തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഫാമുകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അവയെ കാർഷിക ഉൽപ്പാദനത്തിനൊപ്പം പൊതുജനങ്ങളെ ആകർഷിക്കുന്ന അഗ്രി ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്. ഇതിനായി ഫാമുകളുടെ ശേഷിവികസന പരിപാടി തയാറാക്കുമെന്നും ആവശ്യമായിടത്ത് സർക്കാർ പിന്തുണയും പി.പി.പി. മാതൃകയും ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിച്ച് നയരൂപീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിക്കുന്ന 'നിറവ് 2026' ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ വിവിധ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള 64 ഫാമുകളാണുള്ളത്. ഇവയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയ്ക്കൊപ്പം കൂടുതൽ വികസനം ആവശ്യമായ ഫാമുകളുമുണ്ട്. ഓരോ ഫാമിന്റെയും സാധ്യതകൾ കൃത്യമായി വിലയിരുത്തി കാർഷിക ഉൽപ്പാദനം, വിജ്ഞാനവ്യാപനം, വിനോദസഞ്ചാരം എന്നിവ സമന്വയിപ്പിക്കുന്ന മാതൃകയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. പൊതുജനങ്ങൾക്ക് പ്രകൃതിയോടും കൃഷിയോടും ചേർന്ന് സമയം ചെലവഴിക്കാനും കാർഷിക പ്രവർത്തനങ്ങൾ അടുത്തറിയാനും കഴിയുന്ന കേന്ദ്രങ്ങളായി ഫാമുകളെ മാറ്റാൻ വലിയ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയ്ക്ക് ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനായി കാലാവസ്ഥാ വ്യതിയാന പ്രതിരോധശേഷിയുള്ള കാർഷിക ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനുള്ള നടപടികൾക്കും കൃഷിവകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനായുള്ള സമഗ്ര റോഡ് മാപ്പ് തയാറാക്കുന്നതിനുള്ള കൂടിയാലോചനകൾ ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനം, വിപണിയിലെ വിലവ്യതിയാനം, ഉൽപ്പാദനച്ചെലവ്, വന്യമൃഗശല്യം, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്കിടയിലും കാർഷിക മേഖലയെ നിലനിർത്തുന്ന കർഷകർക്ക് കൂടുതൽ കരുത്തുപകരുന്ന ഇടപെടലുകളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കർഷകന്റെ അധ്വാനമാണ് സമൂഹത്തിന്റെ നിലനിൽപ്പിന്റെ അടിത്തറ. കർഷകന്റെ വിയർപ്പും കഠിനാധ്വാനവും ഇല്ലെങ്കിൽ നമ്മളില്ല എന്ന ബോധ്യം പൊതുസമൂഹത്തിനുണ്ടാകണം. മണ്ണിനെ സ്നേഹിച്ചും പ്രതിസന്ധികളെ അതിജീവിച്ചും കാർഷിക മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്ന കർഷകരെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 2,000 കർഷക ചന്തകൾ സംഘടിപ്പിച്ച് വിപണിയിൽ ശക്തമായ ഇടപെടൽ നടത്തി. കർഷകരിൽ നിന്ന് സംഭരിച്ച കാർഷികോൽപ്പന്നങ്ങളുടെ വില അതത് ദിവസമോ തൊട്ടടുത്ത ദിവസം രാവിലെയോ ഡിജിറ്റൽ സംവിധാനത്തിലൂടെ നേരിട്ട് നൽകാൻ കഴിഞ്ഞത് ഇത്തവണത്തെ വിപണി ഇടപെടലിന്റെ പ്രധാന നേട്ടമായിരുന്നു. സവാളയുടെ വിലവർധന നിയന്ത്രിക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തി 100 ടൺ സവാളയ്ക്ക് ഓർഡർ നൽകിയതായും ഇതിൽ 50 ടൺ സംസ്ഥാനത്ത് എത്തിച്ച് കിലോക്ക് 35 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
സെപ്റ്റംബർ 15വരെ ആറുദിവസങ്ങളിലായി നടക്കുന്ന 'നിറവ് 2026' ഫാം ഫെസ്റ്റിൽ കാർഷിക പ്രദർശന–വിപണന സ്റ്റാളുകൾ, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ, കലാപരിപാടികൾ, കൃഷിയധിഷ്ഠിത വിനോദ-വിജ്ഞാന മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം വിവിധ കർഷക ഗ്രൂപ്പുകളും മേളയുടെ ഭാഗമാകും. കാർഷിക സാങ്കേതികവിദ്യകൾ അടുത്തറിയുന്നതിനും ഗുണമേന്മയുള്ള നടീൽ വസ്തുക്കളും കാർഷിക ഉൽപ്പന്നങ്ങളും വാങ്ങുന്നതിനും സന്ദർശകർക്ക് അവസരമൊരുക്കിയിട്ടുണ്ട്.
പൊന്മുടിയുടെ മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയ രണ്ടായിരത്തിലധികം സൂര്യകാന്തിപ്പൂക്കൾ നിറഞ്ഞ തോട്ടം, മുളയും തടിയും ഉപയോഗിച്ച് നിർമിച്ച പാലവും കുടിലും, പ്രത്യേക സെൽഫി പോയിന്റ് എന്നിവ ഇത്തവണത്തെ പെരിങ്ങമ്മല ഫാം ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അധ്യക്ഷത വഹിച്ചു. വാമനപുരം എം.എൽ.എ. സുധീർ ഷാ പാലോട് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. പി. മുരളി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശോഭന ബി., കെ.ആർ. ഷൈജു, ആർ. പ്രീത, എൽ.പി മായാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥൻ നായർ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എൻ അരുൺകുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Published: 10 Sept 2026, 08:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented