കേരളത്തിലെ തോട്ടവിളമേഖലയിൽ കുറച്ചു വർഷങ്ങളായി ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുകയാണ് സൂചിമുന തുരപ്പൻ അല്ലെങ്കിൽ പിൻ ഹോൾ ബോറർ എന്നറിയപ്പെടുന്ന ചെറിയ വണ്ടിന്റെ ആക്രമണം. സൂചികൊണ്ട് കുത്തിയപോലുള്ള ചെറിയ സുഷിരത്തിൽക്കൂടിയാണ് ഇവ തായ്ത്തടിയിൽ പ്രവേശിക്കുന്നത്. അതിനാലാണ് ഇവയെ സൂചിമുന തുരപ്പൻ എന്ന് വിളിക്കുന്നത്.

To advertise here,

തെങ്ങ്, കവുങ്ങ്, റബർ, എന്നീ തോട്ടവിളകളിലും പ്ലാവ്, റംമ്പൂട്ടാൻ, തേക്ക് എന്നിവയിലും കാണാറുണ്ട്. ഇപ്പോൾ കൊക്കോയിലും കാണാൻ തുടങ്ങിയിരിക്കുന്നു. കൃഷിയിടത്തിൽനിന്ന് ശേഖരിച്ച വണ്ടുകൾ, സൈലോസാൻഡ്രസ് ക്രസ്സ്യൂസ്‌ക്യൂലസ് (Xylosandrus crassiusculus) ഇനത്തിൽപ്പെട്ടവയാണെന്നു കേരള കാർഷിക സർവകലാശാല കൊക്കോ ഗവേഷണകേന്ദ്രവും വെള്ളായണി കാർഷിക കോളേജിലെ കീടശാസ്ത്ര വിഭാഗവും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തി.

ആക്രമണരീതിയും ലക്ഷണങ്ങളും

വണ്ടുകൾ വളരെ ചെറുതും (2-3 മില്ലിമീറ്റർ മാത്രം) ഇരുണ്ട തവിട്ടു നിറമുള്ളതുമാണ്. മരങ്ങളുടെ തടിയിലും കൊമ്പുകളിലും ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി അകത്തേക്കുകടന്ന് തുരങ്കങ്ങൾ സൃഷ്ടിക്കുന്നതിനാൽ മരത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ഇലകൾ മഞ്ഞയായി മാറുകയും കൊമ്പുകൾ ഉണങ്ങിത്തുടങ്ങുകയും ചെയ്യും.

കൂടാതെ തടികളിൽനിന്ന്‌ പശപോലുള്ള ദ്രാവകം പുറത്തേക്കു ഒഴുകുകയോ തീപ്പെട്ടിക്കൊള്ളി രൂപത്തിൽ വിസർജ്യം പുറത്തേക്കുതള്ളപ്പെടുകയോ ചെയ്യുന്നത് പ്രധാന ലക്ഷണങ്ങളാണ്. ഇത് നീക്കം ചെയ്താൽ മൊട്ടുസൂചിവലുപ്പത്തിലുള്ള ദ്വാരങ്ങൾ വ്യക്തമായി കാണാം. 2022–24 ൽ കേരളത്തിൽ നടത്തിയ സർവേയിൽ ഈ വർഗത്തിൽപ്പെട്ട അഞ്ച് ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. കൊക്കോയെ ആക്രമിക്കുന്ന അതേ ഇനം റംബൂട്ടാനിലുമുണ്ട്.

ഈ കീടങ്ങളുടെ ജീവിതചക്രത്തിൽ കുമിളകളും യീസ്റ്റുകളുംപോലുള്ള സൂക്ഷ്മാണുക്കളുമായുള്ള സഹജീവിതം നിർണായകമാണ്. അംബ്രോസിയ വണ്ടുകൾ എന്നു പേരുള്ള ഇവ സാധാരണയായി ഉണങ്ങിയതോ, പ്രായമുള്ളതോ ആരോഗ്യം കുറവുള്ളതോ ആയ മരങ്ങളെ ആക്രമിക്കുന്നു. ഇവ ഉണ്ടാക്കുന്ന തുരങ്കങ്ങളിൽ കുമിളുകൾക്ക് വളരാനുള്ള സൗകര്യം ഒരുക്കും.

കുമിളുകളും കീടവും തമ്മിലുള്ള ബന്ധം പരസ്പരാശ്രിതമാണ്. കീടങ്ങൾക്ക് ആവശ്യമായ പോഷകം കുമിളുകളിൽനിന്ന് ലഭിക്കുമ്പോൾ കുമിളുകൾ വളരാനുള്ള അന്തരീക്ഷം വണ്ടുകൾ സൃഷ്ടിക്കുന്നു. എന്നാൽ, ഈ കുമിളുകൾ സസ്യരോഗകാരികളാകുന്ന സാഹചര്യത്തിൽ വിളകൾക്ക് വലിയ ഭീഷണിയായി മാറാൻ സാധ്യതയുണ്ട്.

ഇവയുടെ ആക്രമണം കൊമ്പുണക്കരോഗമോ, കാങ്കർ രോഗമോ ആയി തെറ്റിദ്ധരിക്കപ്പെടുന്നതിനാൽ ശരിയായ പ്രതിരോധം കർഷകർക്കെടുക്കാൻ സാധിക്കുന്നില്ല. പുതിയ കീടമായതിനാൽ ഇവയെക്കുറിച്ചുള്ള അവബോധം തീർച്ചയായും വളർത്തിയെടുക്കണം.

നിയന്ത്രണമാർഗങ്ങൾ

മരങ്ങളുടെ ആരോഗ്യസംരക്ഷണം പ്രധാനമാണ്. പഴക്കംചെന്നതോ ആരോഗ്യക്കുറവുള്ളതോ ആയ മരങ്ങളിലാണ് ആക്രമണം കൂടുതലായി കാണുന്നത്. അതിനാൽ, ശരിയായ വളപ്രയോഗം വഴി മരങ്ങളെ ആരോഗ്യമുള്ളതാക്കി നിലനിർത്തണം. ആക്രമണം രൂക്ഷമാകുമ്പോൾ കീടബാധയേറ്റമരങ്ങളിലെ ഉണങ്ങിയ കൊമ്പുകൾ നീക്കം ചെയ്തശേഷം, ക്ലോർ പൈരിഫോസ് (2.5മില്ലി/ലിറ്റർ) അല്ലെങ്കിൽ ക്വിനാൽഫോസ് (2 മില്ലി/ലിറ്റർ), തടിയിൽ തേച്ചുകൊടുക്കുന്നതും സിറിഞ്ചുപയോഗിച്ച് തടിയിലെ സുഷിരങ്ങളിലൂടെ കുത്തിവെക്കുന്നതും ഫലപ്രദമാണ്.

ദീർഘകാല നിയന്ത്രണത്തിന് സംയോജിത വളപ്രയോഗവും കീടനിയന്ത്രണ മാർഗങ്ങളും സ്വീകരിക്കണം. കേരളത്തിലെ തോട്ടവിളകളിൽ വ്യാപകമായി കണ്ടുവരുന്ന ഈ ചെറുകീടം, കൊക്കോയ്ക്കും വലിയ വെല്ലുവിളിയായി മാറുന്നുണ്ട്. അതിനാൽ സ്ഥിരമായ നിരീക്ഷണം, കൃത്യമായ ആരോഗ്യ പരിപാലനം എന്നിവയെല്ലാം വിളകളുടെ സംരക്ഷണത്തിന് അനിവാര്യമാണ്.