തുറവൂർ(ആലപ്പുഴ): വനാമി ചെമ്മീന്റെ ലഭ്യത കുറഞ്ഞതിനാൽ മത്സ്യക്കയറ്റുമതി വ്യവസായത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളുടെ പിന്നിലാകുന്നതായി വ്യവസായികൾ. കയറ്റുമതി വിഭവങ്ങളിൽ പ്രിയമേറിയതാണ് വനാമി ചെമ്മീൻ. മത്തി, അയല, ട്യൂണ, കൂന്തൽ എന്നിവ സംസ്കരിച്ച് കയറ്റിയയക്കുന്നുണ്ടെങ്കിലും ചെമ്മീനാണ് മുൻപന്തിയിൽ.

To advertise here,

ഓഖി ദുരന്തത്തിനുശേഷം കടലിൽനിന്ന് പൂവാലൻ, കരിക്കാടി ഇനത്തിൽപ്പെട്ട ചെമ്മീനുകളുടെ ലഭ്യത കുറഞ്ഞു. ഈ സമയത്താണ് അയൽ സംസ്ഥാനങ്ങളിൽനിന്ന് വനാമി ഇനത്തിലെ ചെമ്മീൻ കേരളത്തിലേക്കെത്തുന്നത്. ശാന്തസമുദ്രത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്ന വലുപ്പമേറിയ ചെമ്മീനാണ് വനാമി. ലിറ്റോപിനയസ് വനാമി എന്നാണ് ശാസ്ത്രീയനാമം. ഇവയുടെ വിത്തുകൾ എത്തിച്ച് കർണാടക, ആന്ധ്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ വനാമി കൃഷിചെയ്തിരുന്നു. കേരളത്തിന്റെ ആവശ്യം കണക്കാക്കി അയൽസംസ്ഥാനങ്ങൾ കൃഷി വ്യാപകമാക്കി. എന്നാൽ, കാലക്രമേണ കേരളത്തിലേക്കുള്ള വനാമിയുടെ വരവു കുറഞ്ഞതും എത്തിക്കുന്നവ സംസ്കരിച്ച്‌ കയറ്റിയയക്കാൻ ചെലവു കൂടുതലായതും മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു.

സംസ്ഥാനത്തെ മത്സ്യസംസ്കരണ കയറ്റുമതിശാലകളിൽ 80 ശതമാനവും സ്ഥിതിചെയ്യുന്നത് എറണാകുളം ജില്ലയുടെ തെക്കേയറ്റത്തും ആലപ്പുഴ ജില്ലയുടെ വടക്കേയറ്റത്തുമാണ്. ചെറുതും വലുതുമായ 800 സംസ്കരണശാലകളും 150 കയറ്റുമതി സ്ഥാപനങ്ങളുമുണ്ട്. അതിൽ കൂടുതൽ എണ്ണവും സ്ഥിതിചെയ്യുന്നത് ചേർത്തല താലൂക്കിലെ അരൂർ മണ്ഡലത്തിലാണ്. ഇവിടെ പതിനായിരക്കണക്കിനു തൊഴിലാളികളാണ് പണിയെടുക്കുന്നത്. സംസ്ഥാനത്തിന്റെ മത്സ്യസംസ്കരണ കയറ്റുമതി വ്യവസായത്തിൽ നിർണായകസ്ഥാനമാണ് അരൂർ മണ്ഡലത്തിനുള്ളത്. ചെമ്മീൻ പൊളിക്കുന്നതിൽ വിദഗ്ധരായ സ്ത്രീത്തൊഴിലാളികളുള്ളതും അരൂരിൽത്തന്നെ.

മത്സ്യസംസ്കരണ കയറ്റുമതിമേഖലയെ കൈപിടിച്ചുയർത്താൻ തരിശുപാടങ്ങളിൽ വനാമി ചെമ്മീൻ കൃഷിചെയ്യണമെന്ന് വ്യവസായികളും വിദഗ്ധരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും ആവശ്യം പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ പാടശേഖരങ്ങളിലും വനാമി ചെമ്മീൻ കൃഷിചെയ്യാനാകുമെന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാക്ക്വിഷ് വാട്ടർ അക്വാകൾച്ചർ(സിമ) നടത്തിയ പഠന റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തിലും വനാമി കൃഷിക്കു കളമൊരുങ്ങുകയാണ്. കേരള മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷ(സിഐടിയു) നാണ് ഭരണപക്ഷ പാർട്ടിയുടെയും സർക്കാരിന്റെയും സഹകരണത്തോടെ വനാമി വിപ്ലവത്തിനു തയ്യാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപ്‌ അരൂരിൽ സംഘടിപ്പിച്ച സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തിരുന്നു.

കൃഷി സംബന്ധമായ വാർത്തകൾ തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം https://mbi.page.link/agriculture

അരൂർ മണ്ഡലത്തിൽ 5,000 ഹെക്ടർ പാടശേഖരമാണുള്ളത്. ഇതിൽ അധികവും കൃഷിയില്ലാതെ തരിശായി കിടക്കുകയാണ്. ഈ പാടങ്ങളിൽ വനാമി കൃഷി നടത്താനായാൽ ടൺ കണക്കിനു ചെമ്മീൻ വിളവെടുക്കാനാകും. കയറ്റുമതിക്കാവശ്യമായ ചെമ്മീൻ ലഭിക്കുമെന്നു മാത്രമല്ല, സംസ്കരണമേഖലയിലും അനുബന്ധ മേഖലയിലും തൊഴിൽദിനങ്ങൾ വർധിപ്പിക്കാനുമാകും. തരിശുനിലങ്ങൾ വനാമി കൃഷിയിടമാക്കിയാൽ കയറ്റുമതിയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തുമെന്നാണ് വ്യവസായികൾ പറയുന്നത്.