ആലത്തൂർ : ഒന്നാംവിളയുടെ നെല്ലു സംഭരിക്കുകയോ പണം ലഭിക്കുകയോ ചെയ്തിട്ടില്ലെങ്കിലും വയലേലകളിൽ രണ്ടാംവിള നെൽക്കൃഷിക്ക് ഒരുക്കങ്ങളായി. കൊയ്ത്തുകഴിഞ്ഞ നെൽപ്പാടങ്ങളിൽ വരമ്പ് മാടലും ഞാറ്റടി തയ്യാറാക്കലും പുരോഗമിക്കുകയാണ്. രണ്ടാംവിള ജലസേചനം പൂർണമായും ഡാമിലെ വെള്ളത്തെ ആശ്രയിച്ചായതിനാൽ ജല-വിള കലണ്ടർ തയ്യാറാക്കി ഏകീകൃത രൂപത്തിൽ വിളയിറക്കണമെന്നാണ് കൃഷിവകുപ്പിന്റെ ഉപദേശം. മൂന്നുവർഷത്തെ വിളയനുഭവം വിലയിരുത്തുമ്പോൾ നവംബർ 15-നുശേഷം നടീൽ നടത്തിയ പാടങ്ങളിൽ ഇലപ്പേൻ, തണ്ടുതുരപ്പൻ, പുഴുക്കൾ, ബാക്ടീരിയൽ ഓലകരിച്ചിൽ എന്നിവയുടെ ആക്രമണം രൂക്ഷമാകുകയും വിള കുറയുകയുംചെയ്തിരുന്നു.

To advertise here,

നെൽപ്പൂക്കളിലെ വന്ധ്യത തടയാം

ഇടത്തരം മൂപ്പുള്ള ഉമപോലുള്ള ഇനങ്ങളിൽ വിളവ്കുറയുന്നതിനുള്ള പ്രധാനകാരണം പൂക്കുലകളുടെ ഉയർന്ന വന്ധ്യതാനിരക്കുമൂലം പതിര് കൂടിയതായിരുന്നു. നെല്ലിന്റെ പ്രത്യുത്പാദനകാലയളവിൽ പകലത്തെ താപനില 35 ഡിഗ്രി സെൽഷ്യസിലധികം ആകുമ്പോഴും രാത്രി താപനില 25 ഡിഗ്രി സെൽഷ്യസിൽ കൂടിയാലും പൂക്കളിൽ വന്ധ്യതാനിരക്ക് വർധിക്കും.

ഫെബ്രുവരി ആദ്യവാരംവരെ അന്തരീക്ഷ താപനില ഇത്രയും വർധിക്കില്ല. നെല്ലിന്റെ പ്രത്യുത്പാദനകാലം ഫെബ്രുവരി ആദ്യം അവസാനിക്കുന്നരീതിയിൽ നടീൽ ക്രമീകരിച്ചാൽ നെൽപ്പൂക്കളുടെ വന്ധ്യതാനിരക്ക് കുറയ്ക്കാനും മികച്ച വിളവ് ലഭ്യമാക്കാനും സാധിക്കും.

135 ദിവസം മൂപ്പുള്ള ഉമ ഇനത്തിന് 70 ദിവസം കായികവളർച്ചാ കാലവും, 35 ദിവസം പ്രത്യുത്പാദനകാലവും 30 ദിവസം കതിർ മൂപ്പെത്തി മടങ്ങാനുള്ള കാലവുമാണ്.

ഒക്ടോബർ 20-നകം ഞാറ്റടിക്കായി വിത്തിട്ടാൽ 70 ദിവസത്തെ കായികവളർച്ചാഘട്ടം കഴിഞ്ഞ് പ്രത്യുത്പാദനകാലം ആരംഭിക്കുന്നത് ഡിസംബർ 28-നും അതുകഴിഞ്ഞ് പാലുറയ്ക്കാൻ തുടങ്ങുന്നത് ജനുവരി 30-നും ആയിരിക്കും. 30 ദിവസം കതിരു മൂപ്പെത്തി മടങ്ങാനും ലഭിക്കും. ഫെബ്രുവരി 28-ഓടെ കൊയ്യാനുമാകും.

ഒന്നിച്ചുനിന്നാൽ വിളവ് കൂടും

വിള കലണ്ടർ അനുസരിച്ച് പാടശേഖരസമിതികളും വാട്ടർ യൂസേഴ്‌സ് അസോസിയേഷനും ഞാറ്റടി തയ്യാറാക്കുകയും നടീൽ പ്രവൃത്തികൾ ഏകോപിപ്പിച്ച് ഒരേസമയം കൃഷിയിറക്കുകയും ശാസ്ത്രീയമായി പരിപാലിക്കുകയുംചെയ്താൽ ഏക്കറിന് മൂന്ന് ടൺവരെ വിളവ് ലഭിക്കും. കൂട്ടായി കൃഷിയിറക്കിയാൽ ജലസേചനം ക്രമപ്പെടുത്താനും തൊഴിലാളികളെ സജ്ജരാക്കാനും ചെലവ് കുറയ്ക്കാനും കീടശല്യം പ്രതിരോധിക്കാനും കഴിയും. ജലസേചനവകുപ്പുമായി സഹകരിച്ചു ജലലഭ്യത ഉറപ്പാക്കാം.

വിള കലണ്ടർ

ഞാറ്റടി തയ്യാറാക്കൽഒക്ടോബർ 11-25
നടീൽനവംബർ 5-15
വളപ്രയോഗം, കള പറിക്കൽനവംബർ15-ഡിസംബർ 23
പ്രത്യുത്പാദനകാലം ആരംഭം (അടിക്കണ രൂപംകൊള്ളൽ)ഡിസംബർ 23-28
നെല്ലിൽ പാലുറയ്ക്കുന്ന കാലംജനുവരി 25-30
കൊയ്ത്ത് ആരംഭംഫെബ്രുവരി 24-28