അമ്പലവയൽ : കാലവർഷത്തിനുപിന്നാലെയെത്തിയ ന്യൂനമർദങ്ങൾ ജില്ലയിലെ കാപ്പിക്കർഷകരെ പ്രതിസന്ധിയിലാക്കി. ഡിസംബറിൽ വിളവെടുക്കേണ്ട കാപ്പിക്കുരു നേരത്തേ പഴുത്തു. പ്രതീക്ഷിച്ചതിലും നേരത്തേ വിളവെടുക്കേണ്ട സാഹചര്യംവന്നത് കർഷകരെ പ്രയാസത്തിലാക്കി.

To advertise here,

തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങിയെങ്കിലും ജില്ലയിൽ മഴയൊഴിഞ്ഞ ദിനങ്ങൾ കുറവായിരുന്നു. തുലാമഴ പെയ്യേണ്ട സമയത്ത് ന്യൂനമർദമുണ്ടായതോടെ ഒക്ടോബറിൽ മിക്കദിവസവും മഴപെയ്തു. പകൽ മുഴുവൻ മഴപെയ്തത് കാപ്പിക്കർഷകരെ പ്രതികൂലമായി ബാധിച്ചു. കാലാവസ്ഥ അനുകൂലമല്ലാതായതോടെ കാപ്പിക്കുരു പഴുക്കാൻ തുടങ്ങി.

ഞെട്ടുചീഞ്ഞ് കാപ്പിക്കുരു വീഴാൻ തുടങ്ങിയതോടെയാണ് വിളവെടുക്കാൻ കർഷകർ നിർബന്ധിതരായത്. അമ്പലവയൽ, മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നവംബർ ആദ്യവാരംതന്നെ വിളവെടുപ്പാരംഭിച്ചു.

ന്യൂനമർദത്തിൽ മുങ്ങി തുലാമഴ

തുലാമാസത്തിൽ ഉച്ചവരെ വെയിലും വൈകീട്ട്‌ മഴയുമുള്ള കാലാവസ്ഥ കാപ്പിക്കൃഷിക്ക് അനുകൂലമായിരുന്നു. എന്നാൽ, തുലാമഴ കൃത്യമായി ലഭിച്ചില്ല. അതിരാവിലെ മഞ്ഞുവീഴ്ച, പിന്നെ ഇടവിട്ടുള്ള മഴ, ഇടയ്ക്ക് കടുത്ത ചൂട്. ഈയവസ്ഥ മിക്ക കൃഷികളെയും ബാധിച്ചു.

നിർത്താതെ പെയ്യുന്ന മഴ കവുങ്ങുകളെ ബാധിച്ചു. മഞ്ഞളിപ്പുരോഗം കാരണം നശിക്കുന്ന കവുങ്ങു കൃഷിയിൽനിന്ന് കർഷകർക്ക് നാമമാത്രമായ വിളവാണ് ലഭിക്കുന്നത്. മഴയൊഴിയാത്തതിനാൽ അടയ്ക്ക പറിച്ചെടുക്കാൻ പറ്റുന്നില്ലെന്ന് കർഷകർ പറയുന്നു.

ഉണങ്ങിയാൽ തൂക്കംകുറവ്

കാപ്പിപ്പരിപ്പ് ശരിയായ വളർച്ചയെത്തുംമുൻപ് വിളവെടുക്കുന്നത് നഷ്ടമുണ്ടാക്കുമെന്ന് മൂപ്പൈനാട്ടെ കർഷകനായ കെ. പ്രമോദ് പറയുന്നു. അപ്രതീക്ഷിതമായി വെയിലും മഴയും മാറിമാറി വരുന്നതോടെ കാപ്പിക്കുരുവിന്റെ നിറം മാറുകയാണ്. ഒരു ചെടിയിൽത്തന്നെ പഴുത്തും ഉണങ്ങിയും പച്ചയ്ക്കും കായ്കൾ നിൽക്കുകയാണ്. ഇത് പലപ്പോഴായി പറിച്ചെടുക്കേണ്ട അവസ്ഥയാണ്. 124 കിലോ കാപ്പിക്കുരു ഉണക്കിയാൽ 54 കിലോ കിട്ടേണ്ടതാണ്. നിലവിൽ അത് 50 കിലോയായി കുറയും. മഴ എപ്പോൾ പെയ്യുമെന്ന് നിശ്ചയമില്ലാത്തതിനാൽ വിളവെടുത്ത കാപ്പി വെയിലിൽ ഉണക്കിയെടുക്കാനും പറ്റുന്നില്ല.