കല്പറ്റ: കർഷകർക്കാശ്വാസമായി ഏറെക്കാലത്തെ മാന്ദ്യത്തിനുശേഷം മികച്ച വിലയിൽ കുരുമുളക്. വയനാട്ടിൽ കർഷകരിൽനിന്ന് കുരുമുളക് കിലോയ്ക്ക് 700 രൂപയ്ക്കും വയനാടൻ കുരുമുളക് 710 രൂപയ്ക്കുമാണ് ഇപ്പോൾ ശേഖരിക്കുന്നത്. കൊച്ചിയിൽ ഇതിൽനിന്ന് പത്തുരൂപ വരെ വില കൂടും.
ചില്ലറ വിപണിയിലും വില മെച്ചപ്പെട്ടു. ഗുണമേന്മയേറിയ ഏറ്റവും വിലയുള്ള വയനാടൻ ഗോൾഡ് കുരുമുളകിന് ചില്ലറ വിപണിയിൽ കിലോയ്ക്ക് 850 രൂപ വരെ വിലയുള്ളതായി കല്പറ്റയിലെ വ്യാപാരി വി.സി. ബ്രദേഴ്സ് ഇ.കെ. ഉമ്മർ പറഞ്ഞു. 720 മുതലാണ് ചില്ലറ വിപണിയിൽ കുരുമുളകിന്റെ വില.
വില കൂടാൻ കാരണങ്ങൾ ഇവ
അന്താരാഷ്ട്ര വിപണിയിൽ പ്രധാന കുരുമുളക് ഉത്പാദക രാജ്യങ്ങളിൽനിന്നുള്ള ഉത്പാദനം കുറഞ്ഞതാണ് കുരുമുളകിന് മെച്ചപ്പെട്ട വില ലഭിക്കാൻ കാരണം. ഏറെക്കാലം കിലോയ്ക്ക് 600-650 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് വിലയിൽ കുതിപ്പു തുടങ്ങിയിട്ട് കുറഞ്ഞ കാലമേയായുള്ളൂ. കർണാടകയിൽ 850 രൂപ വരെ കിലോയ്ക്ക് ലഭിക്കുന്നുണ്ട്. ശ്രീലങ്ക, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള കുരുമുളക് ഇറക്കുമതി കുറഞ്ഞതാണ് ആഭ്യന്തര കർഷകരെ തുണച്ചത്.
വയനാട്ടിൽ ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള ഉത്പാദനക്കുറവ് കർഷകർ നേരിടുന്നുണ്ട്. ഇതിനിടയിലും വിപണിയിൽ കുരുമുളക് എത്തിക്കാനായ കർഷകർക്ക് മികച്ച വിലയും ലഭിച്ചു. വയനാടിനു സമാനമായ വില തന്നെയാണ് വയനാടുമായി അതിർത്തി പങ്കിടുന്ന കർണാടക, തമിഴ്നാട് ഗ്രാമങ്ങളിലെ കർഷകർക്കും ലഭിക്കുന്നത്. ഇവർക്കും ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇക്കുറി നല്ല വില ലഭിച്ചു.
ഉത്തരേന്ത്യൻ വിപണികളാണ് രാജ്യത്ത് കുരുമുളക് വിലയെ നിയന്ത്രിക്കുന്നത്. ഇവർ എത്രത്തോളം ആഭ്യന്തര വിപണിയെ ആശ്രയിക്കുമെന്നത് പ്രധാനമാണ്. ശ്രീലങ്കയിൽ മേയ് മാസത്തോടെ കുരുമുളക് വിളവെടുപ്പ് തുടങ്ങും. അത് ഇന്ത്യൻ വിപണിയിലേക്ക് എത്തിയാൽ വില കുറയും. എന്നാൽ, അവയ്ക്ക് ഗുണമേന്മ കുറവായതിനാൽ ആഭ്യന്തര ഉത്പാദനത്തിൽ തന്നെയാണ് ഉത്തേരന്ത്യൻ വ്യാപാരികളും താത്പര്യപ്പെടുന്നത് എന്നാണ് സൂചന. അതിനാൽ മികച്ച വിലയിൽ തന്നെ പിടിച്ചുനിൽക്കാനാകുമെന്നാണ് വ്യാപാരികളും കർഷകരും പ്രതീക്ഷിക്കുന്നത്.
മഴയിൽ പ്രതീക്ഷ വെച്ച് കർഷകർ
വയനാട്ടിൽ പുല്പള്ളി ഉൾപ്പെടെയുള്ള പരമ്പരാഗത കുരുമുളക് കൃഷി മേഖലകളിൽ വരൾച്ച കാരണം ഏറെ കൃഷിനഷ്ടമുണ്ടായിട്ടുണ്ട്. എങ്കിലും കഴിഞ്ഞ മൺസൂണിൽ നല്ല മഴ ലഭിച്ചത് പിടിച്ചുനിന്ന കർഷകർക്ക് അനുഗ്രഹമായി. മെച്ചപ്പെട്ട വിലയും ഉറപ്പാക്കാനായി. ഇക്കുറി ശക്തമായ വേനൽമഴ കൂടിയുള്ളതിനാൽ വലിയ പ്രതീക്ഷയിലാണ് കർഷകർ. സാധാരണ വേനലിൽ കുരുമുളക് കൊടി ഉണങ്ങുന്ന പ്രശ്നമുണ്ടായിരുന്നു. ഇക്കുറി നല്ല മഴ ലഭിച്ചതോടെ ഈ അവസ്ഥയുണ്ടായില്ല.
ഇക്കുറി മേയ് മാസം അവസാനത്തോടെ തന്നെ കാലവർഷമെത്തുമെന്നും സാധാരണ തോതിൽ മഴയുള്ള കാലവർഷമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കുരുമുളക് തിരിയിടുന്ന കാലത്തും നല്ല മഴയുണ്ടായാൽ അതു ഗുണം ചെയ്യുമെന്നാണ് കർഷകരുടെ പ്രതീക്ഷ. നല്ല വിളവാണ് അടുത്തവർഷത്തേക്കും കർഷകർ പ്രതീക്ഷിക്കുന്നത്.
Content Highlights: wayanad-pepper-price-hike
Published: 24 Apr 2025, 03:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented