കൃത്രിമ പ്രജനനത്തിലൂടെ വറ്റമീനുകളില്‍(ജയന്റ് ട്രെവല്ലി) മുട്ടകള്‍ വിരിയിച്ച് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു. കേന്ദ്ര മത്സ്യ സമുദ്ര ഗവേഷണസ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ.) മേഖലാകേന്ദ്രമായ വിഴിഞ്ഞം സെന്ററിനാണ് ഈ അപൂര്‍വനേട്ടം. കേന്ദ്രത്തിലെ പ്രത്യേക മത്സ്യക്കൂട്ടിലെത്തിച്ച് ഇവയെ മൂന്നു വര്‍ഷം പരിപാലിച്ചിരുന്നു. കായലിലെയും കടലിലെയും ആവാസവ്യവസ്ഥകളുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍തക്ക ശരീരപ്രകൃതിയുള്ള മീന്‍വര്‍ഗമാണ് വറ്റകള്‍. കുഞ്ഞുങ്ങള്‍ക്ക് 1.7 മില്ലിമീറ്റര്‍ തൂക്കമാണുണ്ടാവുക. ഒരു വര്‍ഷം കഴിയുമ്പോള്‍ ഒന്നരക്കിലോയിലധികം തൂക്കവും പൂര്‍ണ വളര്‍ച്ചയെത്തിക്കഴിയുമ്പോള്‍ 80 കിലോ തൂക്കവും ആറടിയോളം നീളവുമുണ്ടാകും.

To advertise here,

അഷ്ടമുടിക്കായലില്‍നിന്നാണ് ഇവയെ വിഴിഞ്ഞം സെന്ററിലെത്തിച്ചത്. 50 ഗ്രാം തൂക്കം മാത്രമുള്ള മീനുകളെയാണ് ഗവേഷണത്തിന്റെ ഭാഗമായി എത്തിച്ചിരുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി ഇവയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും പ്രത്യേകം നിരീക്ഷിച്ചിരുന്നു. ഏകദേശം മൂന്നു കിലോ തൂക്കമായതോടെ പ്രജനനത്തിനു സഹായിക്കുന്ന ഹോര്‍മോണുകള്‍ ഇവയില്‍ കുത്തിവെച്ചു. ക്രമേണ മുട്ടകളിടാന്‍ പ്രാപ്തമായവയെ വെവ്വേറെ മീന്‍കൂടുകളിലാക്കി. കഴിഞ്ഞ ജൂലായില്‍ ഇവ ലക്ഷക്കണക്കിനു മുട്ടകളിട്ടിരുന്നു.

മത്സ്യവിത്തുകളെ കര്‍ഷകര്‍ക്കു നല്‍കുന്നതിനു മുന്നോടിയായി അവ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ എങ്ങനെ ജീവിക്കുന്നുവെന്നു പരിശോധിക്കണം. തുടര്‍ന്നാവും വ്യാവസായികാടിസ്ഥാനത്തില്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാകുക. ഒരു വര്‍ഷത്തെ വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ മീന്‍കര്‍ഷകര്‍ക്ക് വിതരണംചെയ്യുമെന്ന് വിഴിഞ്ഞത്തെ സെന്റര്‍ മേധാവി ഡോ. ബി.സന്തോഷ് 'മാതൃഭൂമി'യോടു പറഞ്ഞു. സി.എം.എഫ്.ആര്‍.ഐ. മുന്‍ ഡയറക്ടര്‍ ഡോ. എ.ഗോപാലകൃഷ്ണന്‍, നിലവിലെ ഡയറക്ടറായ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ്, വിഴിഞ്ഞം മേഖലാ മേധാവി ഡോ. ബി.സന്തോഷ്, ശാസ്ത്രജ്ഞന്‍മാരായ അംബരീഷ് പി.ഗോപി, ഡോ. എം.ശക്തിവേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.