കൊച്ചി: എരണ്ടക്കൂട്ടം മുളച്ചുവരുന്ന ഞാറുകൾ ഭക്ഷണമാക്കുന്നത് പൊക്കാളികൃഷിക്ക് ഭീഷണിയാകുന്നു. വന്യജീവി സംരക്ഷണനിയമം അനുസരിച്ച് ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുന്ന പറവകളാണ് എരണ്ടകൾ. സംരക്ഷിത ജീവിയായതിനാൽ കർഷകർക്ക് ഇവയെ ഒന്നും ചെയ്യാനാകില്ല.

To advertise here,

സഹായം തേടിയിട്ടുണ്ടെങ്കിലും ഇതുവരെ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. വളരെ കുറച്ചുസ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പൊക്കാളി കൃഷിയുള്ളത്. വിത്തുവിതച്ച് മുളച്ചുതുടങ്ങുന്ന സമയത്താണ് എരണ്ടകളുടെ വരവ്.

കൂട്ടത്തോടെയെത്തുന്ന ഇവ നിമിഷനേരം കൊണ്ട് ഞാറെല്ലാം തിന്നുതീർക്കും. നെല്ല് മുളച്ചുപൊങ്ങുംവരെ പാടത്ത് കാവൽ നിൽക്കേണ്ട അവസ്ഥയാണെന്ന് കർഷകനായ ഫ്രാൻസിസ് കളത്തുങ്കൽ പറയുന്നു. ജനവാസമേഖലയിൽനിന്ന് അകന്നുള്ള പ്രദേശങ്ങളാണ് ഭൂരിഭാഗം പൊക്കാളിപ്പാടങ്ങളും.

അതിനാൽതന്നെ പാടത്ത് എരണ്ടകളുടെ സാന്നിധ്യം പെട്ടെന്ന് അറിയില്ല. പടക്കം പൊട്ടിച്ചാണ് ഇവയെ ഓടിക്കുന്നത്. ശബ്ദം കേൾക്കുമ്പോൾ ഇവ പറന്നുപോകുമെങ്കിലും അല്പസമയം കഴിയുമ്പോൾ തിരിച്ചെത്തും. എരണ്ടകളെ പാടത്തുനിന്നും പറപ്പിക്കാൻ പലരും ദിവസക്കൂലിക്ക് ആളെ നിർത്തിയിരിക്കുകയാണ്.

റിബണും വലയും

എരണ്ടകളെ പ്രതിരോധിക്കുന്നതിന് റിഫ്ളക്ടീവ് റിബണുകളും വലയുമെല്ലാം കർഷകർ ഉപയോഗിക്കുന്നുണ്ട്. കൃഷിവകുപ്പാണ് റിബണുകൾ ലഭ്യമാക്കുന്നത്. ഈ റിബണുകൾ പാടത്ത് വലിച്ചുകെട്ടും. റിബണുകൾ കാറ്റത്ത് ഉലയുമ്പോഴുള്ള ശബ്ദവും സൂര്യപ്രകാശം ഇവയിൽ തട്ടി പ്രതിഫലിക്കുന്നതുമെല്ലാം എരണ്ടകളെ ഓടിക്കാൻ പര്യാപ്തമാണ്.

ഇത്തവണ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിപ്പോയെങ്കിലും റിബണുകൾ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്ന് ഫ്രാൻസിസ് കളത്തുങ്കൽ പറഞ്ഞു. നെൽ‌ച്ചെടികൾ മൂടുന്ന തരത്തിൽ വലയിട്ടും എരണ്ടകളെ പ്രതിരോധിക്കുന്നവരുണ്ട്. ഇതിന് പണച്ചെലവ് ഏറും.

ദേശാടനപ്പക്ഷികൾ

ദേശാടനപ്പക്ഷികളുടെ കൂട്ടത്തിൽ വരുന്നതാണ് ലെസ്സർ വിസിലിങ് ഡക്ക് എന്ന എരണ്ടവർഗം. താറാവുകളോട് സാമ്യമുണ്ട് ഇവയ്ക്ക്. തെക്കുകിഴക്കൻ ഏഷ്യയിലാണ് കൂടുതലായി കാണുന്നത്. മഞ്ഞുകാലത്ത് ഭക്ഷണം കുറയുമ്പോഴാണ് ഇവ കൂട്ടമായി പലായനം ചെയ്യുന്നത്.

തണ്ണീർത്തടങ്ങൾ ഏറെയുള്ളതിനാൽ കേരളത്തിൽ ഇവ ഏറെ കാണപ്പെടുന്നു. ആൾശല്യമില്ലാത്ത കുറ്റിക്കാടുകളിലാണ് ഇവ കഴിയുന്നത്. നെൽച്ചെടികൾ മാത്രമല്ല, മത്സ്യവും ഇവയുടെ ഭക്ഷണത്തിൽ ഉൾപ്പെടുന്നു.