കാർഷിക മേഖലയോടുള്ള താൽപര്യവും അഭിനിവേശവും മുൻനിർത്തി വിജയം കൈവരിച്ച ആലപ്പുഴയിലെ മാതൃക കുട്ടി കർഷകരെ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖ് നേരിട്ടെത്തി അഭിനന്ദിച്ചു. ആലപ്പുഴ ഫരീദ മൻസിലിലെ ഫിറോസ്-നാസില ദമ്പതികളുടെ മക്കളായ ഫരീദ, ഫാദിയ, ഫാദിൽ മുഹമ്മദ് എന്നീ സഹോദരങ്ങളാണ് നാടിന് മാതൃകയായ ഈ കാർഷിക മുന്നേറ്റം നടത്തിയത്. ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർഥികളായ ഈ മൂവർ സംഘത്തിന്റെ കൃഷി വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി ഇവരുടെ വസതിയിൽ നേരിട്ടെത്തിയത്.
വെറും 5 സെന്റ് മാത്രമുള്ള വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായിട്ടാണ് ഇവർ വൈവിധ്യമാർന്ന കാർഷിക സമൃദ്ധി ഒരുക്കിയിരിക്കുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ, ഔഷധങ്ങൾ, ഫലവൃക്ഷങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പൂ കൃഷി എന്നിവയെല്ലാം ഈ ചുരുങ്ങിയ സ്ഥലത്ത് ഇവർ കൃഷി ചെയ്തു വരുന്നു. മുളകിന്റെ വിവിധ ഇനങ്ങളായ ബുള്ളറ്റ് മുളക്, മീറ്റർ മുളക്, സീറ മുളക് എന്നിവയ്ക്കും വിവിധയിനം ചീരകൾക്കും പുറമേ ഇഞ്ചി, തക്കാളി, വെണ്ട, വഴുതന, പടവലം, മുന്തിരി, ഏലം, സ്ട്രോബറി, ബദാം, അമ്പഴം, ആപ്പിൾ, പ്ലം, ലബോട്ടിക്ക, അവക്കാഡോ, മാങ്കോസ്റ്റിൻ, സപ്പോട്ട, പേര, ഡ്രാഗൺ ഫ്രൂട്ട്, നാരകം, ഓറഞ്ച്, ദുരിയാൻ, ലിച്ചി, സീതപ്പഴം തുടങ്ങിയ അനേകം വിളകളാണ് ഇവരുടെ തോട്ടത്തിൽ വിളയുന്നത്.
ചെറുപ്രായത്തിൽ തന്നെ കൃഷിയിലേക്ക് കടന്നുവന്ന് വിവിധ പച്ചക്കറി വിളകളും മറ്റ് കാർഷിക വിളകളും വിജയകരമായി ഉൽപ്പാദിപ്പിച്ച കുട്ടികളുടെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിന് പുറമേ ലഹരിക്കെതിരെയുള്ള സന്ദേശം കൂടിയാണ് ഇവരുടെ കാർഷിക പ്രവർത്തനങ്ങളെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. പുതുതലമുറയെ കൃഷിയിലേക്ക് കൊണ്ടുവരുന്നതിനും ലഹരിക്കെതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായും വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്കൂൾ തലത്തിൽ ആരംഭിച്ച കതിർ കാർഷിക ക്ലബ്ബിന് ഈ കുട്ടികളുടെ പ്രവർത്തനം വലിയ പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കുട്ടികൾക്ക് കഴിയുമെന്നുള്ളതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ഈ സഹോദരങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. പഠനത്തോടൊപ്പം കൃഷിയിലും സജീവമായി ഇടപെട്ട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന ഇവരുടെ പ്രവർത്തനം സമൂഹത്തിന് മികച്ച സന്ദേശമാണ് നൽകുന്നത്. കുടുംബാംഗങ്ങളുമായും കുട്ടികർഷകരുമായും ആശയവിനിമയം നടത്തിയ മന്ത്രി അവരുടെ കാർഷിക രീതികളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ഇവരുടെ കാർഷിക അറിവുകൾ മനസ്സിലാക്കുന്നതിനായി നിരവധി വിദ്യാർഥികളും കർഷകരുമാണ് ഇവിടെ എത്താറുള്ളത്. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളും ഈ കുട്ടിക്കർഷകരെ തേടിയെത്തിയിട്ടുണ്ട്.
സന്ദർശന വേളയിൽ മുൻ എം.എൽ.എ പി. ബാബു പ്രസാദ്, വാർഡ് കൗൺസിലർമാരായ ലൈലാ ബീവി, നൂറുദീൻ കോയ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇവർക്ക് പുറമേ ജില്ലാ കൃഷി ഓഫീസർ വി.പി. സിന്ധു, കെ.പി. ശ്രീകുമാർ, അഡ്വ. എച്ച്. ശരത്ത്, സഞ്ജീവ് ഭട്ട് എന്നിവരും മന്ത്രിയെ അനുഗമിച്ചെത്തി കുട്ടി കർഷകരെ അഭിനന്ദിച്ചു.
Published: 09 Oct 2026, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented