വാഴയൂർ: കാർഷികമേഖലയിൽ നടപ്പാക്കിയ നൂതന പദ്ധതികളും മികവുറ്റ ഡിജിറ്റൽ-വിപണന ഇടപെടലുകളും വാഴയൂർ കൃഷി ഓഫീസർ എം.കെ. മുഹമ്മദ് മുനീർ ബിലാലിന് സമ്മാനിച്ചത് സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം.
2024 മാർച്ചിലാണ് ഇദ്ദേഹം വാഴയൂർ കൃഷി ഓഫീസറായെത്തിയത്. ഓഫീസ് പ്രവർത്തനങ്ങൾ പൂർണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റി. കർഷകർക്കായി ‘കിസാൻ ഫ്രണ്ട്’എന്ന വെബ് പോർട്ടൽ ആവിഷ്കരിച്ച് ആയിരത്തിലേറെ അപേക്ഷകൾ എളുപ്പത്തിൽ പ്രോസസ്സ് ചെയ്തു. വാഴയൂരിൽ പ്രധാനമായ വാഴക്കൃഷിയിലെ വിപണിതകർച്ച പരിഹരിക്കാൻ ‘വാഴയൂർ ഗ്രീൻ’ സേവന കൃഷിക്കൂട്ടം രൂപവത്കരിക്കുകയും കരിപ്പൂർ വിമാനത്താവളം വഴി വാഴപ്പഴം കുവൈത്തിലേക്ക് നേരിട്ട് കയറ്റുമതിചെയ്യാനുള്ള അവസരമൊരുക്കുകയും ചെയ്തു.
‘വാഴയൂർ ഗോൾഡ്’ജൈവ മഞ്ഞൾപ്പൊടി, ‘വാഴയൂർ മട്ട’വിഷരഹിത അരി, ഗ്രീൻ ഡോം എഫ്.പി. വഴി ‘ബനാസ’മൂല്യവർധിത ഉത്പന്നങ്ങൾ എന്നീ പ്രാദേശിക ബ്രാൻഡുകൾ വിപണിയിലെത്തിച്ചു. ഇതിൽ ബനാസ ഉത്പന്നങ്ങൾക്ക് കൃഷിവകുപ്പിന്റെ ‘കേരള ഗ്രോ’ബ്രാൻഡിങ് ലഭ്യമാക്കിയിട്ടുണ്ട്. കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസിൽ ‘ഹരിതഗ്രാമം’പദ്ധതിയിലൂടെ മിയാവാക്കി മാതൃകയിൽ ഗ്രാമീണവനം ഒരുക്കാനും ചാലിയാർ നദീതീര ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിനും നേതൃത്വംനൽകി.
കാട്ടുപന്നിശല്യം രൂക്ഷമായ ഇടങ്ങളിൽ സോളാർ വേലികളും മോഷൻ സെൻസർ അലാറവും സ്ഥാപിച്ചതിനൊപ്പം ബദൽ കൃഷിയായി അത്യുത്പാദന ശേഷിയുള്ള ‘ഐ.ഐ.എസ്.ആർ. പ്രതിഭ’മഞ്ഞൾ കൃഷി വ്യാപകമാക്കി. ഡിജിറ്റൽ സോയിൽ ഹെൽത്ത് കാർഡുകൾ, സമഗ്ര വിള ഇൻഷുറൻസ് സുരക്ഷ, യൂട്യൂബ് വഴിയുള്ള വിജ്ഞാന വ്യാപനം എന്നിവയിലൂടെ ഭരണമികവും കർഷകബന്ധവും സംയോജിപ്പിച്ച പ്രവർത്തനങ്ങൾ വാഴയൂരിനെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ കാർഷിക മാതൃകയാക്കി മാറ്റിയിട്ടുണ്ട്.
മുതുവല്ലൂർ പഞ്ചായത്തിലെ വിളയിൽ സ്വദേശിയായ ഇദ്ദേഹം ബെംഗളൂരു ജി.കെ.വി.കെ.യിൽനിന്ന് കാർഷിക ബിരുദവും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവുംനേടി. മൈസൂർ സി.എഫ്.ടി.വി.ആർ.ഐ.യിൽനിന്ന് ഗവേഷണം പൂർത്തിയാക്കുകയും ചെയ്തു.
അബ്ദുള്ള മുസ്‍ലിയാരിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: അഖീല. കഴിഞ്ഞവർഷം സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാർഡ് വാഴയൂർ കൃഷിഭവനിലെത്തന്നെ കെ.കെ. ജാഫറിനായിരുന്നു.
Content Highlights: MK Muhammed Muneer Bilal named Best Agriculture Officer in Kerala., Introduced digital initiatives like e-office and Kisan Friend web portal., Facilitated direct export of Vazhayoor bananas to Kuwait., Launched local agricultural brands like Vazhayoor Gold and Banasa.
Published: 10 Aug 2026, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented