ഒരു വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികൾ സ്വന്തം വീട്ടിൽ തന്നെ ഉത്പാദിപ്പിക്കേണ്ടതിനെക്കുറിച്ചുള്ള ചർച്ചകൾ എല്ലാക്കാലവും സജീവമാണ്. എന്നാൽ കൃഷി ചെയ്യാൻ സ്ഥലമില്ലെങ്കിലോ? ഈ ചോദ്യത്തിനുത്തരമെന്നോണം മട്ടുപ്പാവ് കൃഷി തിരഞ്ഞെടുത്തവരും ഒട്ടേറെയാണ്. ടെറസിലേക്ക് വഴിമാറിയ പച്ചക്കറി കൃഷിക്ക് ഏറ്റവും ഉത്തമം ഗ്രോബാഗുകളാണ്. ഗ്രോബാഗിലെ പച്ചക്കറി കൃഷി അടുത്തറിയാം...
പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടതിങ്ങനെ
പോട്ടിങ് മിശ്രിതം നിറയ്ക്കുന്നതുമുതൽ ശ്രദ്ധിച്ചാൽ ഗ്രോബാഗിലെ പച്ചക്കറിക്കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള ചുവന്ന മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിൽ കലർത്തിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിന് പകരം ഉമികരിച്ചതായാൽ ഏറെ നന്ന്. മണ്ണിന്റെ പുളിരസം കളയാനായി 100 ഗ്രാം കുമ്മായംകൂടി ഓരോ ഗ്രോബോഗിലും ചേർക്കണം.
ഈ രീതിയിൽ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാൽ ഭാഗത്തോളം മാത്രമേ നിറയ്ക്കാവൂ. 40 സെന്റീമീറ്റർ നീളവും 24 സെന്റീമീറ്റർ വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറി കൃഷിക്ക് നല്ലത്. രോഗങ്ങളിൽനിന്ന് പ്രതിരോധിക്കാനായി ഓരോ ബാഗിലും 50 ഗ്രാം ട്രൈക്കോഡെർമ എന്ന മിത്രകുമിൾ ചേർക്കണം. ഇടയ്ക്ക് നനച്ച് കൊടുത്ത് ഇളക്കി തണലിൽ രണ്ടാഴ്ച വെക്കണം.
വിത്ത് നടുന്നതെങ്ങനെ
വിത്ത് ആറ് മണിക്കൂർ നേരം കുതിർത്തുവെച്ചതിന് ശേഷം നടണം. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തിൽ കലക്കിയ ലായനിയാണ് വിത്ത് മുക്കാൻ തയ്യാറാക്കേണ്ടത്. വിത്തിന്റെ വലുപ്പമാണ് വിത്താഴം. ഗ്രോബാഗിലണെങ്കിലും പച്ചക്കറി വിത്തുകൾ ആഴത്തിൽ നടരുത്. വിത്തിന് പകരം തൈയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രോട്രേയുടെ അടിവശം അമർത്തി തൈകൾ പുറത്തെടുത്ത് ഗ്രോബാഗിൽ ചെറിയ കുഴികൾ ഉണ്ടാക്കിയേ നടാവൂ. ആദ്യത്തെ രണ്ടാഴ്ച തണലിൽവെച്ച് രാവിലെയും വൈകുന്നേരവും നനയ്ക്കണം.
ഇടയകലം
ടെറസും സജ്ജമാക്കണം. ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഒരു കോട്ട് ടെറസിൽ അടിച്ചു ടെറസ് ഒരുക്കാം. ടെറസിൽ രണ്ട് വരി ഇഷ്ടിക നിരത്തി അതിനു മുകളിലായി ഗ്രോബാഗ് വെക്കണം. രണ്ട് വരികൾ തമ്മിലും രണ്ട് ബാഗുകൾ തമ്മിലും രണ്ടടി അകലം നൽകുന്നതാണ് ഇടയകലത്തിലെ നയം. കരിയിലകൊണ്ട് ഗ്രോബാഗിൽ പുത നൽകുന്നതും ചൂടിനെ പ്രതിരോധിക്കാൻ അത്യാവശ്യം.
ജൈവവളക്കൂട്ടുകൾ
മിക്ക പച്ചക്കറി വിളകളും മൂന്നും നാലും മാസം വിളദൈർഘ്യമുള്ളവയാണ് വളർച്ചയിലും വിളവിലും വിഘ്നമില്ലാതിരിക്കാൻ പത്തുദിവസത്തിലൊരിക്കൽ ജൈവവളക്കൂട്ടുകൾ നൽകണം. ഒരേ വളംതന്നെ ചേർക്കാതെ പലതരം വളം ചേർക്കാം. ജീവാണുവളങ്ങളായ പി.ജി.പി.ആർ. മിക്സ്-1, വാം, അസോള തുടങ്ങിയവ മാറിമാറി ചേർക്കുന്നത് വിളയുടെ വളർച്ചയും ആരോഗ്യവും മുമ്പോട്ട് നയിക്കും. കാന്താരി മുളക്-ഗോമൂത്ര മിശ്രിതം നേർപ്പിച്ച് ആഴ്ചയിലൊരിക്കൽ തളിക്കുന്നത് പച്ചക്കറികൃഷിയിലെ വില്ലന്മാരായ കീടങ്ങളെ അകറ്റാൻ സഹായിക്കും.
രോഗങ്ങളെ പ്രതിരോധിക്കാൻ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയാണ് ഉത്തമം. മിത്രകീടങ്ങളെ ആകർഷിക്കാനും സ്ഥിരമായി പച്ചക്കറിത്തോട്ടത്തിൽ നിലനിർത്താനും വിവിധ സ്വഭാവസവിശേഷതകളുള്ള ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികളെ കൂടി ഗ്രോബാഗ് കൃഷിയിൽ കൂടെ കൂട്ടാം.
Content Highlights: Learn how to grow vegetables in grow bags. A step-by-step guide
Published: 24 May 2025, 07:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented