കല്പറ്റ: ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയന്റെ പുതിയനിലപാട് കാപ്പിക്കർഷകർക്ക് വിനയാകുന്നു. വനനശീകരണം നടത്തിയിട്ടില്ലെന്ന് കർഷകർ സത്യവാങ്മൂലം നൽകണമെന്ന നിബന്ധനയാണ് കർഷകരെ പ്രതികൂലമായി ബാധിക്കുന്നത്.

To advertise here,

നിർദേശംപാലിച്ചില്ലെങ്കിൽ ഇന്ത്യയിൽനിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചേക്കും. രാജ്യത്തെ കാപ്പി പ്രധാനമായും കയറ്റുമതിചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. ആഗോളതലത്തിൽ കാലാവസ്ഥാവ്യതിയാനം വന്നതോടെ വനനശീകരണത്തിനെതിരേയുള്ള നയത്തിന്റെ ഭാഗമായാണ് യൂറോപ്യൻ യൂണിയൻ ‘ഡീ ഫോറസ്റ്റേഷൻ റെഗുലേഷൻ’ അഥവാ ഇയുഡിആർ നടപ്പാക്കുന്നത്.

നിയമം നടപ്പാക്കുന്നതിനുമുൻപ് കാപ്പിപോലുള്ള കാർഷികോത്പന്നങ്ങൾ കയറ്റുമതിചെയ്യുന്ന രാജ്യങ്ങൾക്ക് മുന്നൊരുക്കങ്ങൾ നടത്താൻ സമയമനുവദിച്ചിരുന്നു. ‘വനനശീകരണം വരുത്തിയല്ല ഞാൻ കൃഷിചെയ്തത്’ എന്ന് ഓരോ കർഷകനും സത്യവാങ്മൂലം നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, കാർഷികമേഖല ഈ വിഷയം ഗൗരവമായി എടുത്തില്ല. അതുകൊണ്ടുതന്നെ കൂടുതൽപ്പേർ ഈ സത്യവാങ്‌മൂലം നൽകിയിരുന്നില്ല.

2025 അവസാനത്തോടെ യൂറോപ്യൻ യൂണിയൻ ഇയുഡിആർ കർശനമാക്കുകയാണ്. വിവരങ്ങൾ ബോധിപ്പിക്കാത്ത രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ഡിസംബർ 31 മുതൽ നിർത്തും. ഇടുക്കി, വയനാട്, കർണാടകയിലെ കുടക് ജില്ലകളെയാണ് ഇത് സാരമായി ബാധിക്കുക.

ഈ സാഹചര്യത്തിൽ കർഷകർക്ക് തങ്ങളുടെ കൃഷിയിടം രജിസ്റ്റർചെയ്യാനും വൻതോതിൽ മരങ്ങൾ വെട്ടിമാറ്റിയിട്ടില്ലെന്ന്‌ ബോധിപ്പിക്കാനും ഇന്ത്യ കോഫി ആപ്പ് വഴി കോഫിബോർഡ് അവസരമൊരുക്കിയിരിക്കുകയാണ്. കർഷക രജിസ്ട്രേഷനായി ജില്ലയിൽ പ്രത്യേകയജ്ഞം നടത്തുമെന്ന് കോഫിബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. എം. കറുത്തമണി പറഞ്ഞു.

ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർചെയ്ത് വിവരങ്ങൾ ബോധിപ്പിച്ചാൽ യൂറോപ്യൻ യൂണിയന് അവർ നിഷ്കർഷിച്ച നിബന്ധനകൾ ഇന്ത്യ പാലിക്കുന്നുണ്ടെന്ന് തെളിയിക്കാൻ കഴിയും. അത് സാധ്യമാകാതെവന്നാൽ വരുംമാസങ്ങൾ കാപ്പിവിപണിയെ ബാധിക്കുകയും വില ഇടിയുകയും ചെയ്യും. മരത്തണലിൽ വളരുന്ന റോബസ്റ്റ കാപ്പിക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നല്ല ഡിമാൻഡുണ്ടായിരുന്നു. പുതിയ നിബന്ധന വരുന്നതോടെ ഡിമാൻഡ് കുറയുമോയെന്ന ആശങ്കയിലാണ് കാപ്പിക്കർഷകർ.

രജിസ്ട്രേഷൻ കാലാവധി നീട്ടണം

ജില്ലയിലെ കാപ്പിക്കർഷകർക്ക് ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർചെയ്യുന്നതിനുള്ള കാലാവധി ഡിസംബർ 31-ന് അവസാനിക്കും. ബഹുഭൂരിപക്ഷം കർഷകരും ഇതുവരെ ആപ്പിൽ രജിസ്റ്റർചെയ്തിട്ടില്ല. ഏകദേശം 60,000 കാപ്പിക്കർഷകരാണ് വയനാട്ടിലുള്ളത്. നാലുമാസത്തിനുള്ളിൽ ഇവർക്കെല്ലാം രജിസ്ട്രേഷൻ നടത്താൻ കഴിയുമോ എന്നകാര്യത്തിൽ സംശയമാണ്. കാപ്പിമാത്രമല്ല വനനശീകരണം നടത്തി കൃഷിചെയ്തുണ്ടാക്കിയ ഒരുത്‌പന്നവും വാങ്ങിക്കേണ്ടെന്നാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. ഇവിടത്തെ മുഖ്യകൃഷി കാപ്പിയായതുകൊണ്ടാണ് കാപ്പിക്കർഷകർക്ക് രജിസ്റ്റർചെയ്യേണ്ടി വരുന്നത്. https://play.google.com/store/apps/details?id=com.ict.coffee_board-ൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.

എല്ലാവരും രജിസ്റ്റർചെയ്യുന്നത് നേട്ടം

മറ്റുവിവരങ്ങളോടൊപ്പം തോട്ടങ്ങളുടെ ഗൂഗിൾഫോട്ടോ എടുത്തുവേണം ആപ്പിൽ രജിസ്റ്റർചെയ്യേണ്ടത്. കാപ്പിവാങ്ങിക്കുന്ന യൂറോപ്യൻരാജ്യങ്ങൾക്ക് ഇന്ത്യൻ കോഫി ആപ്പ് പരിശോധിച്ചാൽ തോട്ടങ്ങളിൽ വനനശീകരണം നടത്തിയിട്ടുണ്ടോ ഇല്ലയോ എന്നുവ്യക്തമാകും. തണൽമരങ്ങൾക്കിടയിൽ കൃഷിചെയ്യുന്ന ഇന്ത്യൻകാപ്പിക്കാണ് ബ്രസീൽ, വിയറ്റ്നാം കാപ്പിയെക്കാൾ യൂറോപ്യൻ രാജ്യങ്ങളിൽ ഡിമാൻഡ്‌. ഇതുസംബന്ധിച്ച് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ കർഷകർക്കിടയിൽ ബോധവത്കകരണം നടത്തിയിട്ടുണ്ട്. എല്ലാവരും രജിസ്റ്റർചെയ്യുന്നതോടെ അത് വയനാടൻ കാപ്പിക്ക് നേട്ടമാകും. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനൂപ് പാലുകുന്ന് പറഞ്ഞു.