കല്പറ്റ: കാപ്പിക്കര്‍ഷകരുടെ മനം കുളിര്‍പ്പിച്ച് വേനല്‍മഴ. കഠിനചൂടിന് ആശ്വാസമായി വേനല്‍മഴ എത്തിയതോടെ കാപ്പിച്ചെടികളും തളിര്‍ത്തു, പൂവണിഞ്ഞു. വെയിലേറ്റ് ഉണങ്ങിക്കരിഞ്ഞുനിന്ന കാപ്പിക്ക് മഴ ലഭിച്ചതോടെ പെട്ടെന്ന് പൂവിട്ടു. മഴ തുടര്‍ച്ചയായി ലഭിക്കുന്നുണ്ട്. പൊതുവേ അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.

To advertise here,

വേനല്‍മഴയില്‍ കര്‍ഷകര്‍ക്ക് നല്ല പ്രതീക്ഷയാണുള്ളത്. മഴയും വേനലും കാലാവസ്ഥാമാറ്റങ്ങളും കാപ്പിക്കൃഷിയെ സ്വാധീനിക്കാറുണ്ട്. അന്തരീക്ഷത്തിലെ ഊഷ്മാവ് കൂടുന്നതും കുറയുന്നതും കാപ്പിവിളവിനെ ബാധിക്കും. ഉയര്‍ന്ന ജലലഭ്യതയുള്ളിടത്തുനിന്നാണ് നല്ല വിളവുണ്ടാകുന്നത്. അതുകൊണ്ടുതന്നെ മഴ ലഭിക്കുന്നത് കാപ്പിക്കര്‍ഷകരെ സംബന്ധിച്ചിടത്തോളം സന്തോഷം നല്‍കുന്ന കാര്യമാണ്. ഫെബ്രുവരിയിലാണ് കാപ്പി പൂക്കേണ്ട സമയം. പൂവിട്ടുകഴിഞ്ഞാല്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും രണ്ടിഞ്ച് മഴ ലഭിക്കുകയും വേണം. എന്നാല്‍, കാപ്പി പൂത്ത് 48 മണിക്കൂറിനുള്ളില്‍ വീണ്ടും മഴ പെയ്താല്‍ പൂവ് ചീഞ്ഞുപോവും.

മുന്‍വര്‍ഷങ്ങളില്‍ കാപ്പി വിളവെടുപ്പിനു മുന്‍പ് പൂവിട്ടിരുന്നു. കാപ്പി വിളവെടുപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുകയും പൂവിട്ട കാപ്പിച്ചെടിയില്‍ കായുണ്ടാകാതെ കൊഴിഞ്ഞുപോവുകയുമാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം കാപ്പി ഉത്പാദനം പൊതുവേ കുറവുമായിരുന്നു. ഇത്തവണ വിളവെടുപ്പിനുശേഷമാണ് മഴ ലഭിച്ചതും കാപ്പി പൂവിട്ടതും.

വിപണിയില്‍ കണ്ണുംനട്ട് കര്‍ഷകര്‍

കാപ്പിവിളവ് കഴിഞ്ഞവര്‍ഷം കുറവായിരുന്നെങ്കിലും വിലയില്‍ വര്‍ധനയുണ്ടായി. എന്നാല്‍, വിളവ് കുറവായതിനാല്‍ വിപണിയിലെ വിലവര്‍ധന കര്‍ഷകന് ഗുണകരമായില്ല. കാലാവസ്ഥാവ്യതിയാനം കാരണമാണ് ഉത്പാദനം കുറഞ്ഞത്. ഇക്കൊല്ലം വിപണിയില്‍ കൂടുതല്‍ ലാഭംകിട്ടുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

മഴ കൃത്യമായി കിട്ടുകയും തോട്ടങ്ങള്‍ പഴയപോലെ നന്നാക്കിയെടുക്കുകയും ചെയ്താല്‍ കാപ്പിക്കൃഷി തിരികെപ്പിടിക്കാനാകുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്.