ഗോത്രവിഭാഗങ്ങളെ സാമൂഹികമായും സംസ്‍കാരികമായും സാമ്പത്തികമായും പുരോഗതി കൈവരിപ്പിക്കുക എന്ന് ഉദ്ദേശത്തോടുകൂടി നടപ്പിലാക്കിയ അമ്പൂരിയിലെ കൂട് മത്സ്യകൃഷി വിജയത്തിലേയ്ക്ക്. നെയ്യാർഡാം റിസർവോയറിൽ നടപ്പാക്കിയ മത്സ്യകൃഷി ഇപ്പോൾ വിളവെടുപ്പിലേക്ക് എത്തിയിരിക്കുകയാണ്.
റിസർവോയറുകളുടെ സമീപത്ത് അധിവസിക്കുന്ന ഗോത്ര വിഭാഗക്കാർക്ക് ജീവനോപാധി പ്രദാനം ചെയ്യുന്നതിനും, ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയായാണ് റിസർവോയറിലെ മത്സ്യക്കൂട്കൂട് പദ്ധതി ആരംഭിച്ചത്. ഗോത്രവിഭാഗത്തിലെ ജനങ്ങൾക്ക് സുരക്ഷിതമായ ഒരു ഉപജീവന മാർഗം, അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, ഈ ലക്ഷ്യങ്ങൾക്കൊപ്പം നെയ്യാറിലെ ടൂറിസം മേഖലയ്ക്ക് പുതുജീവൻ പകരുന്നതാണ് പദ്ധതി.
പദ്ധതിയുടെ തുടക്കത്തിൽ വനംവകുപ്പിന്റെ അനുമതിക്ക് തടസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തുടർചർച്ചകളിലൂടെ അവ പരിഹരിച്ചു. പദ്ധതിയിൽ നിന്നുള്ള ലാഭം പദ്ധതിയുടെ വിപുലീകരണത്തിനും ഗോത്രവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി ഉപയോഗിക്കാനാണ് നിലവിലെ തീരുമാനം.
മത്സ്യവകുപ്പിന് കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനം മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രദേശങ്ങൾ വന്യജീവി സംരക്ഷണ നിയപ്രകാരമുള്ള സംരക്ഷിത മേഖല ആയതിനാൽ വനം വകുപ്പിന്റെകൂടെ അനുമതിയോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
പദ്ധതി നിർവ്വഹണത്തിലെ ഓരോ ഘട്ടവും ആദ്യം ആരംഭിച്ച യൂണിറ്റ് എന്ന നിലയിൽ നെയ്യാറിൽ പരീക്ഷണ വിധേയമാക്കി വിജയിപ്പിച്ചതിന് ശേഷം ഇടുക്കി, പീച്ചി റിസർവ്വോയറുകളിലും നടപ്പിലാക്കി. അതുകൊണ്ടു തന്നെ പീച്ചിയിലും, ഇടുക്കിയിലും യാതൊരുവിധ പ്രതിബന്ധങ്ങളും കൂടാതെ പദ്ധതി നിർവ്വഹിക്കാൻ സാധിച്ചിട്ടുണ്ട്.
ഈ പദ്ധതിപ്രകാരം തിരഞ്ഞെടുത്ത 14 ഗുണഭോക്താക്കൾക്ക് കേജ് മാനേജന്റ്, കരിമീൻ, വരാൽ എന്നീ മത്സ്യങ്ങളുടെ പരിപാലനത്തെപ്പറ്റിയും പരിശീലനം നൽകി. 100 ഹൈ ഡെൻസിറ്റി പൊളി എത്തിലിൻ ഫ്ലോട്ടിങ് കേജുകൾ റീസർവോയറുകളിൽ പദ്ധതിപ്രകാരം സ്ഥാപിച്ചു. 'കൂലിപ്പണിക്കും തൊഴിലുറപ്പിനുമൊക്കെ പോയിക്കൊണ്ടിരുന്നവരായിരുന്നു. ഈ പ്രോജക്റ്റ് വന്നതോടുകൂടി 13 കുടുംബങ്ങൾക്ക് ഉപജീവനമാർഗമായി മാറി. ഇതുപോലെയുള്ള പ്രോജക്ടുകൾ ഇനിയും നടപ്പിലാക്കിയാൽ സെറ്റിൽമെന്റിൽ ദാരിദ്രരേഖയ്ക്ക് താഴെയുള്ള വേറെ വരുമാനമില്ലാത്തവർക്ക് ഉപജീവന മാർഗമാകു'മെന്ന് പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച ജിഷാ മോൾ പറയുന്നു.
നെയ്യാർ റീസർവോയറിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കരിമീൻ, വരാൽ എന്നീ മത്സ്യങ്ങൾ വളർത്താൻ തീരുമാനിക്കുന്നത്. ഒരു കിലോ കരിമീനിന് 450 രൂപയും ഒരു കിലോ വരാലിന് 350 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന വില.
Content Highlights: Successful cage fish farming project in Neyyar Dam reservoir provides livelihood to tribal community
Published: 05 May 2025, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented