കൊച്ചി: ഇന്ത്യയിൽനിന്നുള്ള കാപ്പി കയറ്റുമതി 2025-26 സാമ്പത്തിക വർഷം പുതിയ ഉയരത്തിലേക്ക്. ഈ സാമ്പത്തിക വർഷം കയറ്റുമതി 200 കോടി ഡോളർ (ഏകദേശം 18,145 കോടി രൂപ) കടക്കുമെന്ന് കോഫി ബോർഡ് വ്യക്തമാക്കുന്നു.
2024-25 സാമ്പത്തികവർഷത്തിൽ രാജ്യത്തെ കാപ്പി കയറ്റുമതി ഏകദേശം 16,330 കോടി രൂപയായിരുന്നു. 2026 ഫെബ്രുവരി തുടക്കം വരെയുള്ള കണക്കെടുത്താൽ കാപ്പി കയറ്റുമതി 15,604 കോടി രൂപ കടന്നിട്ടുണ്ട്. സാമ്പത്തികവർഷം പൂർത്തിയാകാൻ രണ്ടുമാസം ശേഷിക്കേ 200 കോടി ഡോളർ എന്ന കയറ്റുമതി ലക്ഷ്യം പിന്നിടാനാകുമെന്നാണ് ബോർഡ് കണക്കാക്കുന്നത്. 2026 ജനുവരി മുതൽ ഫെബ്രുവരി ഒൻപതുവരെയുള്ള കാലയളവിൽ മാത്രം 2,134.60 കോടി രൂപയുടെ കാപ്പി കയറ്റുമതി നടന്നു എന്നതും ശുഭസൂചന നൽകുന്നു.
അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ-യു.കെ. വ്യാപാര കരാർ ഇൻസ്റ്റന്റ് കോഫി ഉൾപ്പെടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾക്ക് വലിയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ ഇന്ത്യയുടെ കാപ്പി കയറ്റുമതിയുടെ 1.7 ശതമാനം വിഹിതം യു.കെ.യിലേക്കാണ്. മൂല്യവർധിത ഉത്പന്നങ്ങൾക്ക് തീരുവരഹിത പ്രവേശനം ലഭിക്കുന്നതോടെ ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ വിതരണക്കാരുമായി ഫലപ്രദമായി മത്സരിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാരെ സഹായിക്കും. രാജ്യത്തെ ആകെ കാപ്പി കയറ്റുമതിയുടെ ഏകദേശം 38 ശതമാനവും മൂല്യവർധിത ഉത്പന്നങ്ങളാണ്.
കയറ്റുമതി അളവിടിഞ്ഞു
2025-ൽ ഇന്ത്യയുടെ കാപ്പി കയറ്റുമതിയുടെ അളവിൽ 4.47 ശതമാനം ഇടിവുണ്ടായതായാണ് കോഫി ബോർഡിന്റെ കണക്ക്. 2024-ലെ 4.02 ലക്ഷം ടണ്ണിൽ നിന്ന് 3.84 ലക്ഷം ടണ്ണായാണ് കയറ്റുമതി ഇടിഞ്ഞത്. ഇതിൽ അറബിക്ക കയറ്റുമതിയുടെ അളവ് 2024-ലെ 44,315 ടണ്ണിൽ നിന്ന് 15,607 ടണ്ണായി ഇടിഞ്ഞു. റോബസ്റ്റ കാപ്പി 2.07 ലക്ഷം ടണ്ണിൽ നിന്ന് 1.80 ലക്ഷം ടണ്ണായും കുറഞ്ഞു. കാപ്പിയുടെ പ്രധാന ഉത്പാദക രാജ്യങ്ങളായ ബ്രസീൽ, വിയറ്റ്‌നാം എന്നിവിടങ്ങളിലെ പ്രതികൂല കാലാസവസ്ഥ മൂലം 2025-ൽ ആഗോള വിതരണശൃംഖലയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. ഇതോടെ കാപ്പിയുടെ വില കുതിച്ചുയർന്നു. ഇക്കാരണം കൊണ്ടാണ് ഇന്ത്യയുടെ കാപ്പി കയറ്റുമതിയുടെ അളവ് കുറഞ്ഞിട്ടും മൂല്യം വർധിച്ച് നിൽക്കുന്നത്.
ആഗോള കാപ്പി ഉത്പാദനത്തിൽ ഇന്ത്യ ഏഴാംസ്ഥാനത്താണ്. ഇന്ത്യയിലെ കാപ്പി വ്യവസായം പ്രധാനമായും കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തെ മൊത്തം കാപ്പി ഉത്പാദനത്തിന്റെ 96 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. 2025-26 സാമ്പത്തികവർഷത്തിൽ രാജ്യത്ത് 4.03 ലക്ഷം ടൺ (കാപ്പി പൂവിട്ടതിനുശേഷമുള്ള അനുമാന പ്രകാരം) കാപ്പി ഉത്പാദിപ്പിക്കുമെന്നാണ് കണക്ക്. കാപ്പി കയറ്റുമതിയിൽ ലോകത്ത് അഞ്ചാംസ്ഥാനമാണ് രാജ്യത്തിനുള്ളത്. ഇന്ത്യയുടെ കയറ്റുമതിയുടെ ഏറിയ പങ്കും (18.09 ശതമാനം) ഇറ്റലിയിലേക്കാണ്.
Content Highlights: India`s coffee exports projected to exceed $2 billion in FY 2025-26, driven by value-added products and new trade deals.
Published: 12 Feb 2026, 01:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented