ ദ്വാരം മണ്ണോ മെഴുകോ സിമന്റോ ഉപയോഗിച്ച് നന്നായി അടയ്ക്കണം.
മരുന്ന് കുത്തിവെച്ച തെങ്ങിൽനിന്ന് അടുത്ത ഒന്നരമാസംവരെ തേങ്ങയോ ഇളനീരോ പറിക്കാനോ ഉപയോഗിക്കാനോ പാടില്ല. മരുന്നിന്റെ അംശം തേങ്ങയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണിത്.
മരുന്ന് കൈകാര്യംചെയ്യുമ്പോൾ കൈയുറകളും മാസ്കും ധരിക്കണം. മരുന്ന് കുത്തിവെക്കുന്നതിനുമുൻപ് തെങ്ങിന്റെ ചുവട്ടിൽ തടമെടുത്ത് നനയ്ക്കുന്നത് മരുന്ന് വേഗത്തിൽ മുകളിലേക്കെത്താൻ സഹായിക്കും.
Content Highlights: Discover effective methods to create traps and control the devastating Red Palm Weevil that attacks coconut trees. Protect your palms from this destructive pest.
Published: 18 Jan 2026, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented