തിരുവനന്തപുരം: കർഷകർക്ക് പെൻഷനും സാമ്പത്തികസഹായവുമൊക്കയായി കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കർഷകക്ഷേമബോർഡ് അഞ്ചുവർഷം പിന്നിട്ടിട്ടും കരപിടിച്ചില്ല. നിയമത്തിന്റെയും ചട്ടത്തിന്റെയുമൊക്കെ പിൻബലത്തോടെയാണ് ബോർഡ് രൂപവത്കരിച്ചതെങ്കിലും ആനുകൂല്യങ്ങളുടെ ഘടനയടക്കം നിശ്ചയിച്ച് സർക്കാരിന് നൽകിയ പദ്ധതി അംഗീകരിച്ച് നൽകിയില്ല.
ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വങ്ങൾ, സേവന-വേതന വ്യവസ്ഥകൾ തുടങ്ങിയവയെല്ലാം പദ്ധതി രേഖയിൽത്തന്നെ വിശ്രമിക്കുന്നതിനാൽ ബോർഡ് ഓഫീസ് പ്രവർത്തനവും സുഗമമല്ല.
കർഷകക്ഷേമ ബോർഡ് മറ്റു ക്ഷേമബോർഡുകൾക്ക് പാരയാകുമെന്നും സിപിഐ കൈകാര്യംചെയ്യുന്ന കൃഷി വകുപ്പിനുകീഴിൽ വരുന്ന ബോർഡിൽ സിപിഎമ്മിന് താത്‌പര്യമില്ലാത്തതുമൊക്കെയാണ് വൈകാൻ കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
കാർഷികവൃത്തികൊണ്ട് ഉപജീവനം കഴിക്കുന്ന കർഷകരുടെ ക്ഷേമവും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനുമൊക്കെയായിത്തുടങ്ങിയ ബോർഡിൽ 20 ലക്ഷം കർഷകരെ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതുവരെ രജിസ്റ്റർ ചെയ്തത് 12,000 പേർമാത്രം. ആദ്യംതന്നെ രജിസ്റ്റർ ചെയ്ത് അഞ്ചുവർഷം പൂർത്തിയായ 60 കഴിയുന്ന കർഷകർക്ക് 2026 ഡിസംബർ മുതൽ പെൻഷനും മറ്റാനുകൂല്യങ്ങളും നൽകണമെങ്കിലും ബോർഡ് പ്രവർത്തനം തുടങ്ങാത്തതിനാൽ ഇത് വെറും സ്വപ്നമാകും.
രജിസ്റ്റർചെയ്ത കർഷകരിൽനിന്നുള്ള ഫീസും അവർ അടയ്ക്കുന്ന അംശദായവും മാത്രമാണ് ബോർഡിന്റെ ഇപ്പോഴത്തെ വരുമാനം. ഇത് നിക്ഷേപമായി മാറ്റിയിട്ടുമുണ്ട്. 100 രൂപമുതൽ എത്രതുകവേണമെങ്കിലും കർഷകന് അംശദായമായി അടയ്ക്കാം. കർഷകർ അടയ്ക്കുന്ന തുകയുടെ തുല്യതുക പരമാവധി 250 രൂപവരെ സർക്കാരും നൽകുമെന്നാണ് വ്യവസ്ഥ. അംശദായത്തിന്റെ തോതനുസരിച്ച് 5000 രൂപവരെ കർഷക പെൻഷൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം.
2020 ഒക്ടോബർ 14-ന് പ്രവർത്തനംതുടങ്ങിയ ബോർഡിന്റെ പദ്ധതി അംഗീകാരത്തിനായി ബോർഡ് അംഗങ്ങൾ ധനമന്ത്രിയെയും മുഖ്യമന്ത്രിയെയും പലതവണകണ്ടു, കത്തുനൽകി. 2022-ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിന്റെ നിർദേശപ്രകാരം പദ്ധതിരേഖ പുതുക്കി സമർപ്പിച്ചു. ഒരുവർഷത്തോളം നടപടിയുണ്ടായില്ല.
ബോർഡ് വീണ്ടും മുഖ്യമന്ത്രിക്ക് 2023 ഓഗസ്റ്റ് രണ്ടിന് കത്തുനൽകി. സെപ്റ്റംബറിൽ കൃഷിമന്ത്രിയുമായി ചർച്ച നടത്തി. ഈവർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നൽകി. ഒടുവിൽ ഏപ്രിലിൽ തുടർനടപടിക്കായി ധനമന്ത്രിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. എന്നിട്ടും ഫയൽ ഇതുവരെ തുറന്നിട്ടില്ല.
Content Highlights: Kerala Farmers Welfare Board, launched with much fanfare, remains inactive even after five years
Published: 20 Sept 2025, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented