കൃഷിയുടെ വിജയത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് മണ്ണിന്റെ ആരോഗ്യം. എന്നാൽ കൃഷിയിടത്തിലെ മണ്ണിൽ ഏതൊക്കെ പോഷകങ്ങൾ കുറവാണെന്നും എത്ര അളവിൽ വളം നൽകണമെന്നും അറിയാൻ കർഷകർക്ക് ഇന്നും ലബോറട്ടറികളുടെ വാതിൽ മുട്ടേണ്ട അവസ്ഥയാണ്. സാമ്പിൾ ശേഖരിക്കൽ മുതൽ പരിശോധനാഫലം ലഭിക്കുന്നതുവരെയുള്ള ദിവസങ്ങളുടെ കാത്തിരിപ്പും അതിന്റെ ഭാഗമാണ്. ഈ വെല്ലുവിളികൾക്ക് പരിഹാരമാകുന്ന സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ ബയോട്ട പ്രിസിഷൻ അഗ്രികൾച്ചർ പ്രൈവറ്റ് ലിമിറ്റഡ്.
വനിതകളുടെ നേതൃത്വത്തിലുള്ള ഈ സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത 'ന്യൂട്രി' (NutRE) എന്ന പോർട്ടബിൾ ഉപകരണം മണ്ണിന്റെ പോഷകഗുണങ്ങൾ വെറും രണ്ട് മിനിറ്റിനുള്ളിൽ കർഷകരുടെ വിരൽത്തുമ്പിലെത്തിക്കും. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ഡോ. കവിതാ സന്തോഷിന്റെയും മകൻ അർജുൻ സന്തോഷിന്റെയും നേതൃത്വത്തിലാണ് 'ന്യൂട്രി' വികസിപ്പിച്ചത്. വെെശാഖ് രാജ് ആണ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ.
മനുഷ്യരുടെ ശരീരതാപനില അളക്കാൻ തെർമോമീറ്റർ ഉപയോഗിക്കുന്നതുപോലെ തന്നെ ലളിതമായി ഉപയോഗിക്കാവുന്ന ഉപകരണമാണ് 'ന്യൂട്രി'. കൈയിൽ കൊണ്ടുനടക്കാവുന്ന ഈ ഉപകരണം മണ്ണിൽ സ്ഥാപിച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ പരിശോധന പൂർത്തിയാകും. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം, കാൽസ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, കോപ്പർ, സിങ്ക് തുടങ്ങി സസ്യവളർച്ചയ്ക്ക് അനിവാര്യമായ ഒൻപത് പ്രധാന പോഷകങ്ങളുടെ അളവാണ് ഇത് കണ്ടെത്തുന്നത്. ഇതിന് പുറമെ മണ്ണിന്റെ പി.എച്ച്. മൂല്യം, ഈർപ്പം, ഇലക്ട്രിക്കൽ കണ്ടക്ടിവിറ്റി തുടങ്ങിയ വിവരങ്ങളും ഒരേസമയം ലഭ്യമാക്കും.
ഉപകരണത്തിൽ ലഭിക്കുന്ന വിവരങ്ങൾ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പരിശോധനാഫലം കർഷകർക്ക് തത്സമയം ഫോണിൽ ലഭിക്കും. സാമ്പിൾ ശേഖരിച്ച് ഉണക്കി ലബോറട്ടറിയിൽ എത്തിച്ച് ദിവസങ്ങൾ കാത്തിരുന്ന് ഫലം ലഭിക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി കൃഷിയിടത്തിൽവെച്ചുതന്നെ മണ്ണിന്റെ സ്ഥിതി മനസ്സിലാക്കി ഉടൻ തീരുമാനമെടുക്കാൻ കഴിയുന്നതാണ് 'ന്യൂട്രി'യുടെ ഏറ്റവും വലിയ പ്രത്യേകത.
പരിശോധനാഫലം നൽകുന്നതിൽ മാത്രമല്ല, അതിനെ അടിസ്ഥാനമാക്കി കർഷകന് എന്ത് ചെയ്യണമെന്ന നിർദേശവും 'ന്യൂട്രി' നൽകും. ഓരോ കൃഷിയിടത്തിന്റെയും വിളയുടെയും പ്രത്യേകത കണക്കിലെടുത്ത് എത്ര അളവിൽ ഏത് വളമാണ് ഉപയോഗിക്കേണ്ടത് എന്നതടക്കമുള്ള ശാസ്ത്രീയ ശുപാർശകൾ എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. അമിത വളപ്രയോഗം ഒഴിവാക്കി ചെലവ് കുറയ്ക്കാനും മണ്ണിന്റെ ദീർഘകാല ആരോഗ്യവും വിളവെടുപ്പിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് സ്റ്റാർട്ടപ്പിന്റെ പ്രതീക്ഷ.
250 ഗ്രാം മാത്രം ഭാരമുള്ള 'ന്യൂട്രി'ക്ക് കേരള കാർഷിക സർവകലാശാലയുടെ സാക്ഷ്യപത്രമുണ്ട്. 90 ശതമാനത്തിലധികം കൃത്യത ഉറപ്പുനൽകുന്ന ഉപകരണം 30,000 രൂപ വിലയിലാണ് വിപണിയിലെത്തുന്നത്. കേരളത്തിന് പുറത്തുനിന്നും ഇതിനകം ആവശ്യക്കാരെത്തിത്തുടങ്ങിയതായി കമ്പനി പറയുന്നു.
രാസവളങ്ങളുടെ അമിത ഉപയോഗവും വർധിച്ചുവരുന്ന ഉത്പാദനച്ചെലവും വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ കൃത്യതയാർന്ന കാർഷികരീതികളിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായാണ് ഈ സാങ്കേതികവിദ്യയെ വിലയിരുത്തുന്നത്. ആവശ്യമായ അളവിൽ മാത്രം വളം ഉപയോഗിക്കാനും ഓരോ കൃഷിയിടത്തിന്റെയും യഥാർഥ പോഷകാവശ്യകത മനസ്സിലാക്കി കൃഷി ചെയ്യാനും കഴിയുന്നത് കർഷകരുടെ വരുമാനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരുപോലെ ഗുണം ചെയ്യും.
'ഒരു എൻജിഒയിൽ ബയോടെക്‌നോളജിസ്റ്റായി ജോലി ചെയ്യുമ്പോൾ കർഷകരെ പതിവായി സന്ദർശിക്കുമായിരുന്നു. അപ്പോഴെല്ലാം സമയത്ത് മണ്ണ് പരിശോധനാഫലം ലഭിക്കാത്തതാണ് അവരുടെ ഏറ്റവും വലിയ ആശങ്കയെന്ന് മനസ്സിലായി. അതിന് ഒരു പരിഹാരം കണ്ടെത്തണമെന്ന ചിന്തയാണ് 'ന്യൂട്രി'യുടെ തുടക്കം. വീട്ടിലെത്തി ശാസ്ത്രജ്ഞനായ ഭർത്താവിനൊപ്പവും കുടുംബാംഗങ്ങളോടൊപ്പവും ആശയം ചർച്ച ചെയ്താണ് ഇത് വികസിപ്പിച്ചത്.
തെർമോമീറ്റർ പോലെ മണ്ണിൽ വെച്ചാൽ പോഷകങ്ങളുടെ അളവ് അറിയാൻ കഴിയുന്ന ഉപകരണമെന്ന ആശയം പിന്നീട് യാഥാർഥ്യമായി. പിന്നീട് കേരള കാർഷിക സർവകലാശാല നടത്തിയ പരീക്ഷണങ്ങളിൽ വിവിധ സെൻസറുകളുമായി താരതമ്യം ചെയ്തപ്പോൾ 'ന്യൂട്രി'യാണ് ഏറ്റവും മികച്ച കൃത്യത കാഴ്ചവെച്ചത്. അതോടെയാണ് സർവകലാശാലയുടെ അംഗീകാരവും സാക്ഷ്യപത്രവും ലഭിച്ചത്.", ഡോ. കവിതാ സന്തോഷ് പറയുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗ്ലോബൽ ഹഡിൽ വേദിയിലൂടെയാണ് 'ന്യൂട്രി' ആദ്യമായി അവതരിപ്പിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഉത്പന്ന വികസന ധനസഹായവും കേരള കാർഷിക സർവകലാശാലയുടെ പിന്തുണയും ലഭിച്ചതോടെയാണ് ഈ ആശയം ഉത്പന്നമായി മാറിയത്. കൃഷിയിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കർഷകർക്ക് ശാസ്ത്രീയമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഈ സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം.
വനിതാ സംരംഭകരുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഈ സാങ്കേതികവിദ്യ കേരളത്തിൽ നിന്നുള്ള അഗ്രിടെക് നവീകരണങ്ങളുടെ പുതിയ അധ്യായമായി മാറുമെന്ന പ്രതീക്ഷയിലാണ് ഇവർ. കർഷകരുടെ വിരൽത്തുമ്പിൽ മണ്ണിന്റെ ആരോഗ്യം എത്തിക്കുന്ന 'ന്യൂട്രി', കൃത്യതയാർന്ന കൃഷിയിലേക്ക് കേരളത്തെ കൂടുതൽ അടുപ്പിക്കുന്ന ഒരു സാങ്കേതിക മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Portable device provides soil nutrient analysis in just 2 minutes., Measures 9 key nutrients plus pH, moisture, and electrical conductivity., AI-integrated mobile app offers real-time fertilizer recommendations., Certified by Kerala Agricultural University with 90%+ accuracy., Reduces excessive fertilizer use and lowers production costs for farmers.
Published: 29 Jul 2026, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented