
ആലപ്പുഴ: ചെമ്മീൻ ഉത്പാദനത്തിൽ സാമ്പത്തികസഹായം വാഗ്ദാനംചെയ്ത് കേന്ദ്രബജറ്റ്. ചെമ്മീൻ പ്രജനനകേന്ദ്രങ്ങളുടെ ശൃംഖല സൃഷ്ടിക്കാൻ സാമ്പത്തികസഹായം നൽകുമെന്നാണ് ബജറ്റിൽ പറയുന്നത്. ചെമ്മീൻകൃഷി, സംസ്കരണം, കയറ്റുമതി എന്നിവയിൽ നബാർഡിന്റെ സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വായ്പകൾക്കുള്ള സബ്‌സിഡിയിനത്തിലാകും സഹായമെന്നു കരുതുന്നു. എന്നാൽ, അക്വാകൾച്ചർ കേരളത്തിൽ വേണ്ടത്ര വികസിച്ചിട്ടില്ലെന്ന് സീഫുഡ് എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അലക്സ് കെ. നൈനാൻ പറഞ്ഞു. ബജറ്റ് നിർദേശത്തെ സ്വാഗതം ചെയ്യുമ്പോൾത്തന്നെ ഇത് കേരളത്തിന് എത്രത്തോളം പ്രയോജനകരമാകുമെന്നതു സംബന്ധിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കു ഗുണകരമായ നിർദേശങ്ങളൊന്നും ബജറ്റിലില്ലെന്നാണ് പ്രധാന വിമർശനം. ഇന്ത്യയിൽനിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് അമേരിക്ക കർശന ഉപാധികൾ ഏർപ്പെടുത്തിയതുസംബന്ധിച്ച് സർക്കാരിന്റെ തുടർനടപടികളെക്കുറിച്ചും സൂചനകളില്ല.
കടലാമകൾ വലയിൽ കയറിയാൽ ഇറങ്ങിപ്പോകാനുള്ള സംവിധാനമായ ടെഡ് (ടർട്ടിൽ എക്സ്‌ക്ലൂഷൻ ഡിവൈസ്) സ്ഥാപിക്കുന്നതു സംബന്ധിച്ചാണ് അമേരിക്ക കർശന നിലപാടെടുത്തിട്ടുള്ളത്. ഇതൊരെണ്ണത്തിന് 25,000 രൂപയോളം ചെലവുണ്ട്. ഇതിനു സബ്സിഡി നൽകാൻ കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചനയുണ്ടെങ്കിലും ബജറ്റിൽ പറഞ്ഞിട്ടില്ല.
ടെഡ് വലകളിൽ സ്ഥാപിക്കാൻ ബോട്ടുകൾ സർക്കാരിനു വാടകയ്ക്കു നൽകാമെന്നാണ് ഉടമകളുടെ നിലപാട്. ടെഡ് സ്ഥാപിച്ച് ആറുമാസത്തോളം സർക്കാർതന്നെ പഠിച്ച് ഗുണവും ദോഷവും അറിയിക്കട്ടെയെന്ന് ബോട്ടുടമ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറഞ്ഞു.
Content Highlights: shrimp farming
Published: 24 Jul 2024, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented