ന്യൂഡൽഹി: കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന അതീവ അപകടകാരിയായ പാരാക്വാറ്റ് (Paraquat) എന്ന കളനാശിനി രാജ്യത്തുടനീളം നിരോധിച്ച് കേന്ദ്രസർക്കാർ. നിരോധനം സംബന്ധിച്ച് കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയം ചൊവ്വാഴ്ച കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. നിരോധനം വരുന്നതോടെ ഈ രാസവസ്തുവിന്റെ ഇറക്കുമതി, ഉത്പാദനം, വില്പന, വിതരണം, ഉപയോഗം എന്നിവ ഇന്ത്യയിൽ നിയമവിരുദ്ധമാകും. ലോകത്തിലെ തന്നെ ഏറ്റവും മാരകമായ കളനാശിനികളിലൊന്നായാണ് പാരാക്വാറ്റ് കണക്കാക്കപ്പെടുന്നത്. ഇതിന് പ്രത്യേകമായ പ്രതിവിധി (Antidote) ലഭ്യമല്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

To advertise here,

വളരെ ചെറിയ അളവിൽ ശരീരത്തിനുള്ളിൽ എത്തിയാൽ പോലും ഇത് ശ്വാസകോശത്തെ ബാധിക്കുകയും ശ്വസനം തടസ്സപ്പെടുത്തുന്ന ഗുരുതരമായ അവസ്ഥയുണ്ടാക്കുകയും ചെയ്യും. കൂടാതെ വൃക്ക, കരൾ, ചർമ്മം, കണ്ണ് എന്നിവയ്ക്കും ഇത് വലിയ നാശമുണ്ടാക്കുന്നു. ചായ, പയർവർഗ്ഗങ്ങൾ, നെല്ല്, ഗോതമ്പ് തുടങ്ങി ഒമ്പത് വിളകൾക്ക് മാത്രമാണ് ഇന്ത്യയിൽ ഇതിന് അനുമതിയുണ്ടായിരുന്നതെങ്കിലും പലയിടങ്ങളിലും വിളവെടുപ്പിന് തൊട്ടുമുമ്പ് വിളകൾ ഉണക്കിയെടുക്കാൻ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. മുൻപ് കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ ആദ്യമായാണ് രാജ്യവ്യാപകമായ നിരോധനം വരുന്നത്.

വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ താല്പര്യമുള്ള കക്ഷികൾക്ക് തങ്ങളുടെ പരാതികളോ നിർദ്ദേശങ്ങളോ സമർപ്പിക്കാവുന്നതാണ്. നിരോധനം അന്തിമമായാൽ പാരക്വാറ്റ് കൈവശം വയ്ക്കാനും ഇറക്കുമതി ചെയ്യാനും മറ്റുമുള്ള നിലവിലുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കപ്പെടും. ഉത്പാദകരും വിതരണക്കാരും തങ്ങളുടെ പക്കലുള്ള സ്റ്റോക്കുകൾ തിരികെ നൽകാൻ മൂന്ന് മാസത്തെ സമയം ലഭിക്കും. നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടാകും.

യൂറോപ്യൻ യൂണിയൻ, ചൈന, സ്വിറ്റ്സർലൻഡ് ഉൾപ്പെടെ 70-ലധികം രാജ്യങ്ങളിൽ ഇതിനകം തന്നെ പാരാക്വാറ്റ് നിരോധിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട ഗ്ലൈഫോസേറ്റ് (Glyphosate) പോലുള്ള മറ്റ് അപകടകരമായ രാസവസ്തുക്കളും നിരോധനത്തിന്റെ നിഴലിലാണെന്നാണ് വിവരങ്ങൾ.