ഉപ്പുതറ: വിളവെടുപ്പ് തീർന്നതിന് തൊട്ടുപിന്നാലെ പെയ്ത വേനൽമഴ കാപ്പി കർഷകർക്ക് അനുഗ്രഹമായി. ഈ വർഷം ഉത്പാദനം കൂടാനാണ് സാധ്യത.

To advertise here,

കഴിഞ്ഞ വർഷം വിളവെടുപ്പ് നടക്കുമ്പോൾത്തന്നെ മഴ പെയ്തു. അത് കാപ്പിക്കർഷകർക്ക് വലിയ തിരിച്ചടിയായി. കാപ്പിക്കുരു പറിച്ചെടുക്കുംമുൻപേ അതേ ചെടികളിൽ പൂവിരിഞ്ഞു. അതിനാൽ കുരു പറിച്ചെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെ ചെയ്താൽ പൂ കൊഴിഞ്ഞു പോകുന്നതിനാൽ പാകമായ കുരു വിളവെടുക്കാൻ കഴിയാതിരുന്നു. പൂ പാകമായപ്പോഴേക്കും കാപ്പിക്കുരു പഴുത്ത് താഴെ വീണുപോയി. കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടായത്.

എന്നാൽ, ഈ വർഷം വിളവെടുപ്പ് തീർന്നതിന് ശേഷമാണ് മഴ പെയ്തത്. ചെടികൾ നല്ല രീതിയിൽ പൂത്തു. കായ് വന്നുതുടങ്ങിയിട്ടുണ്ട്. നല്ലൊരു മഴകൂടി കിട്ടിയാൽ പെട്ടെന്നുതന്നെ കായ് ഫലമുണ്ടാകും. ഈ വർഷം ന്യായമായ വിളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഈ വർഷം ഉത്പാദനം കുറഞ്ഞിട്ടും ഇപ്പോൾ കാപ്പിവില ഇടിയുകയാണ്. ഇപ്പോൾ കാപ്പിക്കുരുവിന് കിലോയ്ക്ക് 200-ൽ താഴെയാണ് വില. പുതിയ സീസണിൽ വില കൂടുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം ഉത്പാദനം കൂടിയാൽ കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയും.

സമ്മിശ്രകൃഷി നടത്തുന്ന ഹൈറേഞ്ചിലെ കർഷകരുടെ ചെറുതല്ലാത്ത വരുമാനമാർഗങ്ങളിൽ ഒന്നാണ് കാപ്പി. തോട്ടങ്ങളിൽ കാപ്പിച്ചെടികൾ പൂത്തുനിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒന്നുരണ്ട് മഴ കൂടി കർഷകർ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ കാലാവസ്ഥ അനുകൂലമായാൽ ഏലം ഉൾപ്പെടെയുള്ള മറ്റ് കൃഷികൾക്കും പ്രയോജനമാകും. നടുതല കൃഷിക്കും ഗുണം ചെയ്യും.