കട്ടപ്പന: ഇടുക്കിയിൽ 10 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വിലയായ 750 രൂപയിൽ ചൊവ്വാഴ്ച കുരുമുളക് എത്തി. പ്രാദേശിക കമ്പോളത്തിൽ ചെറുകിടവ്യാപാരികളും സൊസൈറ്റികളും 748-ന് കർഷകരോട് കുരുമുളക് വാങ്ങിയപ്പോൾ സ്റ്റോക്ക് വെപ്പുകാരും നേരിട്ട് കുരുമുളക് സംഭരിക്കുന്ന മസാല കമ്പനികളും 760 രൂപവരെ നൽകി കുരുമുളക് വാങ്ങി. വില കുതിച്ചതോടെ സംഭരിച്ച കർഷകർക്കും ഇടനിലക്കാർക്കും വലിയനേട്ടമാണ് ഉണ്ടായത്.
ഇടുക്കി ജില്ലയിലെ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലെ കുരുമുളകിന് ഗുണമേന്മ അധികമാണ്. ലിറ്റർ വെയ്റ്റ് കൂടിയ (ഒരു ലിറ്റർ അളവുപാത്രത്തിലെടുക്കുന്ന കുരുമുളകിന്റെ തൂക്കം) കുരുമുളകിന് 20-30 രൂപ വരെ കിലോയ്ക്ക് അധികം ലഭിക്കും. എന്നാൽ വില ഇനിയും ഉയരും എന്ന പ്രതീക്ഷയിൽ കർഷകരും സംഭരിച്ച വ്യാപാരികളും അധികം കുരുമുളക് കമ്പോളത്തിൽ എത്തിക്കുന്നില്ല. ഇതോടെ ലഭിച്ച ഓർഡറുകൾ നൽകാനാകാത്ത അവസ്ഥയും മൊത്ത വ്യാപാരികൾക്കുണ്ട്.
വില: കയറ്റിറക്കങ്ങളുടെ നാൾവഴി
ഇടുക്കി കുരുമുളകിന് ഒൻപതുവർഷംമുൻപ് 700 രൂപയിലധികം ലഭിച്ചിരുന്നു. പിന്നീട് പലപ്പോഴായി വില കുത്തനെ ഇടിഞ്ഞു. കോവിഡ് ഒന്നാംതരംഗത്തിലാണ് വില കുത്തനെയിടിയുന്നത്. 250-270 രൂപയായിരുന്നു അന്ന് വില. 2020 മാർച്ച്- ഏപ്രിൽ മാസങ്ങളിൽ വീണ്ടും വില ഉയർന്ന് 400-420 രൂപ വരെയെത്തി. പിന്നീട് ഒമിക്രോൺ കോവിഡ് രണ്ടാംതരംഗത്തിൽ വിലയിടിഞ്ഞ് 370-390 രൂപയിലെത്തി. 2021 ഒക്ടോബറിൽ വില വീണ്ടും ഉയർന്നുതുടങ്ങി. 2023 ജൂലായ് രണ്ടാംവാരം ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ 490 രൂപയ്ക്ക് ശേഖരിച്ചിരുന്ന കുരുമുളക് ജൂലായ് 26 ആയപ്പോഴേക്കും 560 രൂപയ്ക്ക് വ്യാപാരികൾ ശേഖരിക്കാൻ തുടങ്ങി. പിന്നീട് വില നേരിയതോതിൽ ഉയരുകയായിരുന്നു.
Published: 11 Nov 2026, 07:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented