കേരളത്തിലെ പാരമ്പര്യ ചെറുധാന്യ സമ്പത്തിന്റെ ശാസ്ത്രീയ സംരക്ഷണത്തിനും ആദിവാസി സമൂഹങ്ങളുടെ സുസ്ഥിര വികസനത്തിനുമായി കണ്ണൂർ സർവ്വകലാശാല പുതിയ ഗവേഷണ പദ്ധതി ആരംഭിക്കുന്നു. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് ഫണ്ട് (KFDF) മുഖേന 25 ലക്ഷം രൂപയുടെ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കണ്ണൂർ സർവ്വകലാശാല പരിസ്ഥിതി പഠന വകുപ്പിന് ലഭിച്ച ഈ മൂന്ന് വർഷത്തെ ഗവേഷണ പദ്ധതിക്ക് വനം വകുപ്പ് ഔദ്യോഗികമായി അംഗീകാരം നൽകി.

To advertise here,

വനം വകുപ്പ് 2016 മുതൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ നടപ്പിലാക്കി വരുന്ന 'പുനർജീവനം' പദ്ധതിക്ക് ശാസ്ത്രീയ കരുത്തേകുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഇതുവരെ 34-ലധികം പാരമ്പര്യ റാഗി ഇനങ്ങളെ വംശനാശ ഭീഷണിയിൽ നിന്ന് വീണ്ടെടുത്തിട്ടുണ്ടെങ്കിലും, അവയുടെ ജനിതക പഠനമോ ശാസ്ത്രീയമായ രേഖപ്പെടുത്തലോ നടന്നിരുന്നില്ല. പുതിയ ഗവേഷണത്തിലൂടെ ഈ ഇനങ്ങളെ ശാസ്ത്രീയമായി തിരിച്ചറിയാനും അവയുടെ പോഷകഗുണങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിസ്ഥിതി പഠന വകുപ്പ് മേധാവി ഡോ. മനോജ് കെ. നേതൃത്വം നൽകുന്ന ഈ ഗവേഷണത്തിൽ അത്യാധുനിക ശാസ്ത്രീയ സാങ്കേതികവിദ്യകളാണ് ഉപയോഗപ്പെടുത്തുന്നത്. റാഗി ഇനങ്ങളുടെ ഡി.എൻ.എ. അടിസ്ഥാനമാക്കിയുള്ള ജനിതക പഠനങ്ങൾ, പോഷകഗുണ വിശകലനം, മണ്ണും കാലാവസ്ഥയും തമ്മിലുള്ള ബന്ധം എന്നിവ ഇതിന്റെ ഭാഗമായി പഠിക്കും. കൂടാതെ, ജി.പി.എസ്. സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷിയിടങ്ങളുടെ ഭൂപടം തയ്യാറാക്കുകയും കേരളത്തിലെ ഏറ്റവും വലിയ പാരമ്പര്യ മില്ലറ്റ് ഡിജിറ്റൽ ഡാറ്റാബേസ് സൃഷ്ടിക്കുകയും ചെയ്യും.

ഇടുക്കി ജില്ലയിലെ അഞ്ചുനാട് താഴ്വരയിൽ താമസിക്കുന്ന മുത്തുവൻ, ഹിൽ പുലയ വിഭാഗങ്ങളുടെ പാരമ്പര്യ അറിവുകൾ സംരക്ഷിക്കുക എന്നത് ഈ പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. തലമുറകളായി അവർ കാത്തുസൂക്ഷിച്ച റാഗി ഇനങ്ങളുടെ നാശം കേരളത്തിന്റെ കാർഷിക ജനിതക സമ്പത്തിനും ഭക്ഷ്യസുരക്ഷയ്ക്കും വലിയ ഭീഷണിയാണ്. വനം വകുപ്പിലെയും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും വിദഗ്ധർ ഈ ദൗത്യത്തിൽ സഹഗവേഷകരായി പങ്കുചേരുന്നുണ്ട്.

ഗവേഷണത്തിനപ്പുറം ആദിവാസി സമൂഹങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തിനും ഈ പദ്ധതി വഴിതുറക്കും. പാരമ്പര്യ റാഗി കൃഷിക്ക് ഓർഗാനിക് സർട്ടിഫിക്കേഷൻ നേടിക്കൊടുക്കുക, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക, ബ്രാൻഡിങ്, വിപണനം എന്നിവയിൽ ആദിവാസികൾക്ക് പരിശീലനം നൽകും. കമ്മ്യൂണിറ്റി സംരംഭങ്ങൾ വഴി ഇവ ദേശീയ-അന്തർദേശീയ വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കും.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള മില്ലറ്റുകളെ ലോകം ഇന്ന് ഫ്യൂച്ചർ ഫുഡ്സ് ആയിട്ടാണ് കാണുന്നത്. കണ്ണൂർ സർവ്വകലാശാലയുടെ ഈ ഗവേഷണം കേരളത്തിലെ തനത് റാഗി ഇനങ്ങളുടെ ശാസ്ത്രീയ മൂല്യം തെളിയിക്കുന്നതോടെ, ഭക്ഷ്യസുരക്ഷയിലും ജൈവവൈവിധ്യ സംരക്ഷണത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. കേരള വനം വകുപ്പും സർവ്വകലാശാലയും കൈകോർക്കുന്ന ഈ നീക്കം ദേശീയതലത്തിൽ തന്നെ മാതൃകാപരമായ ഒരു ശാസ്ത്രീയ സംരക്ഷണ രീതിയായി വിലയിരുത്തപ്പെടുന്നു.